കോഴിക്കോട്: സംസ്ഥാനത്ത് നടക്കുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ഇടത് വലത് മുന്നണികൾ പരസ്പരം ബിജെപി ബന്ധം ആരോപിക്കുന്നത് സാധാരണമാണ്. എന്നാൽ കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നില്ല ആരോപണങ്ങൾ. ഇതിനിടെ കഴിഞ്ഞ ദിവസം സുരേഷ് ഗോപി നടത്തിയ ഒരു പ്രസ്താവന ഇടതുപക്ഷത്തിന് പ്രതിപക്ഷത്തിനെതിരേയും ബിജെപിക്കെതിരെയും ഉപയോഗിക്കാനുള്ള ആയുധമായി കിട്ടിയിരിക്കുകയാണ്. നാമനിർദേശ പത്രിക തള്ളിയത് കാരണം ബിജെപിക്ക് സ്ഥാനാർഥികളില്ലാത്ത ഗുരുവായൂരിലും തലശ്ശേരിയിലും യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യണമെന്നുള്ള സുരേഷ് ഗോപിയുടെ പരോക്ഷ പ്രസ്താവനയാണ് ഇപ്പോൾ ചർച്ചയാകുന്നത്. തലശ്ശേരിയിൽ എൽഡിഎഫ് സ്ഥാനാർഥി എ.എൻ.ഷംസീർ ഒരു കാരവശാലും ജയിക്കരുതെന്നും ഗുരുവായൂരിൽ കെ.എൻ.എ ഖാദർ ജയിക്കണമെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഈ രണ്ടിടത്തും ബിജെപി സ്ഥാനാർഥികളുടെ പത്രിക തള്ളിയത് യാദൃശ്ചികമാണെന്ന് പറയാനാവില്ലെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെ പ്രസ്താവന. ഗുരുവായൂരിലെ യുഡിഎഫ് സ്ഥാനാർഥി കെ.എൻ.എ.ഖാദർ ബിജെപി പ്രീണനം നടത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കോലീബി സഖ്യത്തിന് വ്യക്തമായ തെളിവ് പുറത്തുവന്നുവെന്നാണ് സുരേഷ് ഗോപിയുടെ പ്രസ്താവനക്ക് പിന്നാലെ ഇടത് നേതാക്കൾ പ്രതികരിച്ചിരിക്കുന്നത്. സാമൂഹിക മാധ്യമങ്ങളിൽ ഇടത് അനുകൂല പേജുകൾ സുരേഷ് ഗോപിയുടെ പ്രസ്താവന വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി നിർണായക ശക്തിയാണ്. കണ്ണൂർ ജില്ലയിൽ കഴിഞ്ഞ തവണ ബിജെപിക്ക് ഏറ്റവും കൂടുതൽ വോട്ടുകൾ ലഭിച്ച മണ്ഡലമാണ് തലശ്ശേരി. പത്രിക തള്ളിയ സാഹചര്യത്തിൽ ഏതെങ്കിലും സ്വതന്ത്രരെ പിന്തുണയ്ക്കണമെന്ന കാര്യത്തിൽ തലശ്ശേരിയിൽ ബിജെപിക്ക് ഇതുവരെ ധാരണയുണ്ടാക്കാനായിട്ടില്ല. ഈ സാഹചര്യത്തിൽ കൂടിയാണ് എ.എൻ.ഷംസീർ തോൽക്കണമെന്ന് ബിജെപിയുടെ പ്രമുഖ നേതാവ് പരസ്യമായി പറയുന്നത്. 2016-ൽ 34117 വോട്ടിനാണ് ഷംസീർ ജയിച്ചത്. ബിജെപിക്ക് അന്ന് 22125 വോട്ടുകൾ തലശ്ശേരിയിൽ ലഭിച്ചിരുന്നു. എം.പി.അരവിന്ദാക്ഷനാണ് ഇത്തവണ യുഡിഎഫ് സ്ഥാനാർഥി. ഗുരുവായൂരിലാകട്ടെ സിപിഎമ്മിന്റെ കെ.വി.അബ്ദുൾ ഖാദർ 15098 വോട്ടിനാണ് 2016-ൽ ജയിച്ചത്. നിവേദിത അന്ന് 25490 വോട്ടുകൾ നേടിയിരുന്നു. ഇത്തവണയും മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷകൂടിയായ നിവേദിതയെ തന്നെയാണ് ബിജെപി സ്ഥനാർഥിയാക്കിരുന്നത്. എന്നാൽ പാർട്ടി സംസ്ഥാന അധ്യക്ഷന്റെ ഒപ്പില്ലാത്തതിന്റെ പേരിൽ പത്രിക തള്ളുകയായിരുന്നു. ഇവിടെ എൻ.കെ.അക്ബറാണ് എൽഡിഎഫ് സ്ഥാനാർഥി. രണ്ട് നിർണായക മണ്ഡലങ്ങളിൽ സ്ഥാനാർഥികളില്ലാതായതിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന ബിജെപി സംസ്ഥാന നേതൃത്വം സുരേഷ് ഗോപി നടത്തിയ പ്രസ്താവനയോടെ കൂടുതൽ വെട്ടിലായി. സുരേഷ് ഗോപിയുടെ വ്യക്തിപരമായ നിലപാടാണ് എന്നാണ് സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ഇതിനോട് പ്രതികരിച്ചത്. തലശ്ശേരിയിൽ തങ്ങൾക്ക് സ്ഥാനാർഥിയുണ്ടാകുമെന്നും സുരേന്ദ്രൻ പറയുകയുണ്ടായി.
from mathrubhumi.latestnews.rssfeed https://ift.tt/3ctkCNI
via IFTTT
0 അഭിപ്രായങ്ങള്‍