ബെംഗളൂരു: കോവിഡ് മഹാമാരിതീർത്ത പ്രതിസന്ധിക്കിടെ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ സർക്കാർ ജൂലായ് 26-ന് ഒരുവർഷം തികയ്ക്കും. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുള്ള ആഘോഷങ്ങൾ 27-ന് ആരംഭിക്കും. ജനങ്ങൾക്കായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിക്കും. വിവിധ മേഖലകളിൽനിന്ന് പ്രമുഖരുടെ വിലയിരുത്തലുകൾ ഉൾപ്പെടുത്തി ലഘുപുസ്തകം പുറത്തിറക്കും. 27-ന് രാവിലെ 11-ന് യെദ്യൂരപ്പ ജനങ്ങളോട് സംസാരിക്കും. 6000 കോടി രൂപയുടെ കോവിഡ് ദുരിതാശ്വാസപ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ചേരിപ്രദേശത്തുള്ളവർക്കായി 2500 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിക്കും. 28-ന് ഒരു കോടി വൃക്ഷത്തൈ നടുന്നതിന് തുടക്കംകുറിക്കും. സർക്കാരിന്റെ നേട്ടങ്ങൾ വിവരിക്കുന്ന പുസ്തകം 50 ലക്ഷം വീടുകളിലെത്തിക്കും. ഓഗസ്റ്റ് ഒന്നിന് ഓൺലൈൻ റാലി സംഘടിപ്പിക്കും. പാർട്ടി സംസ്ഥാന അധ്യക്ഷൻ നളിൻകുമാർ കട്ടീൽ. മുഖ്യമന്ത്രി യെദ്യൂരപ്പ എന്നിവർ സംസാരിക്കും. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ അടക്കമുള്ള സർക്കാരിന്റെ വികസനങ്ങൾ ജനങ്ങളിലേക്കെത്തിക്കാനാണ് തീരുമാനം. അതേസമയം, സർക്കാർ പൂർണപരാജയമെന്ന്് പ്രതിപക്ഷനേതാവ് സിദ്ധരാമയ്യ വിലയിരുത്തി. കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിൽ 2000 കോടിയുടെ അഴിമതി നടന്നതായും ഇതിൽ ജൂഡീഷ്യൽ അന്വേഷണം വേണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. കോവിഡ് ദുരിതബാധിതർക്ക് 18,000 കോടിയുടെ പാക്കേജ്, കർഷകർക്കുള്ള പ്രത്യേക സാമ്പത്തികസഹായം, പാവപ്പെട്ടവർക്കുള്ള സൗജന്യ റേഷൻ, പാർപ്പിടപദ്ധതി എന്നിവയാണ് പ്രധാന നേട്ടങ്ങളായി സർക്കാരും ബി.ജെ.പി.യും ചൂണ്ടിക്കാട്ടുന്നത്. വീടില്ലാത്തവർക്ക് ഒരു ലക്ഷം വീട് നിർമിക്കാനുള്ള തീരുമാനവും പ്രളയദുരിതാശ്വാസപ്രവർത്തനങ്ങളും ഉയർത്തിക്കാട്ടുന്നുണ്ട്. മുഖ്യമന്ത്രിയായത് നാടകീയതകൾക്കൊടുവിൽ ഏറെ നാടകീയതകൾക്കും വെല്ലുവിളികൾക്കുമിടയിലാണ് ബി.എസ്. യെദ്യൂരപ്പ 2019 ജൂലായ് 26-ന് നാലാംതവണ മുഖ്യമന്ത്രിയായി ചുമതലയേറ്റത്. 2018-ലെ തിരഞ്ഞെടുപ്പിനുശേഷം അധികാരത്തിലെത്തിയ കോൺഗ്രസ്- ജെ.ഡി.എസ്. സർക്കാരിനെ വീഴ്ത്തിയ എം.എൽ.എ.മാരുടെ രാജിക്കും നിയമപോരാട്ടങ്ങൾക്കുമൊടുവിലാണ് യെദ്യൂരപ്പ മുഖ്യമന്ത്രിയായത്. സർക്കാരിന്റെ ഭാവി തീരുമാനിച്ച കഴിഞ്ഞവർഷം നവംബറിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ പാർട്ടിയിൽ ചേർന്ന കോൺഗ്രസ്- ജെ.ഡി.എസ്. വിമതരെ വിജയിപ്പിക്കാൻ കഴിഞ്ഞതോടെ സർക്കാരിന്റെ ഭാവി ഉറപ്പിച്ചു. വിമതർക്ക് നൽകിയ വാഗ്ദാനം പാലിച്ചു. പാർട്ടിക്കുള്ളിലെ എതിർപ്പ് അവഗണിച്ച് ഇവരെ മന്ത്രിമാരാക്കി. പ്രായം ഉയർത്തിക്കാട്ടി യെദ്യൂരപ്പയെ നേതൃത്വത്തിൽനിന്ന് മാറ്റാൻ പാർട്ടിക്കുള്ളിൽ ചരടുവലി നടക്കുന്നതിനിടെയാണ് കോവിഡ് മഹാമാരി പിടിമുറുക്കിയത്. ഇത് വിഭാഗീയതയ്ക്ക് താത്കാലിക വിരാമമിട്ടു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.ക്ക് ഭൂരിപക്ഷം ലഭിച്ചാൽ 77-കാരനായ യെദ്യൂരപ്പ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ മൂന്നുതവണ മുഖ്യമന്ത്രിയായെങ്കിലും യെദ്യൂരപ്പയ്ക്ക് കാലാവധി പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. ഏറ്റവും കുറഞ്ഞ കാലയളവിൽ മുഖ്യമന്ത്രിസ്ഥാനത്തിരുന്ന നേതാവ് എന്ന വിശേഷണവും യെദ്യൂരപ്പയ്ക്കാണ്. സംസ്ഥാനത്തെ പ്രബലസമുദായമായ ലിംഗായത്ത് വിഭാഗത്തിന്റെ പിന്തുണയും ജനസ്വാധീനവുമുള്ള നേതാവെന്നനിലയിൽ പാർട്ടിയുടെ മുഖം യെദ്യൂരപ്പയാണ്. പകരംനേതാവിനെ കണ്ടെത്താൻ കേന്ദ്രനേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. ലോക്സഭാ തിരഞ്ഞെടുപ്പിലെയും ഉപതിരഞ്ഞെടുപ്പിലെയും വിജയം യെദ്യൂരപ്പയെ പാർട്ടിയിൽ ചോദ്യംചെയ്യപ്പെടാത്ത നേതാവാക്കി. മക്കളെ പാർട്ടിയിൽ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കമാണ് പാർട്ടിക്കുള്ളിൽ കൂടുതൽ വിമർശനത്തിനിടയാക്കിയത്.
from mathrubhumi.latestnews.rssfeed https://ift.tt/30MEtQH
via IFTTT
0 അഭിപ്രായങ്ങള്‍