മൗനം ആയുധമാക്കി നേതാക്കൾ; അനുരഞ്ജനത്തിന്റെ വഴിയടയ്ക്കാതെ മന്ത്രിമാർ

ന്യൂഡൽഹി: ഒരാഴ്ചയിലേറെയായി തുടരുന്ന കർഷകപ്രക്ഷോഭത്തിന് പരിഹാരം കാണാൻ ശനിയാഴ്ച നടത്തിയ ചർച്ചയിലും തീരുമാനമായില്ല. കേന്ദ്രസർക്കാർ വിട്ടുവീഴ്ചയുടെ ഭാവത്തിലായിരുന്നെങ്കിലും നിലപാടിൽ നിന്നു പിന്നോട്ടുപോകാൻ കർഷകസംഘടനകൾ തയ്യാറായിരുന്നില്ല. മിനിമം താങ്ങുവില ഉൾപ്പെടെയുള്ള ഉറപ്പുകൾ വീണ്ടും മന്ത്രിമാർ ആവർത്തിച്ചതോടെ ചർച്ചയല്ല പരിഹാരമാണ് വേണ്ടതെന്ന് നേതാക്കൾ നിലപാടെടുത്തു. ഇല്ലെങ്കിൽ ഇറങ്ങിപ്പോവുമെന്നും അറിയിച്ചു. നേതാക്കളെല്ലാം ഏറെ നേരം മൗനമായി ഇരുന്നുകൊണ്ടുള്ള പ്രതിഷേധത്തിനും വിജ്ഞാൻഭവൻ സാക്ഷിയായി. കാർഷിക നിയമങ്ങൾ പിൻവലിക്കുമോ എന്ന ആവശ്യത്തിൽ 'യെസ് അല്ലെങ്കിൽ നോ' എന്ന പ്ലക്കാർഡുകളും കർഷകനേതാക്കൾ കൈകളിലേന്തി. കോർപ്പറേറ്റ് കൃഷി തങ്ങൾക്ക് ആവശ്യമില്ലെന്ന് യോഗത്തിൽ നേതാക്കൾ അറിയിച്ചു. ഇപ്പോഴത്തെ നിയമങ്ങൾ സർക്കാരിനു പ്രയോജനകരമാവാം. കർഷകർക്ക് ഗുണകരമല്ല. ഒരു വർഷംവരെ കഴിയാനുള്ള ഭക്ഷ്യവസ്തുക്കൾ കൈയിൽ കരുതിയിട്ടുണ്ട്. നിയമങ്ങൾ പിൻവലിക്കുന്നതുവരെ സമാധാനപരമായി സമരരംഗത്തുണ്ടാവുമെന്നും നേതാക്കൾ വ്യക്തമാക്കി. തുടർന്ന്, സർക്കാർതലത്തിലുള്ള ചർച്ചനടത്താൻ കൂടുതൽ സമയം വേണമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ അഭ്യർഥിച്ചു. സംസ്ഥാനങ്ങളുമായും കൂടിയാലോചിക്കേണ്ടതുണ്ട്. കർഷകരുടെ ആവശ്യങ്ങളെല്ലാം പരിഹരിക്കാൻ തയ്യാറാണെന്നും ഗൗരവമായാണ് സർക്കാർ പ്രശ്നത്തെ കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിശൈത്യവും കോവിഡ് സാഹചര്യവും കണക്കിലെടുത്ത് മുതിർന്നവരെയും കുട്ടികളെയും സമരകേന്ദ്രത്തിൽനിന്ന് വീടുകളിലേക്ക് തിരിച്ചയക്കാൻ നേതാക്കൾ തയ്യാറാവണമെന്നും മന്ത്രി അഭ്യർഥിച്ചു. വാണിജ്യമന്ത്രി പീയൂഷ് ഗോയൽ, സഹമന്ത്രി സോംപ്രകാശ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. Content Highlights:Farmers protest New Delhi

from mathrubhumi.latestnews.rssfeed https://ift.tt/3ge30FE
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍