'മദ്രാസിലെ മോന്‍ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു'നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ ഗൗരിയമ്മ മരിച്ചു

തിരുവല്ല: മദ്രാസിലെ മോൻ വരുമെന്ന് അമ്മച്ചി പറഞ്ഞാരുന്നു- ഗൗരിയമ്മയുടെ ഈ മൊഴിയാണ് കോളിളക്കം സൃഷ്ടിച്ച കരിക്കൻ വില്ല കൊലക്കേസിൽ പ്രതികളെ കുടുക്കിയത്. 1980 ഒക്ടോബർ ഏഴിന് രാവിലെ വീട്ടുജോലിക്കായി കരിക്കൻ വില്ലയിലെത്തിയ ഗൗരിയമ്മ പിന്നിലെ ജനാലയിലൂടെ കണ്ട കാഴ്ച അതിദാരുണമായിരുന്നു. രക്തത്തിൽ കുളിച്ചുകിടക്കുന്ന ദമ്പതിമാരുടെ മൃതദേഹങ്ങൾ. അമ്മച്ചിയുടെ ദേഹത്ത് പിടിയൊടിഞ്ഞ കത്തി കുത്തിയിറക്കിയ നിലയിൽ. പിന്നീട് സിനിമവരെയായ കരിക്കൻ വില്ല കൊലക്കേസ് ഗൗരിയമ്മയിലൂടെ പുറംലോകം അറിഞ്ഞു. തിരുവല്ല മീന്തലക്കര കരിക്കൻ വില്ലയിൽ കെ.സി.ജോർജ് (54), ഭാര്യ റേച്ചൽ (50) എന്നിവർ വിദേശജോലി മതിയാക്കിയാണ് നാട്ടിൽ മടങ്ങിയെത്തിയത്. ദമ്പതിമാർക്ക് മക്കളില്ല. ഇവിടത്തെ വീട്ടുജോലിക്കാരിയായിരുന്നു ഗൗരിയമ്മ. നിരവധിപേരെ ചോദ്യംചെയ്തതിനിടെയാണ് ഗൗരിയമ്മയുടെ മൊഴി പോലീസ് വിശദമായി പരിശോധിക്കുന്നത്. അതോടെ ജോർജിന്റെ അകന്ന ബന്ധുവായ റെനി ജോർജാണ് കൊലയ്ക്കു പിന്നിലെ മുഖ്യനെന്ന് പോലീസ് തിരിച്ചറിഞ്ഞു. മദ്രാസിൽ ട്രാവൽ ആൻഡ് ടൂറിസം കോഴ്സ് പഠിക്കുകയായിരുന്നു റെനി. സംഭവത്തിനു തലേന്ന് ജോലി കഴിഞ്ഞ് പോകുമ്പോൾ മദ്രാസിലെ മോൻ വരുമെന്ന് റേച്ചൽ ഗൗരിയമ്മയോട് പറഞ്ഞിരുന്നു. റെനിയും കൂട്ടുകാരായ മൗറീഷ്യസ് സ്വദേശി ഗുലാം മുഹമ്മദ്, മലേഷ്യക്കാരനായ ഗുണശേഖരൻ, കെനിയക്കാരനായ കിബ്ലോ ദാനിയേൽ എന്നിവർ ചേർന്ന് കറിക്കത്തികൊണ്ട് ദമ്പതിമാരെ കൊലപ്പെടുത്തുകയായിരുന്നെന്ന് പോലീസ് കണ്ടെത്തി. സിബി മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ലഹരിക്കടിമപ്പെട്ട പ്രതികൾ ആർഭാടജീവിതം നയിക്കുന്നതിനായാണ് കൊലപാതകം ആസൂത്രണം ചെയ്തത്. കൊലപാതകത്തിനിടെ കത്തികൊണ്ട് റെനിയുടെ കൈഞരമ്പ് മുറിഞ്ഞു. മടങ്ങിപ്പോകുംവഴി കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ മുറിവ് തുന്നിക്കെട്ടിയിരുന്നു. പോലീസ് വേഷം മാറി മദ്രാസിൽ (ചെന്നൈ) ചെന്നാണ് പ്രതികളെ പിടിച്ചത്. കരിക്കൻ വില്ലയിലെ പരിശോധനയിൽ വിദേശനിർമ്മിത ഷൂസ് ഇട്ട് നടന്നതിന്റെ അടയാളങ്ങൾ പോലീസിന് ലഭിച്ചിരുന്നു. പ്രധാന പ്രതിയുടെ വിദേശസുഹൃത്തുക്കളുടെ ബന്ധം ഇതിലൂടെ പോലീസ് തിരിച്ചറിഞ്ഞു. പ്രതികൾക്ക് ആലപ്പുഴ സെഷൻസ് കോടതി വധശിക്ഷ വിധിച്ചെങ്കിലും മേൽക്കോടതി പിന്നീട് ജീവപര്യന്തമായി കുറച്ചു. 1995 ജൂൺ 23-ന് ശിക്ഷാകാലാവധി കഴിഞ്ഞ് പ്രതികൾ പുറത്തിറങ്ങി. ജയിലിൽ വെച്ച് സുവിശേഷകനായി മാറിയ റെനി പിന്നീട് ബെംഗളൂരു കേന്ദ്രമാക്കി സാമൂഹികപ്രവർത്തനം തുടർന്നു. റെനിയുടെ മാനസാന്തരം ചൂണ്ടിക്കാട്ടി വധശിക്ഷയ്ക്കെതിരേയുള്ള ചർച്ചകളും അക്കാലത്ത് സജീവമായിരുന്നു. 1982-ൽ കരിക്കൻ വില്ലയെ അടിസ്ഥാനമാക്കി മദ്രാസിലെ മോൻ എന്ന ചിത്രവും ഇറങ്ങി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ബുധനാഴ്ചയാണ് തൊണ്ണൂറ്റെട്ടാം വയസ്സിൽ ഗൗരിയമ്മ അന്തരിച്ചത്. Content Highlights:Karikkan Villa Murder Case, Gowriyamma Karikkan Villa case

from mathrubhumi.latestnews.rssfeed https://ift.tt/3eN7vFL
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍