മലപ്പുറം: മറ്റു ജില്ലകളിലേതു പോലെയല്ല; മലപ്പുറത്ത് ഇടതുപാളയത്തിൽ സീറ്റിനായി കടിപിടിയോ കടുംപിടിത്തമോ ഇല്ല. മണ്ഡലം വെച്ചുമാറുന്നതിൽ ഘടകകക്ഷികൾ വിട്ടുവീഴ്ചയ്ക്ക് തയ്യാർ. സീറ്റ് കൊടുക്കാൻ പാർട്ടി നേതാക്കൾക്കും മടിയില്ല. എന്നിട്ടും മിക്ക സീറ്റുകളിലും സ്ഥാനാർഥികളെ ഇറക്കാൻ പെടാപ്പാടുതന്നെ. പാർട്ടിക്കാർക്കുപോലും സീറ്റിനോട് വിരക്തി. ഐക്യമുന്നണിയുടെ, പ്രത്യേകിച്ച് മുസ്ലിംലീഗിന്റെ ആധിപത്യമാണ് ഈ പിന്നാക്കംപോക്കിനു കാരണം. അതുകൊണ്ട് പതിവു തന്ത്രംതന്നെയാണ് ഇടതുമുന്നണി ഇക്കുറിയും പയറ്റുന്നത്; പൊതുസമ്മതരെ സ്വതന്ത്രരായി കളത്തിലിറക്കൽ. മുന്നണി മാറിവരുന്ന വിമതരാണെങ്കിൽ അത്രയും നല്ലത്. ഇടത് വോട്ടുകൊണ്ടുമാത്രം കരകയറുക എളുപ്പമല്ല. ലീഗ്, കോൺഗ്രസ് വോട്ടുകളിൽ വിള്ളലുണ്ടാക്കിയാലേ രക്ഷയുള്ളൂ. പലയിടത്തും പൊതുസ്വതന്ത്രരെ രംഗത്തിറക്കാൻ സി.പി.എം. ജില്ലാനേതൃത്വം തീരുമാനിച്ചിട്ടുണ്ട്. ആ നിലയ്ക്കുള്ള ചർച്ച തുടരുകയാണ്. നിയമസഭയിലേക്കു മാത്രമല്ല, തദ്ദേശം മുതൽ ലോക്സഭ വരെയുള്ള തിരഞ്ഞെടുപ്പുകളിലെല്ലാം സ്വതന്ത്ര പരീക്ഷണം നടന്നതാണ്. പലപ്പോഴും ശക്തമായ മത്സരം കാഴ്ചവെക്കാനുമായി. ചിലപ്പോൾ ജയിച്ചും കയറി. ടി.കെ. ഹംസ, മഞ്ഞളാംകുഴി അലി, കെ.ടി. ജലീൽ, വി. അബ്ദുറഹിമാൻ, പി.വി. അൻവർ എന്നിവർ അങ്ങനെ ചെങ്കൊടി ഉയർത്തിയവരാണ്. പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ഡോ. ഹുസൈൻ രണ്ടത്താണിയെ ഇറക്കിയും മത്സരം കൊഴുപ്പിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/308hu2E
via IFTTT
0 അഭിപ്രായങ്ങള്‍