വാഷിങ്ടൺ: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്ക് നാസയുടെ അത്യാധുനിക ടോയ്ലറ്റ് സംവിധാനം -യൂണിവേഴ്സൽ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം (UWMS)വിക്ഷേപണത്തിന് തയ്യാറാകുന്നു. സെപ്റ്റംബർ 29 ന് വെർജിനിയയിലെ വിക്ഷേപണകേന്ദ്രത്തിൽ ബഹിരാകാശ യാത്രികർക്കായുള്ള അവശ്യവസ്തുക്കളുമായി യാത്ര തിരിക്കുന്ന ബഹിരാകാശ വാഹനമായിരിക്കും പുതിയ ടോയ്ലറ്റ് സംവിധാനവും ബഹിരാകാശത്തെത്തിക്കുക. ചന്ദ്രനിലേക്കും ചൊവ്വയിലേക്കുമുള്ള ഭാവി പദ്ധതികളിൽ ഇത്തരം സംവിധാനം ഉപയോഗപ്പെടുത്താനാവുമോ എന്ന് പരിശോധിക്കുന്നതിനും കൂടിയാവും ഈ ടോയ്ലറ്റ് വിക്ഷേപണം. കൂടുതൽ ബഹിരാകാശ യാത്രികർക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ രൂപപ്പെടുത്തിയ യൂണിവേഴ്സൽ വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ചെറുതും സൗകര്യപ്രദവുമാണ്. സ്വകാര്യ ബഹിരാകാശ യാത്രാ പദ്ധതികൾക്ക് കൂടി ഈ ടോയ്ലറ്റ് സൗകര്യം ഉപയോഗപ്പെടുത്താൻ സാധിക്കും. 23 മില്യൺ ഡോള(ഏകദേശം 170 കോടി രൂപ)റാണ് ഈ ടോയ്ലറ്റിന്റെ നിർമാണചെലവ്. നിലവിൽ ഉപയോഗിക്കുന്ന സംവിധാനത്തേക്കാൾ 65 ശതമാനം ചെറുതും 40 ശതമാനം ഭാരക്കുറവുള്ളതുമാണ് പുതിയ ടോയ്ലറ്റ്. പത്ത് ബഹിരാകാശ യാത്രികരുൾപ്പെടുന്ന ആർതെമിസ് II ചാന്ദ്രദൗതത്തിനായി മറ്റൊരു യുഡബ്ല്യുഎംഎസ് കൂടി ബഹിരാകാശത്തേക്ക് അയയ്ക്കാൻ നാസ തയ്യാറെടുക്കുകയാണ്. ബഹിരാകാശ വാഹനങ്ങളിലും ജീവൻ രക്ഷാസംവിധാനങ്ങളിലും അനായാസേന ഉപയോഗപ്പെടുത്താവുന്നതാണ് ഈ പുതിയ സംവിധാനം. ടോയ്ലറ്റിന് റീ സൈക്ലിങ് സംവിധാനം ഉള്ളതിനാൽ ജലം പുനരുപയോഗിക്കാനും അതു വഴി മാലിന്യനിർമാർജനം കുറയ്ക്കുകയും ചെയ്യാം. ദീർഘകാല ബഹിരാകാശ പദ്ധതികളിൽ ഈ രീതി ഉപയോഗപ്പെടുത്തുന്നതിനൊപ്പം ആർതെമിസ് II പോലെയുള്ള ഹ്രസ്വകാലപദ്ധതികളിൽ മാലിന്യനിർമാർജനം സാധ്യമാകുന്ന വിധത്തിലും പ്രവർത്തിപ്പിക്കാവുന്ന സംവിധാനമാണ് ടോയ്ലറ്റിന്റേത്. ബഹിരാകാശയാത്രികരുടെ വിയർപ്പ്, മൂത്രം തുടങ്ങി എല്ലാ ദ്രവരൂപത്തിലുള്ള പദാർഥങ്ങളും റീ സൈക്കിൾ ചെയ്യാവുന്ന വിധത്തിലാണ് സംവിധാനമൊരുക്കിയിട്ടുള്ളതെന്ന് നാസയുടെ ബഹിരാകാശ യാത്രിക ജെസിക്ക മെയർ പറഞ്ഞു. ഹ്രസ്വകാല പദ്ധതികൾക്ക് ഈ സംവിധാനത്തിന്റെ ആവശ്യം വരില്ലെന്നാണ് നിലവിലെ കണക്കുകൂട്ടൽ. ഗുരുത്വാകർഷണ ബലത്തിന്റെ അഭാവം ശാരീരികപ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിക്കുന്നതാണ് ബഹിരാകാശ യാത്രികർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. Content Highlights: NASA to launch advanced toilet worth $23million for International Space Station
from mathrubhumi.latestnews.rssfeed https://ift.tt/2FWx5fu
via IFTTT
0 അഭിപ്രായങ്ങള്‍