കർഷകരുടെ ഉറച്ചനിലപാടിൽ പകച്ച് മോദിസർക്കാർ

ന്യൂഡൽഹി: മൂന്നാംവട്ട ചർച്ചയിലും പരിഹാരം കണ്ടെത്താനാകാത്തതോടെ കർഷകസമരം മോദി സർക്കാരിനു കടുത്ത പ്രതിസന്ധിയായി. കർഷകർ രാജ്യതലസ്ഥാനത്തിന്റെ അതിർത്തികൾ അടച്ചതു മൂലമുള്ള ഭരണപരമായ പ്രശ്നങ്ങൾക്കൊപ്പം പുതുതായി ഉരുത്തിരിയുന്ന കർഷകരാഷ്ട്രീയവും സർക്കാരിനെ ആശങ്കപ്പെടുത്തുന്നതാണ്. കാർഷികനിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം അംഗീകരിച്ചാൽ സർക്കാരിനും ബി.ജെ.പി.ക്കും അത് ക്ഷീണമാകും. പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കടുത്ത ഭരണ-രാഷ്ട്രീയനഷ്ടങ്ങളുണ്ടാകും. കർഷക പാർട്ടിയായ ജെ.ജെ.പി.യുടെ പത്തുസീറ്റിന്റെ പിന്തുണയിൽ നിലനിൽക്കുന്ന ഹരിയാണയിലെ എൻ.ഡി.എ. സർക്കാരിനായിരിക്കും ആദ്യത്തെ ആഘാതം. ആറുവർഷത്തെ ഭരണത്തിനിടയിൽ മോദിസർക്കാർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി കർഷകസമരം മാറുകയാണ്. ഇതിന്റെ സൂചനകളാണ് ശനിയാഴ്ച വിജ്ഞാൻ ഭവനിലെ ചർച്ചാവേദി നൽകിയത്. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ ഉറച്ചുനിന്നുകൊണ്ട് മൂന്നാംവട്ടം ചർച്ചയയ്ക്കെത്തിയ കർഷക സംഘടനകളെ അനുനയിപ്പിക്കുക സർക്കാരിന് എളുപ്പമായിരുന്നില്ല. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിൽ കുറഞ്ഞ നിർദേശങ്ങളൊന്നും സ്വീകാര്യമല്ലെന്ന് സംഘടനാ നേതാക്കൾ തുടക്കത്തിൽത്തന്നെ കേന്ദ്രമന്ത്രിമാരോട് പറഞ്ഞു. നിയമങ്ങൾ പിൻവലിക്കാനാവില്ലെന്ന നിലപാട് ആവർത്തിച്ച സർക്കാർ ചില ഭേദഗതികൾ വരുത്താമെന്ന് നിർദേശിച്ചു. എ.പി.എം.സി. നിയമത്തെക്കുറിച്ചുള്ള ആശങ്കകൾ ദുരീകരിക്കാമെന്നും നിയമത്തെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങൾ നീക്കാമെന്നും വാഗ്ദാനം നൽകി. താങ്ങുവില സംവിധാനം തുടരുമെന്നും കൃഷിമന്ത്രി നരേന്ദ്രസിങ് തോമറിന്റെ നേതൃത്വത്തിലുള്ള മന്ത്രിതലസംഘം ആവർത്തിച്ചു. എന്നാൽ, ഇതൊന്നും അംഗീകരിക്കാൻ കർഷക സംഘടനകൾ തയ്യാറായില്ല. സമവായ നിർദേശങ്ങളെ മൗനത്തിലൂടെ കർഷകസംഘടനകൾ പ്രതിരോധിച്ചതോടെ ചർച്ച വീണ്ടും വഴിമുട്ടി. നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യത്തിന് 'ചെയ്യും, ചെയ്യില്ല' എന്ന ഉത്തരം മാത്രം മതിയെന്ന കർശനനിലപാട് നേതാക്കൾ സ്വീകരിച്ചതോടെ വീണ്ടും കാണാമെന്ന ഉപാധി വെച്ച് സർക്കാരിന് പിൻവാങ്ങേണ്ടി വന്നു. ബുധനാഴ്ച വീണ്ടും ചർച്ച നടത്താമെന്ന് കർഷകർ സമ്മതിച്ചത് മാത്രമാണ് മൂന്നാംവട്ടം ചർച്ചയുടെ ആകെത്തുക. കർഷകസമരത്തിന്റെ സ്വാധീനം എൻ.ഡി.എ.ക്കുള്ളിലേക്ക് പടരുന്നതിന്റെ ക്ഷീണവും ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിനുണ്ട്. പ്രശ്നം ഉടൻ പരിഹരിക്കണമെന്നാണ് ഹരിയാണയിലെ ഘടകകക്ഷിയായ ജെ.ജെ.പി. തുടർച്ചയായി ആവശ്യപ്പെടുന്നത്. കർഷക വോട്ട്ബാങ്കിന്റെ ബലത്തിലാണ് ചൗട്ടാലയുടെ പാർട്ടിയുടെ നിലനിൽപ്. സമരം തുടർന്നാൽ ജെ.ജെ.പി.ക്ക് ഭരണത്തിൽ തുടരാനാകില്ല. ശനിയാഴ്ച ഒരു സ്വതന്ത്ര എം.എൽ.എ. കൂടി ഹരിയാണയിൽ രാജിവെച്ചതും സമ്മർദമേറ്റിയിട്ടുണ്ട്. Content Highlights:Farmers protest New Delhi

from mathrubhumi.latestnews.rssfeed https://ift.tt/3mOdn5w
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍