തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെപേരിലുള്ള കേസ് മുന്നോട്ടുനീങ്ങുന്നതിനുപിന്നിൽ രാഷ്ട്രീയ തീരുമാനം. ഒരു കേന്ദ്രഏജൻസിയുടെപേരിൽ കേസെടുക്കുന്നതിൽ പോലീസ് മേധാവി ഉൾപ്പെടെയുള്ളവരിൽനിന്ന് ആദ്യഘട്ടത്തിൽ വിയോജിപ്പുകൾ ഉയർന്നെങ്കിലും രാഷ്ട്രീയതീരുമാനത്തിന്റെ അടിസ്ഥാനത്തിൽ കേസുമായി മുന്നോട്ടുപോവുകയായിരുന്നു. ക്രൈംബ്രാഞ്ചിന് വനിതാ പോലീസ് ഉദ്യോഗസ്ഥർ നൽകിയ മൊഴിയെത്തുടർന്ന് കേസെടുക്കാനാവുമെന്ന് നിയമോപദേശം ലഭിച്ചു. എന്നിട്ടും ദിവസങ്ങൾക്കുശേഷമാണ് ഇ.ഡി.യുടെപേരിൽ കേസെടുത്തത്. ഇതും പോലീസ് തലപ്പത്തെ വിയോജിപ്പുകളുടെ ഭാഗമാണെന്നാണ് വിലയിരുത്തൽ. സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്നയെ നിർബന്ധിച്ച് മുഖ്യമന്ത്രിയുടെ പേരുപറയിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ ശ്രമിച്ചെന്ന മൊഴിയാണ് കേസിനാധാരം. മുഖ്യമന്ത്രിക്കെതിരേയും മന്ത്രിമാർക്കെതിരേയും ഇല്ലാത്ത മൊഴിയുണ്ടാക്കാൻ കേന്ദ്രഏജൻസി ശ്രമിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നായിരുന്നു നിയമോപദേശം. എന്നാൽ, ഏജൻസിക്കെതിരേ കേസെടുക്കാനാവില്ലെന്നും കേസെടുത്താലുണ്ടായേക്കാവുന്ന നൂലാമാലകളും പോലീസിനെ പിന്നോട്ടടിച്ചു. കേസെടുക്കണമെന്നത് സർക്കാർ തീരുമാനമായി വന്നതോടെ പോലീസ് മേധാവി വഴങ്ങുകയായിരുന്നു. ഇതിനിടെയാണ് പോലീസ് മേധാവിയുടെ ഓഫീസിൽനിന്ന് ഫയൽ ക്രൈംബ്രാഞ്ചിൽ എത്തിയതും കേസെടുക്കൽ നടപടികളുമായി മുന്നോട്ടുപോയതും. ഇ.ഡി. ആസ്ഥാനത്തെ ഉന്നത ഉദ്യോഗസ്ഥൻ സംസ്ഥാന പോലീസ് മേധാവിയെ ബന്ധപ്പെട്ട് കാര്യങ്ങൾ വിശദമായി ചർച്ചചെയ്തതായും വിവരമുണ്ട്. രണ്ട് പോലീസുദ്യോഗസ്ഥർ നൽകിയ മൊഴിയിലും സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷയിലും ഒരു ഇ.ഡി. ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറയുന്നുണ്ട്. എന്നാൽ, ക്രൈംബ്രാഞ്ച് രജിസ്റ്റർചെയ്ത കേസുകളിൽ ഏതെങ്കിലും ഉദ്യോഗസ്ഥന്റെ പേര് പറയുന്നില്ല. ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ഉപയോഗിച്ചാണ് കേസ്. സന്ദീപ് കോടതിയിൽ നൽകിയ അപേക്ഷ പുറത്തുവന്നതിനുപിന്നാലെയാണ് രണ്ടാമത്തെ കേസ്. ആലപ്പുഴയിലെ അഭിഭാഷകൻ പോലീസ് മേധാവിക്ക് പരാതി നൽകുകയും തുടർന്ന് പരാതിക്കാരന്റെ മൊഴിയെടുത്തശേഷം ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റർചെയ്യുകയുമായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/3u3lluW
via IFTTT
0 അഭിപ്രായങ്ങള്‍