എടപ്പാൾ: ജനത്തിരക്കേറിയ ടൗണിലെ കൃഷിഭവനുമുന്നിൽ ദുർഗന്ധംപരത്തി ചത്തുകിടന്ന പൂച്ചയെ കുഴിച്ചിടാനായി നാട്ടുകാരുടെ നിരന്തര വിളി പഞ്ചായത്തോഫീസിലേക്ക്. കൂലിക്കാരെ വിളിച്ചപ്പോൾ ചോദിച്ചത് 1000 രൂപ പ്രതിഫലം. ഒന്നുംനോക്കാതെ തൂമ്പയുമെടുത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ വക ശവസംസ്‌കാരം. വട്ടംകുളം ടൗണിലാണ് തൂവെള്ള ഖാദിവസ്ത്രമണിഞ്ഞെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ചത്ത പൂച്ചയെ കുഴിച്ചിട്ട് ജനങ്ങളെ കൗതുകത്തിലാക്കിയത്. വട്ടംകുളം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കഴുങ്ങിൽ മജീദാണ് പ്രസിഡന്റ് കുപ്പായം അഴിച്ചുവെച്ച് ടൗണിൽ ചത്തുകിടന്ന പൂച്ചയെ ആരുടെയും സഹായംതേടാതെ ഒറ്റയ്ക്ക് കുഴിച്ചുമൂടിയത്. തിങ്കളാഴ്ചയാണ് വട്ടംകുളം ടൗണിലുള്ള കൃഷിഭവനു മുന്നിൽ ആരോ ചത്ത പൂച്ചയെ കൊണ്ടിട്ടത്. പഞ്ചായത്ത് പ്രസിഡന്റിന് ഇതിനെ കുഴിച്ചിടണമെന്നാവശ്യപ്പെട്ടുള്ള ഫോൺ വിളികളുടെ തിരക്ക്. അന്വേഷിച്ചപ്പോൾ അടുത്തുള്ള ചില തൊഴിലാളികളുടെ നമ്പർ കിട്ടി. അവരോട് വിളിച്ചുപറഞ്ഞു. പൂച്ചയെ മറവുചെയ്യാൻ അവർ തയ്യാറാണെങ്കിലും പ്രതിഫലം കേട്ടപ്പോൾ പ്രസിഡന്റും ജീവനക്കാരും ഞെട്ടി; 1000 രൂപ. പത്തുമിനിറ്റ് ജോലിക്കുള്ള തുക കേട്ടതോടെ പ്രസിഡന്റ് ഒന്നും ആലോചിക്കാതെ പറഞ്ഞു; ശരി, വേണ്ട. അത്യാവശ്യമുള്ള കുറച്ചു ജോലികൾകൂടി തീർത്തശേഷം അദ്ദേഹം ബൈക്കുമെടുത്ത് വട്ടംകുളം അങ്ങാടിയിലെത്തി. കൃഷിഭവനിൽതന്നെയുണ്ടായിരുന്ന തൂമ്പയെടുത്ത് റോഡിലേക്കിറങ്ങി. വെള്ള ഖദർമുണ്ടും ഷർട്ടുമിട്ട ഒരാൾ തൂമ്പയുമായി റോഡരികിൽ കിളയ്ക്കുന്നതും പൂച്ചയെ എടുത്ത് മറവുചെയ്യുന്നതും കണ്ടതോടെ ആളുകളും കൂടി. നോക്കുമ്പോഴാണ് പ്രസിഡന്റാണെന്നു വ്യക്തമായത്. ചിലർ ഇത് മൊബൈൽഫോണിൽ പകർത്തി സമൂഹമാധ്യമത്തിലിട്ടപ്പോഴാണ് വിവരം പുറത്തറിഞ്ഞത്.
from mathrubhumi.latestnews.rssfeed https://ift.tt/3bRa9Km
via IFTTT
0 അഭിപ്രായങ്ങള്‍