വന്ദേഭാരത് ദൗത്യത്തില്‍ എയര്‍ഇന്ത്യയെ നയിച്ച മലയാളി പടിയിറങ്ങുന്നു

ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് ദൗത്യത്തിൽ എയർഇന്ത്യയുടെ ജീവനക്കാരെ നയിച്ച മലയാളി പടിയിറങ്ങുന്നു. എയർഇന്ത്യയുടെ ഇൻഫ്ളൈറ്റ് സർവീസസിന്റെ എക്സിക്യുട്ടീവ് ഡയറക്ടർ മധു മാത്തനാണ് 28 വർഷത്തെ സേവനത്തിനുശേഷം വെള്ളിയാഴ്ച വിരമിക്കുന്നത്. എയർഇന്ത്യയുടെ 4500 വരുന്ന ക്യാബിൻ ക്രൂവിനെയാണ് പത്തനംതിട്ട കോഴഞ്ചേരി ചിരക്കരോട്ട് വീട്ടിൽ മധു മാത്തൻ കോവിഡ് പ്രതിസന്ധിയിലും നയിച്ചത്. കോവിഡ് അപകടകരമായ രീതിയിൽ പടർന്നുപിടിച്ച രാജ്യങ്ങളിൽനിന്ന് യാത്രക്കാരുമായി വരുന്നത് ശ്രമകരമായ ദൗത്യമായിരുന്നു. എന്നാൽ, മധു മാത്തന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നത് മികച്ച അനുഭവമായിരുന്നുവെന്ന് എയർഇന്ത്യയുടെ ചീഫ് ക്യാബിൻ ക്രൂവും മലയാളിയുമായ സാജു കുരുവിള പറഞ്ഞു. എയർഇന്ത്യയുടെ എണ്ണായിരത്തിലേറെ വിമാനങ്ങളിലായി ഒമ്പതു ലക്ഷത്തിലേറെ ഇന്ത്യക്കാരെയാണ് വിദേശത്തുനിന്ന് നാട്ടിലെത്തിച്ചത്. വിമാനജീവനക്കാർക്ക് ആവശ്യമായ പി.പി.ഇ. കിറ്റുകൾ, മരുന്നുകൾ, അവരുടെ ക്വാറന്റീൻ സൗകര്യം തുടങ്ങിയവയ്ക്കെല്ലാം മേൽനേട്ടം വഹിച്ചത് മധു മാത്തനാണ്. എയർഇന്ത്യയുടെ ആയിരത്തോളം ജീവനക്കാർക്ക് കോവിഡ് പോസിറ്റീവായിരുന്നു. 1992-ൽ എയർഇന്ത്യയിൽ ചേർന്ന മധു മാത്തൻ ദക്ഷിണ മേഖലാ സെയിൽസ് മാനേജർ, ഓസ്ട്രേലിയയിലെ ജനറൽ മാനേജർ, ഡൽഹി ആസ്ഥാനത്ത് മാർക്കറ്റിങ് ജനറൽ മാനേജർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/2P9wifb
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍