പൂനെ: രാഹുൽ ഗാന്ധിയുടെ നേതൃപാടവത്തിൽ സ്ഥിരത ഇല്ലെന്ന വിമർശനവുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ. മറാത്തി ദിനപത്രമായ ലോക്മത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാഹുലിനെ നേതാവായി രാജ്യം സ്വീകരിക്കുമോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് ശരദ് പവാർ ഇത്തരമൊരു വിമർശനമുന്നയിച്ചത്. രാഹുൽ ഗാന്ധി കോൺഗ്രസിന്റെ വളർച്ചയ്ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിബന്ധമാണോ എന്ന ചോദ്യത്തിന് ഏത് പാർട്ടിയുടേയും നേതൃത്വം എന്നത് അവർക്ക് ആ പാർട്ടിക്കുള്ളിൽ ലഭിക്കുന്ന സ്വീകാര്യതയെ അടിസ്ഥാനപ്പെടുത്തിയാവുമെന്നായിരുന്നു മറുപടി. മഹാരാഷ്ട്രയുടെ മാതൃകയിൽ ബി.ജെ.പി വിരുദ്ധ ചേരിയെ ഒരുമിപ്പിക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ലെന്ന് പവാർ പറഞ്ഞു. നേതാവ് എന്ന രീതിയിൽ രാഹുൽ ഗാന്ധിക്ക് സ്ഥിരത ഇല്ലാത്തതാണ് കാരണം. കോൺഗ്രസിലെ മുതിർന്ന പരിചയ സമ്പന്നരായ നേതാക്കൾക്ക് പോലും രാഹുൽ ഗാന്ധിയുടെ പ്രവർത്തന രീതിയിൽ എതിർപ്പുണ്ട്. സ്വന്തം പാർട്ടിയിൽ എതിർപ്പ് ഉയരുമ്പോൾ രാഹുലിന് മറ്റ് പാർട്ടികളുടെയെല്ലാം കൂട്ടായ്മയുടെ നേതൃപദവി വഹിക്കാൻ സാധിക്കില്ലെന്നും പവാർ വിമർശിച്ചു. രാഹുലിനെക്കുറിച്ച് മുൻ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ ഉന്നയിച്ച വിമർശനങ്ങളെക്കുറിച്ചും പവാർ പ്രതികരിച്ചു. ഒരു വിഷയത്തിലും താൽപര്യമില്ലാത്തയാളാണ് രാഹുൽ എന്നായിരുന്നു ഒബാമ രാഹുലിനെക്കുറിച്ച് A Promised Land എന്ന പുസ്തകത്തിൽ പരാമർശിച്ചത്. എല്ലാവരുടേയും അഭിപ്രായത്തെ വിലക്കെടുക്കേണ്ട ആവശ്യമില്ല, എല്ലാവരും ഒരു പരിധി സൂക്ഷിക്കേണ്ടതുണ്ട്. എന്നാൽ ഒബാമ ആ പരിധി വിട്ടുവെന്നാണ് തനിക്ക് തോന്നുന്നത് പവാർ പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാ വികാസ് അഖാഡി സഖ്യം അധികാരത്തിൽ ഒരു വർഷം തികയ്ക്കുന്ന പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ സംഘടിപ്പിക്കാനാണ് കോൺഗ്രസ്, എൻ.സി.പി, ശിവസേന പാർട്ടികളുടെ തീരുമാനം. ഇതിനിടെയാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വപാടവത്തെ കുറിച്ച് പവാർ സംശയം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലും വിവിധ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളിലും കോൺഗ്രസ് കനത്ത പരാജയം നേരിട്ടതിനു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ പർട്ടിക്കുള്ളിൽ തന്നെ വിമർശനമുയർന്നിരുന്നു. അതേസമയം പവാറിന്റെ ആക്ഷേപങ്ങളോട് പ്രതികരിച്ച് കോൺഗ്രസ് വക്താവ് സച്ചിൻ സാവന്ത് രംഗത്തെത്തി. ഏത് സാഹചര്യത്തിലാണ് ശരത് പവാർ ഇത്തരം വിമർശനമുയർത്തിയതെന്ന് വ്യക്തമല്ല, എന്നിരുന്നാലും ബിജെപിക്കും ആർഎസ്എസിനുമെതിരെ പ്രതിപക്ഷനിരയിൽ ഏറ്റവും സ്ഥിരതയോടെ നിലകൊള്ളുന്ന നേതാവാണ് രാഹുൽ എന്നായിരുന്നു സച്ചിൻ സാവന്തിന്റെ പ്രതികരണം.ഭരണഘടനാസ്ഥാപനങ്ങൾ പോലും വിശ്വാസ്യത നഷ്ടപ്പെട്ട് നിസ്സഹായരായി നിലകൊള്ളുന്ന സാഹചര്യത്തിൽ രാജ്യത്തെ നിലവിലെ അവസ്ഥയിലും ഏറ്റവും ധീരമായ അഭിപ്രായങ്ങൾ പറയുന്നയാളാണ് രാഹുൽ എന്നും സച്ചിൻ സാവന്ത് പറഞ്ഞു. Content Highlights:Rahul Gandhi Seems To Lack Consistency To Lead Country, Says Sharad Pawar
from mathrubhumi.latestnews.rssfeed https://ift.tt/3olnbEp
via IFTTT
0 അഭിപ്രായങ്ങള്‍