അരുമകളെ വളർത്താം, ഓമനിക്കാം; ഉടമസ്ഥത ഉറപ്പാക്കണം

തിരുവനന്തപുരം: വിദേശത്തുനിന്ന് ഇറക്കുമതിചെയ്ത അരുമപ്പക്ഷികളെയും ജീവികളെയും വളർത്തണമെങ്കിൽ ഇനി രജിസ്‌ട്രേഷനും ഉടമസ്ഥാവകാശ സർട്ടിഫിക്കറ്റും വേണ്ടിവരും. അവയുടെ ജനനവും മരണവും കൃത്യമായി വനംവകുപ്പിനെ അറിയിക്കണം. വിറ്റാലും വാങ്ങിയാലുമെല്ലാം ഇത്തരം നടപടികളുണ്ടാകും. അബദ്ധത്തിൽ ഇവ കൂട്ടിൽനിന്നു രക്ഷപ്പെട്ടാൽ നിയമനടപടികളും നേരിടണം.വംശനാശഭീഷണി നേരിടുന്ന ജന്തു-ജീവജാലങ്ങളുടെ സംരക്ഷണത്തിനുള്ള അന്താരാഷ്ട്ര ഉടമ്പടി (കൺവെൻഷൻ ഓൺ ഇന്റർനാഷണൽ ട്രേഡ് ഇൻ എൻഡേഞ്ചേഡ് സ്പീഷീസ് ഓഫ് വൈൽഡ് ഫോണ ആൻഡ് ഫ്ളോറസൈറ്റ്‌സ്-‘സൈറ്റ്‌സ്’) പ്രകാരം കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് ഇതിനുള്ള നടപടികൾ വേഗത്തിലാക്കാൻ നിർദേശിച്ചത്. ഡിസംബർ 15-നു മുമ്പ് ഇത്തരം പക്ഷികളോ മൃഗങ്ങളോ കൈവശമുള്ളവർ അക്കാര്യം സ്വയം വെളിപ്പെടുത്തണം. ജീവികളെ അതിന്റെ സ്വന്തംഭൂപ്രദേശത്തുനിന്ന് മനുഷ്യർ ഇടപെട്ട് മാറ്റുന്നത് അവയുടെ വംശനാശത്തിന് കാരണമാകുമെന്നു കണ്ടതോടെയാണ് വിവിധ ലോകരാജ്യങ്ങൾ ചേർന്ന് ഉടമ്പടിക്കു രൂപംനൽകിയത്. 187 രാജ്യങ്ങൾ സൈറ്റ്‌സിൽ അംഗങ്ങളാണ്. ജന്തുജാലങ്ങളുടെ പരിധിവിട്ട കയറ്റുമതിയും കച്ചവടവും നിയന്ത്രിക്കുകയാണ് ഉടമ്പടിയുടെ ലക്ഷ്യം. മൂന്നുവിഭാഗങ്ങളായി സൈറ്റ്‌സ് പട്ടികപ്പെടുത്തിയ ജന്തു-ജീവജാലങ്ങൾക്കാണ് രജിസ്‌ട്രേഷനും മറ്റും നിർബന്ധമാക്കിയത്. ജീവികളുടെ ഹെൽത്ത്കാർഡ്, ചീഫ് വൈൽഡ് ലൈഫ് വർഡന്റെ എതിർപ്പില്ലാ സർട്ടിഫിക്കറ്റ് തുടങ്ങിയവ ഉണ്ടെങ്കിലേ ഇനി ഇത്തരം ജീവജാലങ്ങളെ ഇറക്കുമതി ചെയ്യാനാവൂ. ഇറക്കുമതിക്കാരിൽനിന്ന് ജീവികളെ വാങ്ങിയാലും ഉടമസ്ഥാവകാശം കൈമാറിയാലും അപ്പപ്പോൾ രജിസ്റ്റർ ചെയ്യണം. കൈയിലിരിക്കെ അവ ചത്താലും കുഞ്ഞുപിറന്നാലും ഒരുമാസത്തിനകം അറിയിക്കണം. ജീവികളെ രോഗങ്ങളില്ലെന്നുറപ്പാക്കി മൃഗശാലയ്ക്ക് കൈമാറാം. ജീവജാലങ്ങൾ രക്ഷപ്പെട്ടാൽ ചീഫ് വൈൽഡ് ലൈഫ് വാർഡനെയും ബന്ധപ്പെട്ട അധികാരികളെയും അറിയിക്കണം. വിദേശയിനങ്ങൾ സ്വദേശി ഇനങ്ങളുമായി കൂടിക്കലരാനോ ഇണചേരാനോ പാടില്ല. മറ്റേതെങ്കിലും സംസ്ഥാനത്തേക്ക് കൊണ്ടുപോയാൽ അക്കാര്യവും അറിയിക്കണം.കേന്ദ്രമന്ത്രാലയത്തിനു കീഴിലെ www.parivesh.nic.in എന്ന വെബ്‌സൈറ്റിലാണ് രജിസ്‌ട്രേഷനുള്ള സൗകര്യം. സംസ്ഥാനങ്ങളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് സർട്ടിഫിക്കറ്റ് അനുവദിക്കുക.ആഫ്രിക്കൻ തത്തമുതൽ എലിയും ആമയുംവരെആഫ്രിക്കൻ ചാരത്തത്ത, വിവിധയിനം എലികൾ, സ്ലൈഡർ ആമ, മൂങ്ങ തുടങ്ങി നൂറുകണക്കിന് ഇനങ്ങളെ സംസ്ഥാനത്ത് വളർത്തുന്നുണ്ട്. രജിസ്‌ട്രേഷനായി ഇതിനകം നൂറ്റമ്പതോളം അപേക്ഷകൾ സംസ്ഥാന വനംവകുപ്പിന് ലഭിച്ചിട്ടുണ്ട്. 37,000-ൽപ്പരം ജന്തു-ജീവജാലങ്ങളെ വംശനാശഭീഷണി നേരിടുന്നവയുടെ ഗണത്തിൽ സൈറ്റ്‌സ് ഉൾപ്പെടുത്തിയിട്ടുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/39tkMkR
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍