ഗുവാഹാത്തി: മത വികാരങ്ങൾ വ്രണപ്പെടുത്തിയെന്ന കാരണത്താൽ അസമിൽ ടെലിവിഷൻ പരമ്പരയ്ക്ക് വിലക്ക്. ബീഗം ജാൻ എന്ന അസമീസ് ടിവി പരമ്പരയാണ് പോലീസ് രണ്ട് മാസത്തേക്ക് നിരോധിച്ചത്. പരമ്പരയിലെ നായികാനായകന്മാർ ഇരു മതവിഭാഗങ്ങളിൽ പെട്ടവരാണ്. വികാരങ്ങൾ വ്രണപ്പെട്ടതായി ആരോപിച്ച് ഒരു മതവിഭാഗത്തിലെ പ്രമുഖർ രംഗത്തെത്തിയതോടെയാണ് പരമ്പരയ്ക്ക് വിലക്കേർപ്പെടുത്തിയത്. സമൂഹത്തിലെ ചില വിഭാഗങ്ങളുടെ മതവികാരം വ്രണപ്പെടുന്നതിനാലും പരമ്പരയിലെ ചില രംഗങ്ങളും പ്രയോഗങ്ങളും ഒരു പ്രത്യേക മതവിഭാഗത്തെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലുള്ളതാണെന്നാണ് കണ്ടെത്തൽ.ഇത് കലാപത്തിന് പ്രേരകമാകാനിടയുള്ളതിനാൽ കേബിൾ ടെലിവിഷൻ നെറ്റ് വർക്ക് ആക്ട് അനുസരിച്ച് രംഗോണി ടിവിയിൽ സംപ്രേക്ഷണം ചെയ്തു വരുന്ന പരമ്പര നിരോധിച്ചതായി ഓഗസ്റ്റ് 24 ന് പുറത്തിറക്കിയ ഉത്തരവിൽ പോലീസ് കമ്മിഷണർ എം പി ഗുപ്ത അറിയിച്ചു. ഹിന്ദു ജാഗരൺ മഞ്ച്, ഓൾ അസം ബ്രാഹ്മിൺ യൂത്ത് കൗൺസിൽ, യുണൈറ്റഡ് ട്രസ്റ്റ് ഓഫ് അസം എന്നീ സംഘടനകൾ കൂടാതെ ഗുണജിത് അധികാരി എന്ന വ്യക്തിയും പരമ്പരയ്ക്കെതിരെ പോലീസിന് പരാതി നൽകിയിരുന്നു. പരമ്പരയുടെ നിർമാതാക്കൾ താത്ക്കാലികമായി ഷൂട്ടിങ് നിർത്തി വെച്ചു. വിലക്കിനെതിരെ കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് നിർമാതാക്കൾ. ഓൺലൈനിലൂടെ തനിക്ക് വധഭീഷണി ഉള്ളതായി പരമ്പരയിൽ നായികയായി അഭിനയിക്കുന്ന പ്രീതി കൊങ്കണ നേരത്തെ അറിയിച്ചിരുന്നു. പരമ്പരയിൽ നായികയായ ഹിന്ദു യുവതിയായാണ് പ്രീതി അഭിനയിക്കുന്നത്. പ്രശ്നങ്ങളിൽ പെടുന്ന നായികയെ നായകനായ മുസ്ലിം യുവാവ് സഹായിക്കുന്നതാണ് പരമ്പരയുടെ കഥയെന്ന് ബീഗം ജാനിനെതിരെയുള്ള ലൗ ജിഹാദ് ആരോപണത്തെ തള്ളിക്കളഞ്ഞ് പ്രീതി വ്യക്തമാക്കി. കേബിൾ ആക്ട് പ്രകാരമുള്ള ജില്ലാ കമ്മിറ്റി പരമ്പരയിലെ ആരോപണവിധേയമായ രംഗങ്ങൾ പരിശോധിച്ച ശേഷം മതവികാരങ്ങൾ വ്രണപ്പെടുത്തുന്നതാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് പോലീസ് ഉത്തരവിൽ പറയുന്നു. പ്രാദേശിക ടിവി ചാനലിനും കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയിട്ടുണ്ട്. മൂന്ന് മാസം മുമ്പാണ് പരമ്പരയുടെ സംപ്രേക്ഷണം ആരംഭിച്ചത്. ജൂലായിൽ തന്നെ പരമ്പരയ്ക്കെതിരെ ഓൺലൈനിൽ സംഘടിത ആക്രമണം ആരംഭിച്ചിരുന്നു. ലൗ ജിഹാദ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പരമ്പരയാണെന്ന് കാണിച്ച് ഹിന്ദു ജാഗരൺ സമിതിയും രംഗത്തെത്തി. #ബോയ്കോട്ട് ബീഗം ജാൻ #ബോയ്കോട്ട് രംഗോണി എന്നീ ഹാഷ്ടാഗുകളും ട്വിറ്ററിൽ സജീവമായി. ചാനൽ ഉടമയും എഎം ടെലിവിഷന്റെ ചെയർമാനും എംഡിയുമായ സഞ്ജീവ് നരെയ്ൻ പരമ്പരയ്ക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രതികരിച്ചു. Content Highlights: Assam Police bans TV serial Begum Jaan for two months
from mathrubhumi.latestnews.rssfeed https://ift.tt/3hEZZyd
via IFTTT
0 അഭിപ്രായങ്ങള്‍