തിരുവനന്തപുരം: വീടുകളിൽ പുരപ്പുറ സൗരോർജപ്ലാന്റുകൾ സ്ഥാപിക്കാൻ 200 മെഗാവാട്ടിന്റെ പദ്ധതികൂടി കേന്ദ്രസർക്കാർ കേരളത്തിന് അനുവദിച്ചു. ഇതിലൂടെ ഏകദേശം 66,000 പേർക്ക് സബ്‌സിഡിയോടെ വീടുകളിൽ സൗരോർജപ്ലാന്റുകൾ സ്ഥാപിക്കാനാവും. ഇതിനുള്ള രജിസ്‌ട്രേഷൻ വൈദ്യുതിബോർഡ് തുടരുകയാണ്. നേരത്തേ 50 മെഗാവാട്ട് പദ്ധതി കേരളത്തിന് അനുവദിച്ചിരുന്നു. ‘സൗര’ എന്ന പേരിൽ കേന്ദ്രസർക്കാർ ആസൂത്രണംചെയ്ത പദ്ധതിയിൽ കേരളത്തിൽ ഇതുവരെ 8000 പേർ രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവരെല്ലാം ചേർന്ന് സ്ഥാപിക്കാനിരിക്കുന്ന പ്ലാൻറുകളിൽനിന്ന് 30 മെഗാവാട്ട് സൗരവൈദ്യുതി ഉത്‌പാദിപ്പിക്കാം. ഇതിന് കരാറുകാരുടെ പാനൽ തയ്യാറായി. അപേക്ഷിച്ചവർക്ക് കരാറുകാരെ തിരഞ്ഞെടുക്കാം. കരാറുകാരും വൈദ്യുതിബോർഡും ചേർന്നാണ് പ്ലാന്റുകൾ സ്ഥാപിക്കുക. രണ്ട് മാതൃകകളാണ് പദ്ധതിക്കുള്ളത്. കേരളമാതൃകയും കേന്ദ്രസർക്കാർ മാതൃകയും. പ്ലാന്റ് സ്ഥാപിക്കാൻ ഉപഭോക്താവും കെ.എസ്.ഇ.ബി.യും ചേർന്ന് മുതൽമുടക്കുന്നതാണ് കേരള മാതൃക. ഉപഭോക്താവിന്റെ വിഹിതമനുസരിച്ച് ഉത്‌പാദിക്കുന്ന വൈദ്യുതിയുടെ നിശ്ചിതശതമാനം ഉപഭോക്താവിന് ലഭിക്കും.12 ശതമാനം മുടക്കിയാൽ വൈദ്യുതിയുടെ 25 ശതമാനം ഉപഭോക്താവിന് ലഭിക്കും. 20 ശതമാനം മുതൽ മുടക്കിയാൽ 40 ശതമാനവും 25 ശതമാനം മുതൽമുടക്കുന്നവർക്ക് 50 ശതമാനവും കിട്ടും. സബ്ഡിഡി കിഴിച്ചുള്ള തുകയാണ് ബോർഡ് മുടക്കുക.കേന്ദ്രസർക്കാർ മാതൃകയിൽ സബ്ഡിഡി കിഴിച്ചുള്ള മുതൽമുടക്ക് ഉപഭോക്താവ് വഹിക്കണം. ഉത്‌പാദിപ്പിക്കുന്ന വൈദ്യുതിമുഴുവൻ ഉപഭോക്താവിന് ലഭിക്കും.ഒരു കിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാൽ മാസം ശരാശരി 120 യൂണിറ്റ് വൈദ്യുതി ഉത്‌പാദിപ്പിക്കാം. പ്ലാന്റിനുവേണ്ടത് 100 ചതുരശ്രമീറ്റർ സ്ഥലം. മൂന്നുകിലോവാട്ട് പ്ലാന്റ് സ്ഥാപിച്ചാൽ രണ്ടുമാസത്തിൽ 720 യൂണിറ്റ് ഉത്‌പാദിപ്പിക്കാം. കെ.എസ്.ഇ.ബി.യിൽനിന്ന് ഇത്രയും വൈദ്യുതി വാങ്ങിയാൽ നിലവിലെ നിരക്കനുസരിച്ച് 4500 രൂപ നൽകണമെന്ന് സൗര നോഡൽ ഓഫീസറും ഡെപ്യൂട്ടി ചീഫ് എൻജിനിയറുമായ എ.നാസറുദ്ദീൻ പറഞ്ഞു. കേരളമാതൃകയിൽ മൂന്നുകിലോവാട്ട് പ്ലാന്റിന് ഉപഭോക്താവ് 12 ശതമാനം വിഹിതംവഹിച്ചാൽ നൽകേണ്ടത് 15,120 രൂപ. 20 ശതമാനമായാൽ 25,200 രൂപ. 25 ശതമാനമാണെങ്കിൽ 31,500 രൂപ. സബ്ഡിഡി കഴിച്ചുള്ള തുകയാണിത്. ഇതിൽ 25 മുതൽ 50 ശതമാനംവരെ വൈദ്യുതി ഉപഭോക്താവിന് ലഭിക്കും. രണ്ട് കിലോവാട്ടാണെങ്കിൽ ചെലവ് യഥാക്രമം 10,320രൂപ, 17,200രൂപ, 21,500 രൂപ എന്നിങ്ങനെയാണ്.രണ്ടാമത്തെ മാതൃകയിൽ രണ്ടുകിലോവാട്ട് പ്ലാന്റ് സ്ഥാപിക്കാൻ ഉപഭോക്താവ് നൽകേണ്ടത് 51,599 രൂപ. മൂന്ന് കിലോവാട്ടിന് 75,000 രൂപ. നാലിന് 1,06,340 രൂപ. പത്തുകിലോവാട്ടിന് 3,02,660 രൂപ.ഇതിനകം അപേക്ഷിച്ചവരുടെ വീടുകളിൽ സൗരോർജപ്ലാന്റുകൾ സ്ഥാപിക്കുന്നത് മാർച്ചിൽ പൂർത്തിയാകുമെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2JK2dAq
via IFTTT
0 അഭിപ്രായങ്ങള്‍