ദേശീയ ഫുട്ബോൾ താരം ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു

ബെംഗളൂരു: ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ ഗോൾ കീപ്പറായിരുന്ന ഫ്രാൻസിസ് ഇഗ്നേഷ്യസ് (54) അന്തരിച്ചു. ബെംഗളൂരുവിലെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിൽ (െഎ.ടി.െഎ.) മാർക്കറ്റിങ് ആൻഡ് സെയിൽസ് മാനേജരായിരുന്നു. ജോലിക്കിടെ ചൊവ്വാഴ്ച രാവിലെ ഹൃദയാഘാതമുണ്ടായി. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബെംഗളൂരു ദൂരവാണിനഗറിലായിരുന്നു താമസം. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. 1992-ൽ ഇന്ത്യൻ ടീമിനുവേണ്ടി കളിച്ചിട്ടുണ്ട്. 1986 വരെ ഐ.എം. വിജയനും സത്യനുമൊപ്പം കേരള പോലീസിനുവേണ്ടി കളിച്ചു. 1986-ലാണ് ഐ.ടി.ഐ.യിൽ ചേർന്നത്. 2000 വരെ ഐ.ടി.ഐ. എഫ്.സി.ക്കുവേണ്ടി കളിച്ചു. 1986 മുതൽ 1993 വരെ കർണാടകത്തെ പ്രതിനിധാനംചെയ്ത് സന്തോഷ് ട്രോഫിയിൽ കളിച്ചു. ഫെഡറേഷൻ കപ്പ്, സിസേഴ്സ് കപ്പ്, ഡ്യൂറൻഡ് കപ്പ് ടൂർണമെന്റുകളിലും കളിച്ചിട്ടുണ്ട്. തൃശ്ശൂർ മിഷൻ ക്വാർട്ടേഴ്സിൽ പരേതനായ സി.എൽ. ഇഗ്നേഷ്യസിന്റെയും റോസിയുടെയും മകനാണ്. ഭാര്യ തൃശ്ശൂർ പൊങ്ങണംകാട് കുണ്ടുകുളം വീട്ടിൽ ബിന്ദു. മക്കൾ: ഇഗ്നേഷ്യസ് ഫ്രാൻസിസ്, ഡെയ്നി (വിദ്യാർഥിനി). സഹോദരങ്ങൾ: ജോണി, മാത്യു, ജോജു, ആന്റോ, ജിജി ഡെന്നി, ഷൈനി ബിജു. ശവസംസ്കാരം വ്യാഴാഴ്ച 10 മണിക്ക് പുത്തൻപള്ളി സെമിത്തേരിയിൽ. ഫ്രാൻസിസ് ഇഗ്നേഷ്യസ്: കൂടെക്കളിക്കാൻ കൊതിക്കുന്ന രൂപം തൃശ്ശൂർ:ആറടി രണ്ടിഞ്ച് ഉയരമുണ്ട് ഫ്രാൻസിസ് ഇഗ്നേഷ്യസിന്. ശരീരംകൊണ്ട് മാത്രമല്ല കളിയിലും അതികായൻ. ആരും കൂടെക്കളിക്കാൻ മോഹിക്കുന്ന വിരുത്. ഒന്നിച്ച് കളിച്ചവർക്കെല്ലാം പറയാനുള്ളത് ഈ ഗോളി ടീമിന് നൽകുന്ന സുരക്ഷാവലയം. ഗോൾ പോസ്റ്റിൽനിന്ന് അലർച്ച ഉയർന്നാലുറപ്പാണ്, പന്ത് വലമുട്ടിയിട്ടില്ല. ഫ്രാൻസിസ് ഇഗ്നേഷ്യസ് എന്ന മുൻ ഇന്ത്യൻ ഗോളിയുടെ കരവലയത്തിലായിരുന്നു ടീമിന്റെ ആത്മവിശ്വാസം. വിക്ടർ മഞ്ഞിലയ്ക്കുശേഷം കളിക്കാരുടെ മനസ്സ് കീഴടക്കിയ ഗോളിയായിരുന്നു ഫ്രാൻസിസ്. ഉയരത്തിനൊത്ത ആവേശം. പന്ത് കൈയിലെടുത്ത് എറിയുമ്പോഴേ എതിർഗോൾമുഖത്തിനരികിലെത്തും. ഇതു ടീമിനു വലിയ ആത്മവിശ്വാസവും ആവേശവും നൽകി. ഫ്രാൻസിസിനെ മറികടന്ന് ഹെഡ്ഡറിലൂടെ ഗോൾ നേടുന്നത് ഏറെ ബുദ്ധിമുട്ടായിരുന്നു. അവരുടെ തലയ്ക്കും മീതേ ചാടി ഫ്രാൻസിസ് പന്ത് പിടിച്ചെടുക്കും. കേരള പോലീസിനുവേണ്ടി ആദ്യം കളിച്ച ഫ്രാൻസിസ് ഇഗ്നേഷ്യസ് പിന്നീട് തട്ടകം ഐ.ടി.ഐ. ആക്കി. കേരള പോലീസ് വിട്ട് ബെംഗളൂരു ഐ.ടി.െഎ.-യിൽ ചേർന്നശേഷം ഫ്രാൻസിസ് കർണാടക ടീമിൽ അംഗമായി കേരളത്തിനെതിരേ കളിച്ചിട്ടുണ്ട്. 1984-െല കേരള പോലീസ് ടീം. മേൽനിരയിൽ ചുവന്ന ഡ്രസിലുള്ളത്ഫ്രാൻസിസ് ഇഗ്നേഷ്യസ്. നിൽക്കുന്നവരിൽ ഇടത്തുനിന്ന് ഒന്നാമത് യു. ഷറഫലി, രണ്ടാമത് വി.പി. സത്യൻ കേസിലും വിജയം നേടിയ ഗോളി തൃശ്ശൂർ: കേരള പോലീസിന്റെ മികച്ച കളിക്കാരനായ ഫ്രാൻസിസ് ഇഗ്നേഷ്യസ് ടീം വിട്ടത് കേസുകൊടുത്ത് ജയിച്ച്. മികച്ച ഗോളിയായ ഫ്രാൻസിസ് ഇഗ്നേഷ്യസിനെ രാജിവെച്ചുപോകാൻ കേരള പോലീസ് അനുമതി നൽകിയില്ല. ഇദ്ദേഹത്തിന് ബെംഗളൂരു ഐ.ടി.ഐ.യിൽ നിന്ന് നല്ല വാഗ്ദാനം വന്നതോടെയാണ് കേരള പോലീസ് ടീം വിട്ട് പോകാനുള്ള നീക്കം നടത്തിയത്. അതിനായി രാജി സമർപ്പിച്ചപ്പോഴാണ് ഇത് അംഗീകരിക്കാൻ കേരള പോലീസ് ഡി.ജി.പി. തയ്യാറാകാതിരുന്നത്. തുടർന്നാണ് ഫ്രാൻസിസ് രാജിവെയ്ക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഹവിൽദാർ തസ്തികയിലായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസിന് കേരള പോലീസിൽ നിയമനം നൽകിയത്. കേരള പോലീസ് നിയമത്തിൽ ഹവിൽദാർ എന്നത് പോലീസ് ഓഫീസർ നിർവചനത്തിൽ വരില്ലെന്നും കേരള പോലീസ് ആക്ട് ബാധകമല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഇതേത്തുടർന്ന് രാജിവെച്ച് പോകാൻ പോലീസ് സമ്മതം നൽകുകയായിരുന്നു. 1984-ലാണ് ഫ്രാൻസിസ് കേരള പോലീസ് ടീമിൽ ചേർന്നത്. 1987 ഓഗസ്റ്റ് മൂന്നിനാണ് ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് കിട്ടിയത്. ഇഗ്നേഷ്യസിന്റെ പോസ്റ്റിലേയ്ക്ക് ഫോർവേഡുകൾക്ക് ചെല്ലാൻ പേടി ഇരിങ്ങാലക്കുട: ഒന്നിച്ചു പഠിച്ചതാണെങ്കിലും കൂടുതൽ തവണയും തന്റെ എതിർ ടീമിലായിരുന്നു ഫ്രാൻസിസ് കളിച്ചിരുന്നതെന്ന് ക്രൈസ്റ്റ് കോളേജ് പഠനകാലത്തെ സുഹൃത്തും സഹകളിക്കാരനുമായിരുന്ന ഫുട്ബോൾതാരം ഷറഫലി. 1981-ൽ പ്രീഡിഗ്രിക്ക് ഒരുമിച്ചാണ് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പഠിച്ചത്. കേരള സബ് ജൂനിയർ ടീമിലും കേരള ജൂനിയർ ടീമിലും ഫ്രാൻസിസ് ഇഗ്നേഷ്യസ് ഉണ്ടായിരുന്നു. ഈ രണ്ടുവർഷവും ക്രൈസ്റ്റ് കോളേജിന്റെ ഗോൾ കീപ്പറായിരുന്നു ഇഗ്നേഷ്യസ്. തുടർച്ചയായി മൂന്നുവർഷം ക്രൈസ്റ്റ് കോളേജ് ഇന്റർ കൊളീജിയറ്റ് ചാമ്പ്യൻമാരായപ്പോൾ ഫ്രാൻസിസായിരുന്നു ഗോൾ കീപ്പർ. അതുകഴിഞ്ഞ് ഒരുമിച്ചാണ് കേരള പോലീസ് ടീമിൽ ചേർന്നത്. നല്ല ഉയരവും ശരീരവുമുള്ള ആളായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ്. അദ്ദേഹത്തിന്റെ പോസ്റ്റിലേയ്ക്ക് ഫോർവേഡുകൾക്ക് ചെല്ലാൻ പേടിയായിരുന്നെന്നും ഷറഫലി പറഞ്ഞു. 84-ൽ കേരള പോലീസ് രൂപവത്കരിക്കുന്ന സമയത്ത് ഗോൾ കീപ്പറായിരുന്നു ഫ്രാൻസിസ് ഇഗ്നേഷ്യസ്. പിന്നീട് നല്ല ഓഫർ കിട്ടിയപ്പോൾ ബാംഗ്ളൂർ ഐ.ടി.ഐ.യിലേക്ക് പോയി. കേരള പോലീസിൽനിന്ന് ഐ.ടി.ഐ.യിലേക്ക് പോയതോടെ ഭൂരിഭാഗം കളികളിലും ഞങ്ങൾ എതിരായിട്ടായിരുന്നു വന്നിരുന്നത്. ഈ സമയത്ത് ഫ്രാൻസിസ് ഇഗ്നേഷ്യസ് കർണാടകയ്ക്കുവേണ്ടി സന്തോഷ് ട്രോഫി കളിച്ചിട്ടുണ്ട്. സന്തോഷ് ട്രോഫിക്കു പുറമേ ദേശീയ ഗെയിംസുമെല്ലാം കളിക്കുമ്പോൾ ഇഗ്നേഷ്യസ് എതിരായി വന്നിട്ടുണ്ട്. 89-90 സമയത്ത് ഫ്രാൻസിസ് ഇഗ്നേഷ്യസ് ഇന്ത്യൻ ക്യാമ്പിലും ഏഷ്യൻ ഗെയിംസ് ക്യാമ്പിലും ഉണ്ടായിരുന്നു. കോളേജ് പഠനകാലത്ത് തുടങ്ങിയ സൗഹൃദം, എതിർചേരിയിൽ നിൽക്കുമ്പോഴും തുടർന്നിരുന്നതായും ഷറഫലി ഓർത്തു.

from mathrubhumi.latestnews.rssfeed https://ift.tt/2VpoQfV
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍