കോട്ടയത്തെ പെൺകെണി; നാലുപേർകൂടി അറസ്റ്റിൽ

കോട്ടയം: സ്വർണവ്യാപാരിയെ പെൺകെണിയിൽപെടുത്തി രണ്ടുലക്ഷം തട്ടിയെടുത്ത കേസിൽ ഒളിവിൽ കഴിഞ്ഞുവന്ന അന്തസ്സംസ്ഥാന കുറ്റവാളിയടക്കം നാല് പ്രതികൾകൂടി അറസ്റ്റിലായി. കുഴൽപൊട്ടിക്കുക എന്നറിയപ്പെടുന്ന അനധികൃത പണം കൊണ്ടുപോകുന്ന വാഹനങ്ങൾ കവർച്ചചെയ്യുന്ന സംഘത്തലവൻ കണ്ണൂർ തളിപ്പറമ്പ് കുറ്റിയാട്ടൂർ മയ്യിൽ നൗഷാദ് (41), ഇയാളുടെ മൂന്നാം ഭാര്യ കാസർകോട് തൃക്കരിപ്പൂർ എളംബച്ചി പുത്തൻപുരയിൽ ഫസീല (34), കാസർകോട് പടന്ന ഉദിനൂർ അൻസാർ (23),ഭാര്യ സുമ(30) എന്നിവരെയാണ് കർണാടകയിൽനിന്നു കോട്ടയം ഡിവൈ.എസ്.പി. ആർ.ശ്രീകുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തത്. പോലീസ് സംഘം ഒരാഴ്ചയായി കാസർകോട് താമസിച്ചാണ് പ്രതികളെ പിടികൂടിയത്. കോവിഡിനെ തുടർന്ന് ഹവാലാ പണത്തിൽനിന്നുള്ള വരുമാനം നഷ്ടപ്പെട്ടതോടെ പ്രതി നൗഷാദ് പുതിയ വരുമാനമാർഗം തേടിയാണ് സുഹൃത്തിന്റെ സഹായത്തോടെ കോട്ടയത്തെത്തിയത്. രണ്ടാം ഭാര്യയെയും കൂട്ടുകാരിയെയും ഉപയോഗിച്ച് ബിസിനസ് ആവശ്യത്തിനെന്ന വ്യാജേന ചിങ്ങവനം സ്വദേശിയായ സ്വർണവ്യാപാരിയെ കോട്ടയം നഗരത്തിലെ അപ്പാർട്ട്മെന്റിലേക്ക് വരുത്തി. കൂട്ടാളികളുടെ സഹായത്തോടെ മർദിച്ച് അവശനാക്കി പെൺകെണി മാതൃകയിൽ സ്ത്രീയോടൊപ്പം ഇരുത്തി ഫോട്ടോ എടുത്തശേഷം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ തട്ടുകയായിരുന്നു. കോട്ടയം നഗരത്തിലെ ചില പ്രമുഖരെ കുടുക്കാൻ പദ്ധതിയിട്ടിരുന്നതായി പോലീസിനോട് പ്രതികൾ സമ്മതിച്ചു. മറ്റൊരു സ്വർണവ്യാപാരിയും പ്രമുഖ രാഷ്ട്രീയക്കാരനെയും കുടുക്കാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ചിങ്ങവനം സ്വദേശി പോലീസിൽ പരാതിപ്പെട്ടതോടെ പ്രതികൾ ഒളിവിൽപോവുകയായിരുന്നു. തട്ടിപ്പിന് സഹായികളായി പ്രവർത്തിച്ച പ്രവീൺ, മലപ്പുറം സ്വദേശി മുഹമ്മദ് ഹാനിഷ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം സ്വദേശിയായ ഗുണ്ടയും മറ്റൊരു കാസർകോട് സ്വദേശിയും ഒളിവിലാണ്. ഇവരെ അന്വേഷിച്ചുവരുകയാണ്. പോലിസ് പിൻതുടരുന്നതറിഞ്ഞ നൗഷാദ് തല മുണ്ഡനംചെയ്തു വേഷംമാറി കഴിയുകയായിരുന്നു. കണ്ണൂർ ജില്ലയിലും സമീപ പ്രദേശങ്ങളിലും, കർണാടക സംസ്ഥാനത്തുമായി ഇയാൾക്കെതിരേ ഇരുപതിലധികം സംഘംചേർന്ന് കവർച്ചക്കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒറ്റതവണ അഞ്ചുകോടി രൂപ കവർച്ചചെയ്തിട്ടുണ്ട്. മൂന്നാം ക്ലാസ് മാത്രം വിദ്യാഭ്യാസം ഉള്ള ഇയാൾക്ക് മൂന്നുഭാര്യമാരും ഉണ്ട്. ഹവാലപണവും നികുതി വെട്ടിച്ചു കടത്തുന്ന വലിയ തുകകളും നിരീക്ഷിച്ചു അവ കൊണ്ടുപോകുന്ന വാഹനങ്ങൾ വിവിധ റോഡുകളിൽ െവച്ചു ആക്രമിച്ച് പണം തട്ടുന്നതാണ് നൗഷാദിന്റെ രീതി. ഇയാളുടെ രണ്ടുസഹോദരങ്ങളും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. ജില്ലാ പോലിസ് മേധാവി ജി. ജയദേവിന്റെ നിർദേശപ്രകാരം കോട്ടയം ഈസ്റ്റ് പോലീസ് ഇൻസ്പെക്ടർ നിർമ്മൽ ബോസ്, എസ്.ഐ. രഞ്ജിത്ത് വിശ്വനാഥൻ, കോട്ടയം ഡിവൈ.എസ്.പി. ഓഫീസിലെ എ.എസ്.ഐ.അരുൺകുമാർ കെ.ആർ, എസ്.ഐ. ഷിബുക്കുട്ടൻ, സൈബർ സെല്ലിലെ മനോജ് കുമാർ വി.എസ്. എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോട്ടയത്തെത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. Content Highlight: Four people,arrested in honey trap case kottayam

from mathrubhumi.latestnews.rssfeed https://ift.tt/2GjgHFP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍