ബെംഗളൂരു: തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ബിനീഷ് കോടിയേരി. ശാരീരിക അവശതയുണ്ടെന്നും ബിനീഷ് മാതൃഭൂമിയോട് പ്രതികരിച്ചു. തിങ്കളാഴ്ച രാവിലെ ചോദ്യം ചെയ്യലിനായി ബെംഗളൂരുവിലെ ഇ.ഡി ഓഫീസിൽ എത്തിച്ചപ്പോഴായിരുന്നു ബിനീഷിന്റെ പ്രതികരണം. കള്ളക്കേസാണോ എന്ന് ചോദ്യത്തിന് അതെ എന്ന് ബിനീഷ് തലയാട്ടി പ്രതികരിച്ചു. ഇന്നലേയും ബിനീഷ് ഇ.ഡിക്കെതിരെ പ്രതികരിച്ചിരുന്നു. ചെയ്യാത്ത കാര്യങ്ങൾ സമ്മതിക്കാൻ ഇ.ഡി. ഉദ്യോഗസ്ഥർ നിർബന്ധിക്കുകയാണെന്ന് ചോദ്യം ചെയ്യലിനിടെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സയ്ക്കായി ബൗറിങ് ആശുപത്രിയിലെത്തിയ ബിനീഷ് കോടിയേരി പ്രതികരിച്ചു. കൂടുതൽ സംസാരിക്കാൻ ഉദ്യോഗസ്ഥർ അനുവദിച്ചില്ല. ലഹരിമരുന്നുകേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) തുടർച്ചയായ ചോദ്യംചെയ്യലിലാണ് ഇന്നലെ ബിനീഷിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. കടുത്ത നടുവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനാൽ വൈകീട്ട് 4.15 ന് ശിവാജി നഗറിലെ ബൗറിങ് ആശുപത്രിയിലെത്തിച്ചത്. രാത്രി 9.15 ഓടെ തിരിച്ച് വിൽസൺ ഗാർഡൻ പോലീസ് സ്റ്റേഷനിലെത്തിച്ചു. തിങ്കളാഴ്ച രാവിലെ ഇ.ഡി ഓഫീസിലെത്തിച്ചപ്പോഴും ബിനീഷ് ശാരീരിക അവശതകൾ നേരിടുന്നതായി പ്രകടമാണ്. അതേസമയം നാല് ദിവസത്തെ കസ്റ്റഡി കാലാവധി അവസാനിച്ചതിനെ തുടർന്ന് ബിനീഷിനെ ഇന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ബെംഗളൂരു കോടതിയിൽ ഹാജരാക്കും. ബിനീഷിന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ ഫയൽ ചെയ്യും. മയക്കുമരുന്ന് കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ട് ബിനീഷിനെ ഇന്ന് നാർകോട്ടിക്സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചനകൾ. Content Highlights:Bineesh Kodiyeri denies allegations against him
from mathrubhumi.latestnews.rssfeed https://ift.tt/3oMFqUi
via IFTTT
0 അഭിപ്രായങ്ങള്‍