കൊടുമൺ(പത്തനംതിട്ട): ‘കൈ ഇല്ലാതായതിൽ ദുഃഖമുണ്ടെങ്കിലും അത് എന്റെ രാജ്യത്തിനുവേണ്ടിയാണെന്നതിൽ അഭിമാനമുണ്ട്’- ഇടതുകൈയുടെ സ്ഥാനത്തെ ശൂന്യതചൂണ്ടി ഇത് പറയുമ്പോൾ 79-ാംവയസ്സിലും മുൻസൈനികന്റെ ഞരമ്പുകളിൽ ചോര തിളയ്ക്കുന്നു. ‘ആ സംഭവത്തിൽ പേടിയോ നഷ്ടബോധമോ ഇല്ലാത്തതിനാണല്ലോ എന്റെ മകനെയും പട്ടാളത്തിൽ ചേർത്തത്’ -അദ്ദേഹം പറഞ്ഞു. കൊടുമൺ കിഴക്ക് കല്ലുവിളയത്തിൽ എം.വി.വർഗീസ് എന്ന യുദ്ധവീരന്റെ ജീവിതം ദേശസ്നേഹികൾക്ക് ആവേശം പകരുന്നതാണ്. ഇപ്പോൾ, ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞു. ‘അവർ ക്രൂരരാണ്, വിശ്വസിക്കാൻ കൊള്ളില്ല.’ പാകിസ്ഥാനുമുണ്ടായ യുദ്ധത്തിലാണ് വർഗീസിന് ഇടതുകൈ നഷ്ടമായത്. അതേക്കുറിച്ച് അദ്ദേഹം പറയുന്നു- ‘1971 ഡിസംബർ 14-ന് രാത്രിയിലാണ് സംഭവം. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുന്ന സമയം. മേജർ വാസുദേവന്റെ നേതൃത്വത്തിൽ സന്നാഹങ്ങളോടെ താനുൾപ്പെട്ട കരസേനാസംഘം പത്താൻകോട്ടിന് സമീപം പാകിസ്ഥാന്റെ അതിർത്തിയിലെത്തി.പെട്ടെന്ന് എതിരാളികൾ വെടിവെപ്പും ഷെല്ലാക്രമണവും തുടങ്ങി. നമ്മുടെ ഭാഗത്തെ പലരുടെയും ജീവൻ നഷ്ടപ്പെട്ടു. ചിലർക്ക് പരിക്കേറ്റു. ഞങ്ങൾ പതറാതെ മുമ്പോട്ടു നീങ്ങി. ശക്തമായി തിരിച്ചടിച്ചു. എന്നാൽ, അപ്രതീക്ഷിതമായുണ്ടായ ഷെല്ലാക്രമണത്തിൽ തന്റെ ഇടതുകൈക്ക് പരിക്കേൽക്കുകയായിരുന്നു. കൈ അറ്റ് തൂങ്ങിയിട്ടും പൊരുതി.കുറച്ചുകഴിഞ്ഞപ്പോൾ തളർന്നുവീണു. ശത്രുക്കളുടെ കണ്ണിൽപ്പെടാതെ ഒരു മരത്തിന്റെ ചുവട്ടിൽ വേദന കടിച്ചമർത്തി കിടന്നു. പിന്നീട് സഹപ്രവർത്തകർ പത്താൻകോട്ട് ആശുപത്രിയിലെത്തിച്ചു. തുടർന്ന്, ഡൽഹിയിലും പുണെയിലും ആശുപത്രികളിൽ ചികിത്സിച്ചു. അവിടെ ഇടതുകൈ തോളിനോട് ചേർന്ന് മുറിച്ചുമാറ്റി. ആ സ്ഥാനത്ത് കൃത്രിമ കൈയും പിടിപ്പിച്ച് നാട്ടിലേക്ക് പോരുകയായിരുന്നു.’ 28വയസ്സുള്ളപ്പോൾ ഇടതുകൈ രാജ്യ സംരക്ഷണത്തിനായി സമർപ്പിച്ച കഥ പറയുമ്പോൾ അദ്ദേഹത്തിന്റെ കണ്ണുകളിലും കേട്ടിരുന്ന കൊച്ചുമക്കളുടെ കണ്ണുകളിലും അഭിമാനത്തിളക്കം.1961-ൽ 19-ാംവയസ്സിലാണ് അദ്ദേഹം കരസേനയിൽ ചേർന്നത്. നായിക്കായിരുന്നു. പരിശീലനത്തിന് ശേഷം കൽക്കത്തയിൽ നിയമനം. അടുത്ത വർഷം (1962) ചൈനയുമായി യുദ്ധം. എം.വി.വർഗീസ് അടങ്ങുന്ന സംഘത്തെ കിഴക്കൻ അതിർത്തിയിൽ യുദ്ധം നടക്കുന്ന സ്ഥലത്തേക്കുകൊണ്ടുപോയി. കൊടുംതണുപ്പും വലിയ മണ്ണിടിച്ചിലും ഉള്ള പ്രദേശങ്ങളിലായിരുന്നു കൂടാരങ്ങളിൽ കഴിഞ്ഞിരുന്നത്.പലർക്കും ജീവൻ നഷ്ടപ്പെട്ടു. പലരെയും ചൈനീസ് പട്ടാളം പിടികൂടി. പിടികൂടിയവരോട് ക്രൂരമായിട്ടാണ് അവർ പെരുമാറിയത്. 1965-ൽ പാകിസ്ഥാനുമായുണ്ടായ യുദ്ധത്തിലും അദ്ദേഹം പങ്കെടുത്തു. മൂന്ന് യുദ്ധങ്ങളിലും പങ്കെടുത്ത അനുഭവസമ്പത്തുമായാണ്, കൈ നഷ്ടമായതിനെത്തുടർന്ന് സൈന്യത്തിൽനിന്ന് വിരമിച്ച് നാട്ടിലെത്തിയത്.ഇദ്ദേഹത്തിന് സർക്കാർ റവന്യൂ വകുപ്പിൽ ജോലി നൽകി. വർഷങ്ങളോളം കൊടുമൺ, ഏഴംകുളം, അങ്ങാടിക്കൽ വില്ലേജോഫീസുകളിൽ ജോലിചെയ്തു.
from mathrubhumi.latestnews.rssfeed https://ift.tt/38bAQr4
via IFTTT
0 അഭിപ്രായങ്ങള്‍