ന്യൂഡൽഹി: ഉത്തർപ്രദേശ് രാഷ്ട്രീയത്തിൽ ബി.ജെ.പി.ക്കും ബി.എസ്.പി.ക്കും എസ്.പി.ക്കും പിന്നിലായിപ്പോയ കോൺഗ്രസിന് ജീവവായുവായിരിക്കയാണ് ഹാഥ്റസ് സംഭവം. ദളിത് യുവതിയെ കൂട്ടബലാത്സംഗംചെയ്ത് കൊലപ്പെടുത്തുകയും രക്ഷിതാക്കളുടെ അനുമതിയില്ലാതെ പോലീസ് ദഹിപ്പിക്കുകയുംചെയ്ത സംഭവത്തിൽ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോൾ കൃത്യമായ ഇടപെടലുമായി രംഗത്തെത്തിയത് കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയുമാണ്. ബി.ജെ.പി.യുടെ യോഗി ആദിത്യനാഥ് ഭരിക്കുന്ന യു.പി.യിൽ ദളിത് പാർട്ടിയായ ബി.എസ്.പി.യും യാദവ പാർട്ടിയായ എസ്.പി.യും ശക്തമായ പ്രതിഷേധമുയർത്തേണ്ട വേളയിലാണ് രാഹുലും പ്രിയങ്കയും മുന്നണിപ്പോരാളികളായിരിക്കുന്നത്. രാഹുലിനെയും പ്രിയങ്കയെയും ഹാഥ്റസിലേക്ക് പോകുന്നതിൽനിന്ന് പോലീസ് തടയുകയും അറസ്റ്റുചെയ്യുകയും ചെയ്തതോടെ സംഭവം കൂടുതൽ രാജ്യശ്രദ്ധ നേടി. ശനിയാഴ്ച രണ്ടാമതും ഇരുവരെയും തടഞ്ഞതോടെ സംഭവം രാഷ്ട്രീയനഷ്ടത്തിലേക്കാണ് പോകുന്നതെന്ന് ബി.ജെ.പി.യും തിരിച്ചറിഞ്ഞു. ഉടൻ നിലപാട് മാറ്റിയതിനുപിന്നിലെ കാരണവും ഇതുതന്നെ. പ്രതികരണത്തിൽ മന്ദഗതിയിലായിരുന്ന ബി.എസ്.പി. പ്രതിഷേധവുമായി രംഗത്തെത്തിയതും ഇതിനൊപ്പം ചേർത്തുവായിക്കണം. 25 ശതമാനത്തോളം ദളിതരുള്ള സംസ്ഥാനമാണ് ഉത്തർപ്രദേശ്. വി.പി. സിങ്ങിന്റെ മണ്ഡൽ കമ്മിഷൻ രാഷ്ട്രീയത്തിനും ബി.ജെ.പി.യുടെ കമണ്ഡൽ രാഷ്ട്രീയത്തിനുംശേഷം സംസ്ഥാനത്ത് അടിത്തറനഷ്ടമായ പാർട്ടിയാണ് കോൺഗ്രസ്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറിയായി യു.പി.യിൽ പാർട്ടിവളർത്താനിറങ്ങിയ പ്രിയങ്കയ്ക്ക് ഇതുവരെ കാര്യമായൊന്നും ചെയ്യാൻ പറ്റിയിട്ടില്ല. സി.എ.എ. വിരുദ്ധപ്രക്ഷോഭങ്ങളും ഡോ. കഫീൽ ഖാൻ പ്രശ്നവുമൊക്കെ സ്ഥിരം വോട്ടുബാങ്കായ മുസ്ലിങ്ങളിൽ സ്വാധീനം നിലനിർത്താൻ സഹായിച്ചുവെന്നല്ലാതെ അടിത്തറ വിപുലമാക്കാൻ ഉപകരിച്ചില്ല. മാത്രവുമല്ല, മുസ്ലിംവോട്ടുപോലും കോൺഗ്രസിനും ബി.എസ്.പി.ക്കും എസ്.പി.ക്കുമായി വിഭജിക്കപ്പെട്ടിരിക്കയാണ്. ഇവിടെയാണ് ദളിത് വോട്ടുകളുടെ പ്രസക്തി. കോൺഗ്രസിന് മുന്നേറണമെങ്കിൽ ബി.ജെ.പി. ക്ഷയിക്കുന്നതിനപ്പുറം ബി.എസ്.പി.യുടെയും എസ്.പി.യുടെയും കൂടെപ്പോയ തങ്ങളുടെ പഴയ വോട്ടുബാങ്ക് തിരിച്ചുപിടിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഇതിനുള്ള നിലമൊരുക്കലായി ഹാഥ്റസ് സംഭവം ഉപയോഗിക്കാനാണ് കോൺഗ്രസ് ശ്രമമെന്ന് കരുതുന്നു. Content Highlights:Rahul Priyanka Hathras
from mathrubhumi.latestnews.rssfeed https://ift.tt/3iuR41K
via IFTTT
0 അഭിപ്രായങ്ങള്‍