മൂന്നാർ: സി.പി.എം.ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ സി.ഐ.ടി.യു. നേതാവ് ക്വട്ടേഷൻ നൽകിയതായി വെളിപ്പെടുത്തൽ. മൂന്നാർ ഏരിയാ കമ്മിറ്റിക്കുകീഴിലുള്ള ലോക്കൽ സെക്രട്ടറിയെ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം കൊല്ലാൻ അഞ്ചുലക്ഷം രൂപയ്ക്ക് സി.ഐ.ടി.യു. നേതാവ് ക്വട്ടേഷൻ നൽകിയെന്നാണ് ചൊക്കനാട് സ്വദേശിയും നിരവധി കേസുകളിലെ പ്രതിയുമായ യുവാവ് മൂന്നാർ ഏരിയാ കമ്മിറ്റി ഓഫീസിനു മുന്നിലെത്തി മുതിർന്ന നേതാക്കളുടെ മുൻപിൽ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. സംഭവം കേട്ടുനിന്ന പ്രവർത്തകരിലൊരാൾ ഇതിന്റെ വീഡിയോ എടുത്ത് ബന്ധപ്പെട്ടവർക്ക് അയച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഒരുവർഷംമുമ്പ് ചൊക്കനാട് സ്വദേശിയായ യുവാവിനെ പഴയ മൂന്നാറിൽനടന്ന തട്ടിപ്പുകേസിൽ മൂന്നാർ എസ്.ഐ.യുടെ നേതൃത്വത്തിൽ പാലക്കാടുനിന്ന് അറസ്റ്റുചെയ്തു. ഇയാളെ അറസ്റ്റ് ചെയ്യരുതെന്ന സി.ഐ.ടി.യു. നേതാവ് പറഞ്ഞത് കേൾക്കാതെയാണ് പോലീസ് ഇയാളെ പിടികൂടിയത്. തന്നെ എസ്.ഐ. മർദിച്ചുവെന്നാരോപിച്ച് പ്രതി ചികിത്സ തേടി. സംഭവം വിവാദമായതിനെത്തുടർന്ന് എസ്.ഐ. അടക്കം മൂന്നുപേരെ ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തു. പിന്നീട്, ജൂലായ് ആദ്യവാരം എസ്.ഐ. അടക്കമുള്ളവർ കേസ് ഒത്തുതീർപ്പാക്കി. മൂന്നുലക്ഷം രൂപ നൽകിയാൽ കേസ് പിൻവലിക്കാമെന്നായിരുന്നു സി.ഐ.ടി.യു. നേതാവിന്റെ മധ്യസ്ഥതയിലുണ്ടാക്കിയ ധാരണ. ആദ്യഘട്ടമായി 1.80 ലക്ഷം രൂപ നൽകി. ബാക്കി തുകയ്ക്കായി യുവാവ് ഓഗസ്റ്റ് മാസത്തിൽ ഉദ്യോഗസ്ഥരെ സമീപിച്ചപ്പോഴാണ് സി.ഐ.ടി.യു. നേതാവിന്റെ വശം 1.20 ലക്ഷം നൽകിയതായി അറിഞ്ഞത്. ഇതേത്തുടർന്ന് ഇയാൾ നേതാവുമായി ബന്ധപ്പെടാൻ പലതവണ ശ്രമിച്ചെങ്കിലും നടക്കാതെ വന്നതോടെയാണ് ഏരിയാ കമ്മിറ്റി ഓഫിസിലെത്തി തന്നെ പറ്റിച്ച വിവരവും ലോക്കൽ സെക്രട്ടറിയെ കൊല്ലാൻ തനിക്ക് ക്വട്ടേഷൻ നൽകിയ വിവരവും വെളിപ്പെടുത്തിയത്. സംഭവം സംബന്ധിച്ച് ലോക്കൽ സെക്രട്ടറി വീഡിയോ ഉൾപ്പെടെ സി.പി.എം. പോളിറ്റ് ബ്യൂറോ, സംസ്ഥാന സെക്രട്ടറി എന്നിവർക്ക് പരാതി നൽകി. 2018-ലെ പ്രളയത്തിൽ ബാങ്കിന് പിന്നിൽ ഇടിഞ്ഞുവീണ മണ്ണുനീക്കാൻ 30 ലക്ഷം രൂപയ്ക്ക് കരാറെടുത്ത സി.ഐ.ടി.യു. നേതാവ്, ഈ മണ്ണ് പഴയ മൂന്നാറിലെ വൈദ്യുതിവകുപ്പിന്റെ ഹൈഡൽ പാർക്കിന്റെ സ്ഥലത്തെത്തിച്ച് നികത്തിക്കൊടുത്ത് ആവകയിൽ 30 ലക്ഷം രൂപ വേറെ ഈടാക്കിയെന്നതുൾപ്പെടെ ആരോപണങ്ങളുണ്ട്. അതും സർക്കാർ ഭൂമി കൈയേറി 20 പ്ലോട്ടുകൾ സ്വകാര്യ വ്യക്തികൾക്ക് വിറ്റതും ലോക്കൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ പാർട്ടി കമ്മിറ്റിയിൽ ചർച്ച നടത്തുകയും നടപടി ആവശ്യപ്പെട്ട് മേൽ കമ്മിറ്റികൾക്ക് റിപ്പോർട്ട് നൽകുകയും ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് കൊല്ലാൻ ക്വട്ടേഷൻ നൽകിയതെന്നാണ് വിവരം. പാർട്ടി ഇടപെട്ട് ഇരുപത് കൈയേറ്റങ്ങളും ഒഴിപ്പിച്ചിരുന്നു. 2012-ൽ മാങ്കുളത്തുനടന്ന ഭൂമി തട്ടിപ്പുകേസിൽ ആരോപണവിധേയനായ നേതാവ് ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. ഇതേത്തുടർന്ന് പാർട്ടിയിൽനിന്ന് പുറത്താക്കിയ ഇയാൾ പിന്നീട് മടങ്ങിയെത്തി. content highlights:citu leader gave quotation to kill local secretary in munnar
from mathrubhumi.latestnews.rssfeed https://ift.tt/34wDmqv
via IFTTT
0 അഭിപ്രായങ്ങള്‍