തൊടുപുഴ: വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാവസ്തുക്കൾ മോഷ്ടിച്ച് കടത്തിയ സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ. സി.പി.എം. പന്നൂർ ബ്രാഞ്ച് സെക്രട്ടറി തെറ്റാമലയിൽ വിഷ്ണു (22), തച്ചാമഠത്തിൽ പ്രശാന്ത് (24), പാറയ്ക്കൽ വീട്ടിൽ രാകേഷ് (30), തച്ചാമഠത്തിൽ സുധി (28), കാവാട്ടുകുന്നേൽ തനീഷ് (19) എന്നിവരാണ് കരിമണ്ണൂർ പോലീസിന്റെ പിടിയിലായത്. ജലസേചന വകുപ്പിൽനിന്ന് വിരമിച്ച ഉപ്പുകുന്ന് അറയ്ക്കൽ ജോൺസന്റെ വീട്ടിൽ സൂക്ഷിച്ചിരുന്ന പുരാവസ്തുശേഖരത്തിലെ പതിനഞ്ചോളം വസ്തുക്കളാണ് മോഷ്ടിച്ചത്. പുതിയ വീട്ടിലേക്ക് മാറിയപ്പോൾ ഈ വീട് പൂട്ടിയിട്ടിരിക്കുകയായിരുന്നു.സെപ്റ്റംബർ 19-ന് രാവിലെ രാത്രി പന്ത്രണ്ടോടെ കാറുകളിലും ബൈക്കുകളിലും ഓട്ടോറിക്ഷയിലും സ്ഥലത്തെത്തിയ പ്രതികൾ വീടിന്റെ പിന്നിലെ കിളിവാതിൽ ഇളക്കി ഉള്ളിൽകടന്ന് നടരാജ വിഗ്രഹം ഉൾപ്പെടെ കടത്തിക്കൊണ്ടുപോകുകയായിരുന്നു. നല്ല മഴയും കാറ്റും ഉണ്ടായിരുന്നതിനാൽ സംഭവം ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല.പിറ്റേന്ന് രാവിലെ ഉടമ പോലീസിൽ പരാതി നൽകി. ഉപ്പുകുന്ന് അൽഫോൺസാ പള്ളിയിലെയും സമീപത്തെ തുണിക്കടയിലെയും സി.സി.ടി.വി. ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ച് സൂചന ലഭിച്ചത്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റം സമ്മതിച്ചു. തൊണ്ടിമുതലും കണ്ടെടുത്തു.ഒന്നാം പ്രതി പ്രശാന്ത് ഉടുമ്പന്നൂർ മേഖലയിൽ കഞ്ചാവ് കച്ചവടം നടത്തുന്നയാളാണെന്ന് പോലീസ് പറയുന്നു. പ്രതികൾ മറ്റ് മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. എസ്.ഐ.മാരായ സിനോദ്, ജബ്ബാർ, എ.എസ്.ഐ.മാരായ നജീബ്, റെജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.പുറത്താക്കിവിഷ്ണുവിനെ പർട്ടിയിൽനിന്ന് പുറത്താക്കിയതായി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ജയചന്ദ്രൻ അറിയിച്ചിരുന്നു. അറസ്റ്റിലാകുന്നതിന്റെ തലേദിവസമാണ് നടപടിയെടുത്തത്. ഡി.വൈ.എഫ്.ഐ. കരിമണ്ണൂർ മേഖലാ സെക്രട്ടറി, എസ്.എഫ്.ഐ. ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. കരിമണ്ണൂരിലെ ബിവറേജസ് ഔട്ട്‌ലെറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു.
from mathrubhumi.latestnews.rssfeed https://ift.tt/33js7ly
via IFTTT
0 അഭിപ്രായങ്ങള്‍