തൃശ്ശൂർ: 1988 മാർച്ച് 30-ന് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിൽവെച്ച് ചന്ദ്രശേഖരന്റെ ശരീരത്തിൽ അമ്മ സർവമംഗളയുടെ വൃക്ക പ്രവർത്തിച്ചുതുടങ്ങി. ഇപ്പോൾ 33 വർഷങ്ങൾക്കുശേഷം ചന്ദ്രശേഖരന് വയസ്സ് 65, അമ്മയ്ക്ക് 93-ഉം. അമ്മ നൽകിയ വൃക്കയുടെ കരുത്തിൽ ഈ പ്രായത്തിൽ ചന്ദ്രശേഖരൻ മാരത്തൺ ഓടി ഒന്നാമതായി. കഴിഞ്ഞവർഷം അബുദാബിയിൽനടന്ന സ്പെഷ്യൽ വേൾഡ് ഒളിന്പിക് ഗെയിംസിൽ 11 കിലോമീറ്റർ മാരത്തണിലൂടെ ഇന്ത്യൻ ബുക്ക് ഒാഫ് റെക്കോഡിലേക്കാണ് ഓടിക്കയറിയത്. ബുക്കുകളിലിടംപിടിക്കാത്ത നേട്ടങ്ങളുടെ ഉടമകളാണിവർ. ഇന്ത്യയിൽ ഏറ്റവും പ്രായംകൂടിയ അവയവദാതാവാണ് സർവമംഗള. വൃക്ക സ്വീകരിച്ച് ഏറ്റവും കാലം പിന്നിട്ട ദക്ഷിണേന്ത്യയിലെ രണ്ടുപേരിൽ ഒരാളാണ് ചന്ദ്രശേഖരൻ. വൃക്കരോഗികളുടെ ക്ഷേമത്തിനായി 33 വർഷംമുന്പ് ആരംഭിച്ച കിഡ്നി ഫൗണ്ടേഷന്റെ സ്ഥാപകയാണ് സർവമംഗള. ഇതിന്റെ ചെയർമാനാണിപ്പോൾ മകൻ. ബ്രിട്ടൺ ആസ്ഥാനമാക്കിയുള്ള ഗ്ലോബൽ കിഡ്നി ഫൗണ്ടേഷന്റെയും അമേരിക്കൻ അസോസിയേഷൻ ഒാഫ് കിഡ്നി പേഷ്യൻസിന്റെയും ഇന്ത്യൻ അംബാസഡറുമാണ് ചന്ദ്രശേഖരൻ.കോളേജ് അധ്യാപകനായിരുന്ന വി.ജി. വാരിയരുടെയും സർവമംഗളയുടെയും നാലാമത്തെ മകനാണ് ചന്ദ്രശേഖരൻ. ബുക്ക് ഒാഫ് റെക്കോഡ്സിന്റെ വിവരം അമ്മയും മകനും അറിയുന്നത് ശനിയാഴ്ച ഗുരുവായൂരിലെ വില്ലയിലിരുന്നായിരുന്നു. അവയവമാറ്റ ശസ്ത്രക്രിയ നടത്തിയവരുടെ ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിട്ട കോവിഡ് കാലത്ത് അതു സംഘടിപ്പിച്ചുകൊടുക്കുന്നതിൽ വ്യാപൃതനായിരുന്നു ചന്ദ്രശേഖരൻ. കോവിഡ് പോരാളികളെ കണ്ടെത്തി പുരസ്കാരം നൽകി ആദരിക്കുന്നതിനുള്ള ശ്രമത്തിലാണിപ്പോൾ. വൻകിട ആശുപത്രിയിൽനിന്ന് ജനറൽ മാനേജരായി വിരമിച്ച വി.ജി. ചന്ദ്രശേഖരൻ പിന്നീട് പൂർണസമയ സേവനപാതയിലാണ്.
from mathrubhumi.latestnews.rssfeed https://ift.tt/39OxPzO
via IFTTT
0 അഭിപ്രായങ്ങള്‍