വാതിലടച്ച് വീടുകൾ; ആരോഗ്യപ്രവർത്തകയും മക്കളും അഭയം തേടിയലഞ്ഞത് ഒരു പകൽ

കോട്ടയം: ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തി ക്വാറന്റീൻ കഴിഞ്ഞ് പുറത്തിറങ്ങിയ ആരോഗ്യപ്രവർത്തകയ്ക്കും കുഞ്ഞുങ്ങൾക്കും സ്വന്തം വീട്ടിലും ഭർത്തൃവീട്ടിലും വിലക്ക്. കുഞ്ഞുങ്ങളുമായി ഒരുപകൽ മുഴുവൻ കോട്ടയം നഗരത്തിൽ അലഞ്ഞ യുവതിയെയും രണ്ടുമക്കളെയും ഒടുവിൽ പൊതുപ്രവർത്തകർ അഭയകേന്ദ്രത്തിലാക്കി. കോവിഡ് പരിശോധനയിൽ ഇവർ നെഗറ്റീവായിരുന്നു. കുറുമുള്ളൂർ സ്വദേശിനിയായ മുപ്പത്തെട്ടുകാരി രണ്ടാഴ്ച മുമ്പാണ് ബെംഗളൂരുവിൽനിന്ന് നാട്ടിലെത്തിയത്. പാലായിൽ ക്വാറന്റീൻ കേന്ദ്രത്തിലായിരുന്നു താമസം. ഏഴും അഞ്ചും വയസ്സുള്ള രണ്ടുകുട്ടികളാണ് ഇവർക്കുള്ളത്. ബെംഗളൂരുവിലെ സ്ഥാപനത്തിൽ ആരോഗ്യപ്രവർത്തകയായിരുന്നു യുവതി. സ്ഥാപനം അടച്ചതോടെയാണ് നാട്ടിലേക്കു മടങ്ങിയത്. വ്യാഴാഴ്ച രാവിലെ 10-ന് പാലായിലെ ക്വാറന്റീൻ കേന്ദ്രത്തിൽനിന്ന് പുറത്തിറങ്ങി കുറുമുള്ളൂരിലെ ഭർത്തൃവീട്ടിലേക്കു ചെല്ലാൻ ശ്രമിച്ചെങ്കിലും ഭർത്താവ് സമ്മതിച്ചില്ല. യുവതിയുമായി അകന്നുകഴിയുകയാണ് ഭർത്താവ്. ഇവർ സ്വന്തം വീട്ടിലേക്കുചെല്ലാൻ ശ്രമിച്ചപ്പോൾ ബന്ധുക്കളും സമ്മതിച്ചില്ല. യുവതിയുടെ അമ്മയ്ക്ക് ശ്വാസകോശരോഗം ഉണ്ടെന്നും അവരുടെ ആരോഗ്യം മോശമാകുമെന്നുമായിരുന്നു ബന്ധുവിന്റെ പ്രതികരണം. രാവിലെ 10-ന് സാന്ത്വനം ഡയറക്ടർ ആനി ബാബുവുമായി ഇവർ ബന്ധപ്പെട്ടിരുന്നു. അവരുടെ സഹായത്തോടെ കളക്ടർ എം. അഞ്ജനയെ കണ്ടു. മഹിളാമന്ദിരത്തിലാക്കാമെന്ന് കളക്ടർ അറിയിച്ചു. പക്ഷേ, കുഞ്ഞുങ്ങളുമായി താമസിക്കാനുള്ള സാഹചര്യമില്ലെന്നായിരുന്നു മഹിളാമന്ദിരം അധികൃതരുടെ വിശദീകരണം. പിന്നീട് പല കേന്ദ്രങ്ങളുമായും ബന്ധപ്പെട്ടെങ്കിലും പ്രവേശനമില്ലെന്നാണ് അറിയിച്ചത്. അഞ്ചുമണിയോടെ കളത്തിപ്പടിയിൽ ക്രിസ്റ്റീൻ ധ്യാനകേന്ദ്രം ഇവരെ താമസിപ്പിക്കാമെന്ന് സമ്മതിച്ചതോടെയാണ് ദുരിതാനുഭവങ്ങൾക്ക് തത്‌കാലത്തേക്കെങ്കിലും അറുതിയായത്. കളക്ടറുടെ ഓഫീസ് പഞ്ചായത്തുമായി ബന്ധപ്പെട്ടാണ് ഇതിന് അവസരമൊരുക്കിയത്.

from mathrubhumi.latestnews.rssfeed https://ift.tt/2BXPq9A
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍