കെ-ഫോൺ: ലക്ഷ്യം കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ്

തിരുവനന്തപുരം: ഇന്റർനെറ്റ് ലഭ്യത പൗരന്റെ അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കുറഞ്ഞ നിരക്കിൽ തടസ്സങ്ങളില്ലാത്ത, അതിവേഗ ഇന്റർനെറ്റ് ലഭ്യത സാധ്യമാക്കുന്ന പദ്ധതിയാണ് കേരള ഫൈബർ ഒപ്ടിക്ക് നെറ്റ്വർക്ക് (കെ-ഫോൺ). കേരളത്തിലുടനീളം 52,746 കിലോമീറ്റർ ഒപ്ടിക്കൽ ഫൈബർ കേബിളുകൾ സ്ഥാപിച്ച് അതിലൂടെ ഇന്റർനെറ്റ് ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. കോർ നെറ്റ്വർക്കിൽനിന്ന് ഇന്റർനെറ്റ് കണക്ഷനുള്ള കേബിൾ കെ.എസ്.ഇ.ബി.യുടെ പോസ്റ്റുകളിലൂടെ വീടുകളിലും ഓഫീസുകളിലും എത്തിക്കും. വിവിധ ഇന്റർനെറ്റ് സേവനദാതാക്കൾക്കുള്ള പ്ലാറ്റ്ഫോമായിട്ടാകും കെ-ഫോൺ പ്രവർത്തിക്കുക. ഏത് സേവനദാതാവിനും ഏത് വീട്ടിലേക്കും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനാകും. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ, തദ്ദേശ സ്ഥാപനങ്ങൾ, ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലും ഇരുപത് ലക്ഷത്തോളം കുടുംബങ്ങൾക്കും സൗജന്യമായി ഇന്റർനെറ്റ് ലഭിക്കും. മറ്റുള്ളവർക്ക് കുറഞ്ഞ നിരക്കിൽ ലഭിക്കും. 1548.68 കോടിക്ക് ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നൽകുന്ന കൺസോർഷ്യത്തിനാണ് പദ്ധതിയുടെ ടെൻഡർ ലഭിച്ചത്. 2017 മേയ് 18-ന് ഭരണാനുമതി ലഭിച്ച പദ്ധതി ഇക്കൊല്ലം ഡിസംബറോടെ യാഥാർഥ്യമാക്കാനായിരുന്നു തീരുമാനം. കോവിഡ് വ്യാപനം സൃഷ്ടിച്ച തടസ്സങ്ങൾ ഏതാനും മാസത്തേക്ക് പദ്ധതി വൈകിപ്പിച്ചേക്കും. കേരള സ്റ്റേറ്റ് ഐ.ടി. ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ്, വൈദ്യുതി ബോർഡ് എന്നിവയ്ക്ക് 49 ശതമാനംവീതവും സർക്കാരിന് രണ്ടുശതമാനം ഓഹരിയുമാണ് കെ. ഫോണിൽ. പി.ഡബ്ല്യു.സി.യുടെ കരാർ നീട്ടില്ല; പുതിയ സംഘം ഐ.ടി. വകുപ്പിൽനിന്ന് പദ്ധതിയുടെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റായ പ്രൈസ്വാട്ടർഹൗസ് കൂപ്പേഴ്സിന്റെ (പി.ഡബ്ലു.സി.) കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനം. 30-ന് കരാർ അവസാനിക്കും. വകുപ്പിനുള്ളിൽനിന്നുതന്നെ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനെ തയ്യാറാക്കാൻ ഐ.ടി. വകുപ്പ് ശുപാർശ നൽകി. സർക്കാർ തീരുമാനം വന്നാലുടൻ നിയമനങ്ങൾ നടത്തും. കമ്പനി രൂപവത്കരിച്ചതുമുതൽ കെ.എസ്.ഐ.ടി.ഐ.എലിനായിരുന്നു മേൽക്കോയ്മ. അന്നത്തെ ചെയർമാനായിരുന്ന മുൻ ഐ.ടി. സെക്രട്ടറി എം. ശിവശങ്കറായിരുന്നു പി.ഡബ്ലു.സി.യെ നിശ്ചയിച്ചത്. ആദ്യഘട്ടത്തിൽ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനെ പുറത്തുനിന്ന് നിയമിക്കാമെങ്കിലും ദീർഘകാല ആവശ്യത്തിനായി പിന്നീട് വകുപ്പിനുള്ളിൽനിന്നുതന്നെ ഇത് സജ്ജമാക്കണമെന്നായിരുന്നു നിർദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.ഡബ്ല്യു.സി.യുടെ കാലാവധി നീട്ടേണ്ടതില്ലെന്ന് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയിച്ചിട്ടുള്ളത്. content highlights: k fon and its aim

from mathrubhumi.latestnews.rssfeed https://ift.tt/3eq0taC
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍