രണ്ട് തവണ മത്സരിച്ചവര്‍ മാറും; പുതുമുഖങ്ങള്‍ വരും-എ. വിജയരാഘവന്‍

തിരുവനന്തപുരം: രണ്ട് തവണ മത്സരിച്ചവർ മാറി പുതുമുഖങ്ങൾ വരുമെന്നും അത് പാർട്ടി നയമാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം. വിജയരാഘവൻ. മാതൃഭൂമി ഡോട്ട് കോമിന് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മൃദുഹിന്ദുത്വ നിലപാടുകൾ സ്വീകരിക്കുന്ന കോൺഗ്രസ് മതമൗലികവാദ ശക്തികളോട് കൂട്ടുകൂടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരുഭാഗത്ത് ബിജെപി, മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമി. ഇങ്ങനെയാണ് കൂട്ടുകെട്ടുണ്ടാക്കുന്നത്. അത്തരം കൂട്ടുകെട്ടുകൾക്ക് കോൺഗ്രസ് നേതൃത്വം നൽകിയെന്നും അദ്ദേഹം വിമർശിച്ചു. അഭിമുഖത്തിന്റെ പൂർണ രൂപം വായിക്കാം ഇടത് സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന പ്രചാരണം വ്യാപകമായി പാർട്ടിയുടെയും മുന്നണിയുടെയും ഭാഗത്തുനിന്നുണ്ടാകുന്നുണ്ട്. സർക്കാരിന് ഭരണ തുടർച്ച ഉണ്ടാകുമെന്ന് കരുതുന്നുണ്ടോ? കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവൺമെന്റ് ഏറ്റവും മികച്ച ഭരണമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും താത്പര്യത്തെ മുൻനിർത്തി പ്രവർത്തിക്കാനായി എന്നതാണ് ഗവൺമെന്റിന്റെ പ്രത്യേകത. നേരത്തെ നമ്മുടെ സംസ്ഥാനത്തിന്റെ സവിശേഷതയായി ചൂണ്ടിക്കാട്ടിയിരിക്കുന്ന ആരോഗ്യ- വിദ്യാഭ്യാസ രംഗത്തെ നവീന സാങ്കേതിക തികവിന്റെ കാലത്തിന് അനുസൃതമായ രൂപത്തിൽ പുനർനിർണയിക്കാനായി. കാർഷിക- വ്യാവസായിക മേഖലകളിൽ കൂടുതൽ ഉണർവുണ്ടായി. അടിസ്ഥാന സൗകര്യമേഖലയുടെ വിപുലീകരണത്തിലുണ്ടാകുന്ന കുറവാണ് കേരളത്തിന്റെ ഏറ്റവും വലിയ പരിമിതി. ആ കുറവ് നികത്താനുള്ള ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നമുക്ക് നടത്താനായി. ലക്ഷക്കണക്കിന് കോടിരൂപയുടെ മൂലധന നിക്ഷേപം കേരളത്തിലുണ്ടായി. ഇന്ന് ജീവിക്കുന്ന മലയാളിക്ക് മാത്രമല്ല അടുത്ത തലമുറയ്ക്കും അതിന്റെ അടുത്ത തലമുറയ്ക്കുമായിട്ടുള്ള നിക്ഷേപങ്ങളാണ് നമ്മൾ കേരളത്തിൽ നടത്തിയിരിക്കുന്നത്. അപ്പോൾ നാനാ മേഖലയിലുമുള്ള കേരളത്തിന്റെ മുന്നേറ്റം നന്നായിട്ട് സാധിച്ച ഒരു ഭരണമാണ് ഇവിടെയുള്ളത്. മതനിരപേക്ഷത, മത സൗഹാർദ്ദം അതേറ്റവും കൂടുതൽ ഉയർത്തിപ്പിടിച്ചതും കേരളത്തിലാണ്. സമാധാനപരമായ ഒരു കാലം. ആ നിലയിലെല്ലാം വളരെ സ്വീകാര്യതയുള്ള ഗവൺമെന്റാണ് കേരളത്തിലേത്. സ്വാഭാവികമായും ആ ഗവൺമെന്റ്ിന് ജനങ്ങൾ പിന്തുണ നൽകും. ഏതാനും മാസങ്ങൾക്ക് മുമ്പ് നടന്ന തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ അത് കൂടുതൽ വ്യക്തമായി കണ്ടതുമാണ്. പാർട്ടി നയങ്ങൾ പ്രകാരം നോക്കിയാൽ പിണറായി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു? പാർട്ടിയാണ് ഈ ഗവൺമെന്റിന്റെ ജനകീയ പ്രവർത്തനത്തിന്റെ ഏറ്റവും വലിയ ഊർജ സ്രോതസ്. പാർട്ടി നേതാക്കൾ തന്നെയാണ് ഗവൺമെന്റിൽ പ്രവർത്തിക്കുന്നതിൽ നല്ലൊരളവ് ആളുകളും. സ്വാഭാവികമായും പാർട്ടിയും ഗവൺമെന്റും തമ്മിലുള്ള ബന്ധം ആ നിലയിൽ രൂപപ്പെട്ട് വരുന്നതാണ്. അല്ലാതെ ദൈനംദിനം നേതൃത്വം കൊടുക്കുന്നവരല്ല. നേരേമറിച്ച് പാർട്ടിയിലും ഗവൺമെന്റിലും സിപിഎമ്മിന്റെ നേതൃത്വനിരയുണ്ട്. അതുകൊണ്ട് ഒരു പ്രയാസവും ആ നിലയിൽ നമുക്കില്ല. നല്ല ഏകോപനമാണ് ഗവൺമെന്റിൽ പ്രവർത്തിക്കുന്ന സഖാക്കൾ നിർവഹിച്ചത്. തിരഞ്ഞെടുപ്പ് അടുത്തുവരികയാണ്. കൂടുതൽ പുതുമുഖങ്ങളായിരിക്കും സിപിഎമ്മിലും മുന്നണിയിലും ഉണ്ടാവുകയെന്ന് വാർത്തകളുണ്ടല്ലോ? സീറ്റ് ചർച്ചകൾ തുടങ്ങാനിരിക്കുന്നതേയുള്ളു. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ തൊട്ടുമുമ്പ് മാത്രമാണ് അത്തരം ചർച്ചകൾ നടക്കുക. ആ ചർച്ചകളിലേക്ക് എൽഡിഎഫ് നീങ്ങാൻ പോവുകയാണ്. സ്ഥാനാർഥി നിർണയം ഒരോ പാർട്ടികൾ നിർവഹിക്കുന്ന ഒന്നാണ്. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം പാർട്ടിക്ക് ഒരു നിലപാടുണ്ട്. തുടർച്ചയായി മത്സരിക്കുക എന്ന നിലപാട് സിപിഎമ്മിലില്ല. ഞങ്ങളും കോൺഗ്രസും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസം അതാണ്. യുഡിഎഫിൽ ഒരാൾ ജയിച്ചാൽ പിന്നെ രണ്ട് കാര്യങ്ങൾ നടക്കണം. ഒന്നുകിൽ അയാൾ മരിക്കണം, അല്ലെങ്കിൽ അയാൾ തോൽക്കണം. അതുവരെ അയാളുടെ സ്വന്തം പ്രൈവറ്റ് പ്രോപ്പർട്ടി പോലാണ് ഒരു നിയോജക മണ്ഡലം. നിയോജക മണ്ഡലം സ്വകാര്യ സ്വത്തായി ഉപയോഗിക്കുന്നതല്ല സിപിഎമ്മിന്റെ രീതി. രണ്ട് തവണയാണ് ഒരാൾ മത്സരിക്കുക. രണ്ട് തവണ കഴിയുമ്പോൾ സ്വാഭാവികമായും ആളുകൾ മാറും. എന്നാൽ ഗവൺമെന്റിന്റെ പ്രവർത്തനത്തിന് അനുഭവ സമ്പത്തും പ്രധാനമാണ്. അങ്ങനെ വരുമ്പോൾ കുറച്ചാളുകൾക്ക് ഇളവ് കൊടുക്കേണ്ടിവരും. പാർട്ടിയുടെ പൊതുതത്വം തന്നെയാണ് രണ്ടുതവണ മത്സരിക്കുക അതിന് ശേഷം മാറി നിൽക്കുക എന്നത്. ഇത്തവണ സിപിഎം കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റുകളിൽ മത്സരിക്കുമോ? ഇടതുപക്ഷ മുന്നണിയാണ് മത്സരിക്കുന്നത്. മുന്നണിയുടെ വിജയമാണ് പ്രധാനം. സിപിഎം കഴിഞ്ഞ തവണത്തേതിനേക്കാൾ കൂടുതൽ സീറ്റുകൾ ചോദിക്കുക മറ്റുള്ള കക്ഷികളും കൂടുതൽ ചോദിക്കുക, അങ്ങനെയൊക്കെ ചോദിക്കാം. പക്ഷെ കഴിഞ്ഞതവണത്തെ അത്രയും അസംബ്ലി സീറ്റുകൾ മാത്രമേ ഇപ്പോഴുമുള്ളു. ആ യാഥാർഥ്യങ്ങൾ കൂടി കണക്കിലെടുത്ത് മാത്രമേ ഇത്തരം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ സാധിക്കു. എ വിജയരാഘവൻ. ഫോട്ടോ: പ്രവീൺ ദാസ് മുസ്ലീം ലീഗുമായി ബന്ധപ്പെട്ട് ഒരുപാട് പരാമർശങ്ങൾ വന്നിരുന്നു, ഇതിന്റെ ഇടയിൽ കോൺഗ്രസ് മതമൗലികവാദ ശക്തികളുമായി ബന്ധമുണ്ടാക്കുന്നുവെന്നും ആരോപണമുയർത്തി. അതൊക്കെ വിവാദമാവുകയും ചെയ്തു. അങ്ങനെയുള്ള പരാമർശത്തിന്റെ പശ്ചാത്തലം അതെന്തായിരുന്നു? കോൺഗ്രസിനെ കുറിച്ചാണ് എന്റെ ചോദ്യം. കോൺഗ്രസ് അതിന്റെ മതമൗലികവാദ ശക്തികളുമായുള്ള ബന്ധം വിപുലീകരിക്കുമോ എന്ന ചോദ്യം അത് സ്വാഭാവികമായും ഞങ്ങൾ ചോദിക്കും. അതിന്റെ ഉത്തരം ഇതുവരെ കിട്ടിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പിൽ അവർ അങ്ങനെയൊരു നിലപാട് സ്വീകരിക്കുമോ എന്നതാണ് ചോദ്യം. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും അവർ ബിജെപിയുമായി നീക്കുപോക്കുണ്ടാക്കി. ഒ.രാജഗോപാൽ നിയമസഭയിലേക്ക് ജയിക്കുന്ന സാഹചര്യം അവർ ഉണ്ടാക്കി. തദ്ദേശ തിരഞ്ഞെടുപ്പിലാകട്ടെ അവർ തരാതരം പോലെ മുന്നണിയുണ്ടാക്കി. ജമാഅത്തെ ഇസ്ലാമിയുമായിട്ട് പരസ്യമായി കൂട്ടുകെട്ടുണ്ടാക്കി. ഒരുഭാഗത്ത് ബിജെപി, മറുഭാഗത്ത് ജമാഅത്തെ ഇസ്ലാമി. ഇങ്ങനെയാണ് കൂട്ടുകെട്ടുണ്ടാക്കുന്നത്. അത്തരം കൂട്ടുകെട്ടുകൾക്ക് കോൺഗ്രസ് നേതൃത്വം നൽകി. വർഗീയ ധ്രുവീകരണം അത് രാജ്യത്തുണ്ടാക്കും. അത് വിമർശിക്കേണ്ടതുണ്ട്. വർഗീയ ധ്രുവീകരണത്തെ സംബന്ധിച്ച് കോൺഗ്രസ് നിലപാട് എന്തായിരിക്കും എന്നതാണ് നമ്മുടെ ചോദ്യം. അതിന് ഉത്തരം പറയാത്തതുകൊണ്ടാണ് അവരെ സഹായിക്കുന്ന ചില മാധ്യമ സുഹൃത്തുക്കൾ ഇങ്ങനെ കുറ്റപ്പെടുത്തുന്നത്. ഉത്തരം പറയാൻ സാധിക്കാത്തപ്പോൾ അതിനെ വഴിതിരിക്കാൻ നോക്കുകയാണ്. അതൊക്കെ അളുകൾക്ക് മനസിലാകും. ന്യൂനപക്ഷ വർഗീയതയേപറ്റി സിപിഎമ്മിന്റെ ഭാഗത്തുനിന്ന് വിമർശനമുണ്ടാകുമ്പോൾ അത് പരോക്ഷമായി ബിജെപിയെ സഹായിക്കുന്നതായി മാറില്ലെ? ഭൂരിപക്ഷ വർഗീയത്തയ്ക്കെതിരായി കരുത്തുറ്റ നിലപാടുകളെടുത്ത ആളുകളാണ് ഇടതുപക്ഷം. നമ്മുടെ നാടിന്റെ ഏറ്റവും വലിയ ആപത്ത് ഭൂരിപക്ഷ വർഗീയതയാണ്. അത് ആവർത്തിച്ച് പറയുകയാണ് എൽഡിഎഫ് ചെയ്യുന്നത്. ആ ഭൂരിപക്ഷ വർഗീയതയല്ലെ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കിയത്. അതിനെതിരെ മനുഷ്യ ചങ്ങല ഒരുക്കി ലക്ഷക്കണക്കിന് ആളുകളെ തെരുവിലിറക്ക് പ്രതിരോധിച്ചത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയാണ്. നിങ്ങളുടെ ചോദ്യത്തിൽ കാണാതെ പോയ സത്യം അതാണ്. ഓരോ വിഷയങ്ങളിലും അങ്ങനെയാണ്. അയോധ്യ കേസിന്റെ വിഷയം വന്നപ്പോൾ അതിന്റെ കോടതി വിധിയെ ആദ്യം വിമർശിച്ചത് സിപിഎമ്മാണ്. ക്ഷേത്ര നിർമാണത്തിനായി വെള്ളികൊണ്ടുണ്ടാക്കിയ ഇഷ്ടിക കൊടുത്തയച്ചത് കോൺഗ്രസ് മുഖ്യമന്ത്രിയായിരുന്ന കമൽനാഥാണ്. കോൺഗ്രസിന്റേത് മൃദു ഹിന്ദുത്വമാണ്. അവർക്ക് കൃത്യമായ വ്യക്തതയുള്ള ബിജെപി നിലപാടില്ല. അതാണ് കോൺഗ്രസിന്റെ പരിമിതി. ആ പരിമിതിയുള്ള കോൺഗ്രസിനെ ഞങ്ങൾ വിമർശിക്കുന്നുണ്ട്. ബിജെപിക്കെതിരായ ശക്തമായ നിലപാട് ഞങ്ങൾ എടുക്കുന്നുണ്ട്. അതേസമയം മതന്യൂനപക്ഷ വിഭാഗങ്ങൾ മതനിരപേക്ഷ ചേരിയിൽ വരാതെ പൂർണമായും വർഗീയ വത്കരണത്തിന് അവർ വിധേയമാകണം എന്ന നിലപാട് സ്വീകരിച്ച ജമാണത്തെ ഇസ്ലാമി അത് പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സ്വാഭാവികമായും അത് വിമർശിക്കണ്ടെ. അല്ലെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യും. സത്യത്തെ തലകീഴാക്കി നിർത്തുന്ന ഒരു രീതി ഞങ്ങളോടുള്ള വിരോധം കൊണ്ട് നിങ്ങളിൽ ചിലർക്കുമുണ്ട്. അത് സാരമില്ല (ചിരിക്കുന്നു). പാണക്കാട്ടേക്ക് പോകാനാകാത്തതിന്റെ നിരാശയാണ് വിജയരാഘവനെന്നാണ് ഉമ്മൻ ചാണ്ടിയുടെ വിമർശനം. ഉമ്മൻ ചാണ്ടി ഇങ്ങനെ പലതും പറയും. ഉമ്മൻ ചാണ്ടി തന്നെയല്ലെ ബിജെപി കൂട്ടുകെട്ടുണ്ടാക്കാനും പോയത്. ഉമ്മൻ ചാണ്ടി അദ്ദേഹത്തിന്റെ സൗകര്യങ്ങൾക്ക് വേണ്ടി പറയുന്ന ന്യായവാദങ്ങൾക്ക് ഉത്തരം പറയാനല്ല ഞങ്ങളിവിടിരിക്കുന്നത്.

from mathrubhumi.latestnews.rssfeed https://ift.tt/39Exkb1
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍