ഓൺലൈൻ റമ്മി കളിച്ച് കടം പെരുകി; യുവാവ് ആത്മഹത്യ ചെയ്തു

കാട്ടാക്കട: ഓൺലൈനിൽ റമ്മി കളിച്ച് പണം നഷ്ടപ്പെട്ട് കടംകയറിയ യുവാവിനെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുറ്റിച്ചൽ നിലമയിൽ ഗ്രാമപ്പഞ്ചായത്തംഗം വിനീഷ് ഭവനിൽ കെ.വേലായുധൻ പിള്ള(മുരുകൻ)യുടെയും ഹരിജകുമാരിയുടെയും മകൻ വി.എച്ച്.വിനീതി(28)നെയാണ് കഴിഞ്ഞ ദിവസം വീടിനു സമീപത്തെ റബ്ബർ പുരയിടത്തിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. 21 ലക്ഷത്തോളം രൂപ കടം ഉണ്ടായതോടെയാണ് യുവാവ് ആത്മഹത്യചെയ്തതെന്ന് നെയ്യാർഡാം പോലീസിൽ ബന്ധുക്കൾ നൽകിയ മൊഴിയിൽ പറയുന്നു. ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള കളികളിൽ ഏർപ്പെട്ടിരുന്നതായും അവർ പറഞ്ഞു. വലിയമല ഐ.എസ്.ആർ.ഒ.യിൽ താത്‌കാലിക ജോലിക്കാരനായിരുന്നു വിനീത്. ലോക്ഡൗൺ കാലത്ത് ജോലിയില്ലാതായി. ഈ ഇടവേളയിലാണ് പണമുണ്ടാക്കാൻ ഓൺലൈൻ റമ്മി ഉൾപ്പെടെയുള്ള പണം ഉപയോഗിച്ചുള്ള കളികളിൽ ഏർപ്പെട്ടത്. ആദ്യം പണം കിട്ടിയിരുന്നെങ്കിലും പിന്നീട് വലിയ തുകകൾ നഷ്ടമായി. ഇതോടെ ബന്ധുക്കളിൽ നിന്നും സുഹൃത്തുക്കളിൽനിന്നും വലിയ തുകകൾ കടംവാങ്ങിയും ആഭരണങ്ങൾ വാങ്ങി പണയംവച്ചുമായിരുന്നു കളി തുടർന്നത് എന്നും പറയുന്നു. ഇതൊന്നും വീട്ടുകാർ അറിഞ്ഞിരുന്നില്ല. കടം പെരുകിയതോടെ ഒന്നരമാസം മുമ്പ് നാടുവിട്ടു. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകി കോട്ടയത്തുനിന്നും കണ്ടെത്തി തിരിച്ചുകൊണ്ടുവരുകയായിരുന്നു. ‘കടം പെരുകിയതിനാൽ മറ്റു മാർഗങ്ങളില്ലാതെ ആത്മഹത്യചെയ്യുകയാണെന്ന’ ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിൽനിന്നും പോലീസ് കണ്ടെടുത്തു. സഹോദരൻ: വി.എച്ച്.വിനീഷ്. മൃതദേഹം ശാന്തികവാടത്തിൽ സംസ്കരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.

from mathrubhumi.latestnews.rssfeed https://ift.tt/3b35t5l
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍