ബാങ്കില്‍ വ്യാജസ്വര്‍ണം പണയംവെച്ച് 1.69 കോടി തട്ടി; യുവതി പിടിയില്‍

കെ.കെ. ബിന്ദു കോഴിക്കോട്: പി.എം. താജ് റോഡിലെ യൂണിയൻ ബാങ്ക് ശാഖയിൽനിന്ന് സ്വർണമെന്ന വ്യാജേന അഞ്ചരക്കിലോ മുക്കുപണ്ടം പണയംവെച്ച് 1,69,51,385 രൂപ തട്ടിയ വയനാട് സ്വദേശിനിയെ ടൗൺ പോലീസ് അറസ്റ്റുചെയ്തു. വയനാട് ഇരുളം പുതിയേടത്ത് വീട്ടിൽ കെ.കെ. ബിന്ദു (43) ആണ് പിടിയിലായത്. കേസിൽ ബാങ്കിലെ അപ്രൈസർ ഉൾപ്പടെ ഒമ്പതുപേരെ പ്രതികളാക്കിയാണ് പോലീസ് അന്വേഷണം നടത്തുന്നത്. 2020 ഫെബ്രുവരിമുതൽ ഒമ്പത് അക്കൗണ്ടുകളിൽനിന്നായി 44 തവണകളായാണ് വ്യാജസ്വർണം ബാങ്കിൽ പണയം വെച്ചത്. ബാങ്കിന്റെ വാർഷിക ഓഡിറ്റുമായി ബന്ധപ്പെട്ട് നടത്തിയ പരിശോധനയിലാണ് തട്ടിപ്പുവിവരം മനസ്സിലായത്. ഇതോടെ അധികൃതർ ടൗൺ പോലീസിൽ പരാതിനൽകി. തുടർന്ന് സിറ്റി പോലീസ് ചീഫ് എ.വി. ജോർജ് സൗത്ത് അസിസ്റ്റന്റ് കമ്മിഷണർ എ.ജെ. ബാബുവിന്റെ നേതൃത്വത്തിൽ സ്ക്വാഡ് രൂപവത്കരിച്ച് അന്വേഷണം നടത്തി. ഇങ്ങനെയാണ് ബിന്ദുവിനെക്കുറിച്ച് വിവരം ലഭിച്ചത്. തുടർന്ന് ടൗൺ പോലീസ് സി.ഐ. എ. ഉമേഷിന്റെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തു. മുമ്പ് ചിട്ടിതട്ടിപ്പുകേസിലും പ്രതിയായ ഇവർ ജാമ്യത്തിൽ കഴിയുകയായിരുന്നു. നടക്കാവ് ബിലാത്തികുളത്തെ വാടക ഫ്ലാറ്റിലാണ് ഇപ്പോൾ താമസം. ബിന്ദുവിന്റെ ഉടമസ്ഥതയിലുള്ള പി.എം. താജ് റോഡിലെ പിങ്ക് ബ്യൂട്ടി പാർലറിലും മെസ് ഹൗസിലും മിഠായിത്തെരുവിലെ പിങ്ക് സ്റ്റിച്ചിങ് യൂണിറ്റിലും ടൗൺ പോലീസ് പരിശോധന നടത്തി. ഇവിടങ്ങളിൽനിന്നും വ്യാജസ്വർണം പിടികൂടിയിട്ടുണ്ട്. ഈ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പേരിലും മുക്കുപണ്ടം പണയംവെച്ചിട്ടുണ്ട്. പെട്ടെന്ന് മുക്കുപണ്ടമാണെന്ന് തിരിച്ചറിയാത്ത തരത്തിൽ ആഭരണങ്ങളിൽ 10 ശതമാനത്തോളം സ്വർണം പൂശിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. വ്യാജ സ്വർണം വാങ്ങാനായി ഇവർക്ക് 90 ലക്ഷം രൂപ ചെലവായതായി പോലീസ് പറഞ്ഞു. ബാങ്ക് ജീവനക്കാരുടെ ഒത്താശയോടെയാണോ തട്ടിപ്പു നടന്നതെന്നും കൂടുതൽപേർക്ക് ബന്ധമുണ്ടോയെന്നും ബിന്ദുവിനെ കൂടുതൽ ചോദ്യംചെയ്താൽമാത്രമേ വ്യക്തമാവുകയുള്ളൂവെന്ന് സി.ഐ. എ. ഉമേഷ് പറഞ്ഞു. ടൗൺ പോലീസ് എസ്.ഐ.മാരായ കെ.ടി. ബിജിത്ത്, പി.വാസുദേവൻ, എ.എസ്.ഐ. മുഹമ്മദ് സബീർ, എസ്.സി.പി.ഒ. ഉദയകുമാർ, സുനിത, സിജി, സി.പി.ഒ. സജീഷ്, സിജിത്ത്, ഷിജു, സുധില വേണുഗോപാൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. content highlights: woman arrested for duping bank of 1.69 crore by mortgaging duplicate gold

from mathrubhumi.latestnews.rssfeed https://ift.tt/36OMby9
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍