മുസ്ലിംലീഗ് വന്നാലും ഉള്‍ക്കൊള്ളും-ശോഭസുരേന്ദ്രന്‍

വരുന്ന നിയമസഭാതിരഞെടുപ്പിൽ മത്സരരംഗത്തുനിന്ന് മാറി പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങാനാണ് താൽപര്യമെന്ന് പറഞ്ഞ് സംസ്ഥാനനേതൃത്വവുമായുള്ള അഭിപ്രായഭിന്നത ഒരിക്കൽകൂടി വെളിപ്പെടുത്തിയ ബി.ജെ.പി. സംസ്ഥാനവൈസ് പ്രസിഡന്റും ദേശീയനിർവ്വാഹകസമിതി അംഗമവുമായ ശോഭസുരേന്ദ്രൻ മാതൃഭൂമി പ്രതിനിധി എം.പി.സൂര്യദാസിന് നൽകിയ അഭിമുഖം. നിയമസഭാതിരഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാട് പാർട്ടി ദേശീയനേതൃത്വത്തെ അറിയിച്ചത് പ്രതിഷേധത്തിന്റെ ഭാഗമായാണോ ? ഏഴ് തിരഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ട്. ഇക്കുറി മത്സരിക്കുന്നില്ലെന്ന് നേരത്തെതന്നെ കേന്ദ്രനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതിൽ ഒരു പ്രതിഷേധവുമില്ല. സന്തോഷത്തോടെയാണ് ഈ തീരുമാനം അറിയിച്ചത്. 5000 വോട്ട് മാത്രം ലഭിച്ച കാലത്ത് മത്സരരംഗത്തുണ്ട്. ഇപ്പോൾ വിജയപ്രതീക്ഷയുള്ള സമയത്ത് എനിക്ക് ത്യാഗം ചെയ്യാൻ കഴിയുമെന്നാണ് ഇതിലൂടെ വ്യക്തമാക്കിയത്. ത്യാഗത്തിലേക്ക് താങ്കളെ നയിച്ചത് പാർട്ടിയിൽനിന്നുള്ള ഒറ്റപ്പെടലാണോ ? കഴിഞ്ഞ എട്ടരമാസം പൊതുരംഗത്തുനിന്ന് വിട്ടുനിന്നെങ്കിലും ഞാൻ വീട്ടിലിരുന്നും മോദിജി നിർദ്ദേശിച്ചപ്രകാരമുള്ള പ്രവർത്തനങ്ങൾ നടത്തിയിട്ടുണ്ട്. ഈ സമയത്ത് മൂന്ന് പുസ്തകങ്ങൾ എഴുതി. അത് ഉടനെ പുറത്തിറക്കും. 36 കോളനികളിൽ കോവിഡ് കാലത്ത് സഹായം എത്തിക്കുന്നതിനുൾപ്പെടെയുള്ള പ്രവർത്തനം നടത്തി. ഈ പരിപാടികൾക്ക് മാധ്യമപ്രചാരണം നൽകിയിട്ടില്ല എന്നു മാത്രം. പദവികൾക്ക് അധികാരത്തിനോ വേണ്ടിയല്ല ഞാൻ പ്രവർത്തിക്കുന്നത്. എട്ടരമാസം മാറിനിന്നിട്ടുണ്ടെങ്കിൽ അതിന് വ്യക്തമായ കാരണമുണ്ട്. അത് പാർട്ടിയുടെ ആഭ്യന്തരപ്രശ്നമായതുകൊണ്ട് പൊതുചർച്ചക്ക് വിധേയമാക്കുന്നില്ല.33 കൊല്ലം പ്രവർത്തിച്ചതിനിടയിലാണല്ലോ എട്ടരമാസം വിട്ടുനിന്നത്. ഇത്തവണ ശോഭസുരേന്ദ്രൻ ആഗ്രഹിക്കുന്ന സീറ്റ് ലഭിക്കില്ല എന്നതുകൊണ്ടാണോ മത്സരിക്കേണ്ട എന്ന് തീരുമാനിച്ചത്? അഞ്ച് ജില്ലകളിലായി ഏഴുതവണ മത്സരിച്ചിട്ടുണ്ട്. ഇത്തവണ ബി.ജെ.പി.യിൽനിന്ന് ഒരുപാടാളുകൾ ജയിക്കാൻ പോവുന്ന തിരഞെടുപ്പിൽ അവരെയൊക്കെ ജയിപ്പിച്ച് കൈപിടിച്ച് നിയമസഭയിൽ ഇരുത്താനാണ് ഞാൻ ആഗ്രഹിക്കുന്നത്. വനിതകളെ പ്രോത്സാഹിപ്പിക്കുന്നതിൽ കേരളം ഇപ്പോഴും മറ്റുസംസ്ഥാനങ്ങളെ അപേക്ഷിച്ച് പിന്നിലാണെന്ന് കരുതുന്നുണ്ടോ ? സ്ത്രീശാക്തീകരണത്തിൽ കേരളം മുന്നിലാണെങ്കിലും പതിറ്റാണ്ടുകൾ മാറിമാറി സംസ്ഥാനം ഭരിച്ച മുന്നണികൾ സ്ത്രീകളെ വേണ്ട രീതിയിൽ പരിഗണിച്ചില്ല. കെ.ആർ.ഗൗരിയമ്മയെ മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയെങ്കിലും പാർട്ടി പരിഗണിച്ചില്ല. സുഷമാസ്വരാജ്, ഉമാഭാരതി,വസുന്ധരരാജ സിദ്ധ്യ തുടങ്ങിയവരെ മുഖ്യമന്ത്രിമാരാക്കി ബി.ജെ.പി. മാതൃക കാണിച്ചിട്ടുണ്ട്. ബി.ജെ.പി.യിൽ പാർട്ടി പദവികളിൽ 33 ശതമാനം വനിതകൾക്ക് നീക്കിവെച്ചിട്ടുണ്ട്. ഒരു സ്ത്രീ പൊതുരംഗത്ത് വന്ന് പ്രവർത്തിക്കുമ്പോൾ അവൾ ഒരുപാട് പ്രയാസം നേരിടുന്നുണ്ട്. ഇരട്ട ജോലി ചെയ്താണ് സ്ത്രീ പൊതുരംഗത്ത് വരുന്നത്. കുടുംബം നോക്കണം, വരുമാനം കണ്ടെത്തണം,മക്കളെ വളർത്തണം. ഈ ഉത്തരവാദിത്വങ്ങളെല്ലാം നിർവ്വഹിച്ചാണ് സ്ത്രീ പ്രവർത്തിക്കുന്നത്. ഈ വസ്തുത ഇവിടുത്തെ ഇരു മുന്നണികളും മനസിലാക്കണം. കെ.ആർ.ഗൗരിയമ്മ യെ മുഖ്യമന്ത്രിയാക്കാൻ കഴിയാതെപോയത് കേരളരാഷ്ട്രീയത്തിന് എന്തെങ്കിലും നഷ്ടമുണ്ടാക്കിയെന്ന് കരുതുന്നുണ്ടോ ? ഗൗരിയമ്മ മുഖ്യമന്ത്രിയാവാതിരുന്നത് കേരളത്തിനും സ്ത്രീസമൂഹത്തിനും വലിയ നഷ്ടമാണ് വരുത്തിവെച്ചത്. ഗൗരിയമ്മ മുഖ്യമന്ത്രിയായിരുന്നെങ്കിൽ കേരളരാഷ്ട്രീയം മാറുമായിരുന്നു. സ്ത്രീസഹജമായ കാരുണ്യം,വാത്സല്യം,മാതൃസമീപനം തുടങ്ങിയ സമീപനം കൊണ്ട് ഗൗരിയമ്മ രാഷ്ട്രീയത്തെ മാറ്റിമറിക്കുമായിരുന്നു. ഒരു സ്ത്രീ എങ്ങനെ കഷ്ടപ്പെട്ട് ജീവിക്കുന്ന് എന്ന് തിരിച്ചറിയുന്ന അവർ കൂടുതൽ സ്ത്രീകൾക്ക് രാഷ്ട്രീയത്തിൽ അംഗീകാരം നേടികൊടുക്കുമായിരുന്നു. സംസ്ഥാനസർക്കാറിനെതിരെ ഉയർന്നുവന്നിട്ടുള്ള പല വിഷയങ്ങളിലും ബി.ജെ.പി.ക്ക് ഫലപ്രദമായി പ്രതിപക്ഷത്തിന്റെ കർത്തവ്യം നിർവ്വഹിക്കാൻ കഴിഞ്ഞിട്ടുണ്ടോ ? സർക്കാറിനെതിരായ ജനരോഷം വേണ്ടരീതിയിൽ പ്രതിഫലിപ്പിക്കാൻ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ല. പ്രശ്നങ്ങൾ ഉയർത്തിക്കൊണ്ടുവരുമ്പോൾ ബി.ജെ.പിക്ക് വേണ്ടത്ര മാധ്യമശ്രദ്ധ കിട്ടുന്നില്ല. ബി.ജെ.പി. ഇനിയും ഇക്കാര്യത്തിൽ ഫലപ്രദമായി ഇടപെടണമെന്നാണ് ജനാഭിപ്രായമെങ്കിൽ ,കൂട്ടുത്തരവാദിത്വത്തോടെ അത് നിർവ്വഹിക്കാൻ ബി.ജെ.പി. പരിശ്രമിക്കും. എൽ.ഡി.എഫ്,യു.ഡി.എഫ് മുന്നണികളുടെ നയപരിപാടികൾ ഒന്നുതന്നെയാണെന്ന് ശക്തമായി ജനങ്ങളിലേക്ക് എത്തിക്കാൻ കഴിയേണ്ടതുണ്ട്. കേരളത്തിൽ ഇനി ബി.ജെ.പി.ക്ക് മുന്നോട്ടുപോവണമെങ്കിൽ ക്രിസ്ത്യൻ,മുസ്ലിം സമുദായത്തിൽനിന്ന് പിന്തുണ ലഭിക്കേണ്ടതുണ്ട്. ക്രൈസ്തവ സമൂഹത്തെ ആകർഷിക്കാൻ ചില നീക്കങ്ങൾ തുടങ്ങിയിട്ടുണ്ട്. മുസ്ലിം സമുദായത്തെ പാർട്ടിയിലേക്ക് അടുപ്പിക്കാൻ വല്ല നീക്കവുമുണ്ടോ ? ക്രൈസ്തവ,മുസ്ലിം സമുദായത്തോട് ബി.ജെ.പി.ക്ക് യാതൊരു വിരോധവുമില്ല. മുസ്ലിംലീഗിനെയുൾപ്പെടെയുള്ള പാർട്ടികളെ എൻ.ഡി.എ.യിലേക്ക് സ്വാഗതം ചെയ്യുന്നു. മുസ്ലിംലീഗ് ഒരു വർഗീയ പാർട്ടിയാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ മുസ്ലിംലീഗ് ദേശീയധാര അംഗീകരിച്ച് എൻ.ഡി.എ യോടൊപ്പം വരാൻ തയ്യാറായാൽ സ്വീകരിക്കും. കശ്മീരിൽ ബി.ജെ.പി. അവിടുത്തെ നാഷണൽ കോൺഫ്രൻസുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. ലീഗ് പുനർചിന്തനത്തിന് തയ്യാറായാൽ അത് മുസ്ലിംസമൂഹത്തിനും ലീഗ് നേതൃത്വത്തിനും ഗുണകരമാണ്. എല്ലാവരെയും ദേശീയധാരയിലേക്ക് െകാണ്ടുവരുകയെന്നതാണ് ബി.ജെ.പി.യുടെ ശ്രമം. അപ്പോൾ ലീഗ് വരാൻ തയ്യാറായാൽ അവർ ദേശീയത ഉൾക്കൊണ്ടുകൊണ്ടാവുമല്ലോ വരിക. തിരഞെടുപ്പിൽ മത്സരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് തിരുവനന്തപുരത്ത് ഉദ്യോഗാർത്ഥികളുടെ സമരത്തിൽ പങ്കെടുത്തത് എന്ന ആക്ഷേപം ചിലർ ഉയർത്തിയിരുന്നു. പാർട്ടികകത്തുനിന്നാണോ ഇത്തരം സോഷ്യൽമീഡിയ ആക്രമണങ്ങൾ ഉണ്ടാവുന്നത് ? എന്നെ മാനസികമായി തകർക്കുന്ന രീതിയിൽ മാധ്യമങ്ങളിലും നവമാധ്യമങ്ങളിലും വരുന്ന ചില തെറ്റായ പ്രചരണം ഏറെ വേദനിപ്പിച്ചു. കരഞ്ഞിട്ടുണ്ട്. ഇതിനുപിന്നിൽ ആരൊക്കെയാണെന്നതിന് വ്യക്തവും ശക്തവുമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ആരാണ് ഇതിനുപിന്നിലെന്ന് അറിയില്ല. ഇത്തവണ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുൻപ് നേതൃത്വത്തെ അറിയിച്ചിട്ടും ഞാൻ ഒരു സ്ഥാനമോഹിയാണെന്ന നിലയിൽ വിവാദം ഉണ്ടാക്കിയപ്പോൾ അതിന് വിരാമിടാനാണ് മത്സരിക്കാനില്ലെന്ന നിലപാട് തുറന്നുപറഞ്ഞത്. രാഷ്ട്രീയ എതിരാളികളാണ് ഇതൊക്കെ പ്രചരിപ്പിക്കുന്നതെങ്കിൽ എന്തിനാണ് കരയുന്നത്. അവർ അത് ചെയ്യുമെന്നുള്ളത് സ്വാഭാവികമല്ലേ ? പാർട്ടിയുടെ ദേശീയനിർവ്വാഹകസമിതിയിൽ ആറുവർഷമായി പ്രവർത്തിക്കുന്നു.ചില കണ്ണീരുകൾ നമ്മൾ തുറന്നുപറയാറില്ല. പൊതുരംഗത്ത് പ്രവർത്തിക്കുന്ന സ്ത്രീ പല ഘട്ടങ്ങളിലും കരയാറുണ്ട്. എന്നാൽ പല ഘട്ടത്തിലും അവൾ ആ കണ്ണീര് തുറന്നുപറയണമെന്നില്ല. ബി.ജെ.പി. യിൽനിന്ന് പുറത്തുപോവുന്നു എന്ന വാർത്തകൾ ഈ ഗൂഡാലോചനയുടെ ഭാഗമാണോ ? ശക്തമായ ഗൂഡാലോചനയുടെ ഭാഗമായാണ് ഈ വാർത്തകൾ പ്രചരിച്ചത്. ഏതെങ്കിലും മാർക്സിസ്റ്റ് നേതാവുമായി നേരിട്ടോ ഫോണിലോ സംസാരിച്ചിട്ടില്ല. ഞാൻ ഇത്തരത്തിൽ ചിന്തിക്കുന്നു എന്ന് വരുത്തിതീർക്കാനുള്ള ശ്രമത്തിനുപിന്നിൽ ആസൂത്രണമുണ്ട്. ഈ ഗൂഡാലോചനയുടെ വ്യക്തമായ തെളിവുകൾ കിട്ടാത്തതുകൊണ്ടാണ് മൗനം പാലിക്കുന്നത്. ശബരിമല കേസുകൾ പിൻവലിച്ചതിനെ എങ്ങനെ നോക്കികാണുന്നു ? രാഷ്ട്രീയമായി സംഘപരിവാറിന്റെ വിജയമാണിത്. ശബരിമലസമയത്ത് എടുത്തതെല്ലാം കള്ളക്കേസാണെന്ന് ഇതോടെ ബോധ്യമായി. ഗോവിന്ദൻമാസ്റ്ററുടെ തുറന്നുപറച്ചിൽ ഭരണകൂടത്തിനകത്തും പ്രതിഫലിക്കുന്നുണ്ട്. വൈരുദ്ധ്യാത്മക ബൗദ്ധികവാദം മാത്രം മുന്നോട്ടുവെച്ച് പോയാൽ പ്രസ്ഥാനത്തെ നയിക്കാനാവില്ലെന്ന ബോധ്യം ആവാം ഇതിന് കാരണം.

from mathrubhumi.latestnews.rssfeed https://ift.tt/3aPmNtV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍