കേരളത്തിലെ ജയിലുകള്‍ കൊറോണ വ്യാപനകേന്ദ്രങ്ങളെന്ന ആരോപണവുമായി സുപ്രീം കോടതിയില്‍ ഹര്‍ജി 

ന്യൂഡൽഹി: തടവുകാരെ പാർപ്പിക്കുന്ന കേരളത്തിലെ ജയിലുകൾ കൊറോണ വ്യാപനകേന്ദ്രങ്ങൾ ആണെന്ന് ആരോപിച്ച് സുപ്രീം കോടതിയിൽ റിട്ട് ഹർജി. സ്ഥലപരിമിതി മൂലം കേരളത്തിലെ ജയിലുകളിൽ തടവുകാർക്ക് ഇടയിൽ സാമൂഹിക അകലം പാലിക്കാൻ കഴിയുന്നില്ല. തടവ്പുള്ളികൾക്ക് പരോൾ തീരുമാനിക്കാൻ സുപ്രീം കോടതി രൂപീകരിച്ച ഉന്നതാധികാര സമിതി നിർജീവമാണെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന പ്രതിയുടെ ഭാര്യയാണ് സംസ്ഥാന സർക്കാരിന് എതിരേ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. തന്റെ ഭർത്താവ് ഉൾപ്പടെ ഏഴ് തടവുകാരെ തലശേരി സബ് ജയിലിൽ പത്ത്-പന്ത്രണ്ട് അടി മാത്രംവിസ്തീർണ്ണമുള്ള മുറിയിലാണ് പാർപ്പിച്ചത്. രാവിലെയും വൈകിട്ടും ഇരുപത് മിനുട്ട് വീതം ആണ് ശുചിമുറി ഉപയോഗിക്കുന്നതിനായി സെല്ലിന് പുറത്ത് പോകാൻ അനുവദിച്ചിരുന്നതെന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. 34 തടവുകാർക്ക് ആയി നാല് ശുചിമുറികൾ മാത്രമാണ് ഉണ്ടായിരുന്നത്. യാതൊരു തരത്തിലുള്ള മുൻകരുതലുകളും സ്വീകരിക്കാത്തതിനാൽ തലശേരി ജയിലിൽ കഴിയുന്ന 34 തടവുകാരിൽ 30 പേർക്ക് കഴിഞ്ഞ രണ്ട് ആഴ്ചയ്ക്കിടയിൽ കോവിഡ് റിപ്പോർട്ട് ചെയ്തിരുന്നു. പൂജപ്പുര സെൻട്രൽ ജയിലിൽ ഒരാൾ മരിക്കുകയും 130 ജയിൽ ജീവനക്കാർക്ക് കോവിഡ് പോസിറ്റീവാകുകയും ചെയ്തിരുന്നു. പരോളിൽ ആയിരുന്ന തന്റെ ഭർത്താവ് തലശേരി സബ് ജയിലിൽ എത്തിയതിന് പിന്നാലെ കോവിഡ് പിടിപെട്ടു എന്നും ഹർജിയിൽ ആരോപിച്ചിട്ടുണ്ട്. കണ്ണൂർ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഭർത്താവിന്റെ സ്ഥിതി അതീവഗുരുതരമാണെന്നും ഹർജിയിൽ കണ്ണൂർ സ്വദേശിനി വിശദീകരിച്ചിട്ടുണ്ട്. അതിനാൽ അടിയന്തരമായി ഭർത്താവിന് വീണ്ടും പരോൾ അനുവദിക്കണമെന്നാണ് യുവതിയുടെ ആവശ്യം. ഇതേ ആവശ്യം ഉന്നയിച്ച് കണ്ണൂർ ജയിലിൽ കഴിയുന്ന മലപ്പുറം സ്വദേശിയും സുപ്രീം കോടതിയിൽ റിട്ട് ഹർജി സമർപ്പിച്ചിട്ടുണ്ട്. അഭിഭാഷകൻ ആയ ഷിനോജ് നാരായൺ ആണ് സുപ്രീം കോടതിയിൽ റിട്ട് ഹർജികൾ ഫയൽ ചെയ്തിരിക്കുന്നത്. Content Highlights:Petition filed in the Supreme Court alleging that the jails in Kerala are corona spreading centers

from mathrubhumi.latestnews.rssfeed https://ift.tt/36M8eFx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍