പട്ന: സജീവ രാഷ്ട്രീയത്തിലേക്ക് മടങ്ങി വരികയാണെന്നും ഉടൻ പുതിയ പാർട്ടി പ്രഖ്യാപിക്കുമെന്നും ബി.ജെ.പി. മുൻ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിൻഹ. രാഷ്ട്രീയ മഞ്ച് സംഘടിപ്പിച്ച യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇക്കൊല്ലം അവസാനം നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടി മത്സരിക്കുമെന്നും മെച്ചപ്പെട്ട ബിഹാറിനെ സൃഷ്ടിക്കാനായി എൻ.ഡി.എ. സർക്കാരിനെ താഴെയിറക്കുമെന്നും സിൻഹ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് പിൻവാങ്ങുകയാണെന്നും രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പോവുകയാണെന്നും സിൻഹ കുറച്ചുകാലം മുമ്പ് പ്രഖ്യാപിച്ചിരുന്നു. രണ്ടുവർഷം മുമ്പാണ് സിൻഹ ബി.ജെ.പി. വിട്ടത്. അടൽ ബിഹാരി വാജ്പേയി സർക്കാരിൽ ധനകാര്യ-വിദേശകാര്യ വകുപ്പുകൾ സിൻഹ കൈകാര്യം ചെയ്തിരുന്നു. പിന്നീട് മോദി സർക്കാരിന്റെ കടുത്ത വിമർശകനായി മാറി. ആർ.ജെ.ഡി.യും കോൺഗ്രസും ഉൾപ്പെടുന്ന ബിഹാറിലെ മഹാസഖ്യത്തിന്റെ ഭാഗമാകുന്നതിൽ വിമുഖതയില്ലെന്നും സിൻഹ വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾക്കൊപ്പം ചേരാൻ താൽപര്യമുള്ള എല്ലാവരെയും ഞങ്ങൾ സ്വാഗതം ചെയ്യുകയാണ്-സിൻഹ പറഞ്ഞു. തന്റെ പാർട്ടി ബിഹാർ തിരഞ്ഞെടുപ്പിൽ മത്സരിക്കും. മെച്ചപ്പെട്ട ബിഹാർ സൃഷ്ടിക്കുന്നതിനു വേണ്ടി മുഴുവൻ ശക്തിയും ഉപയോഗിച്ച് ഞങ്ങൾ(നിർദിഷ്ട സഖ്യം) പോരാടും- അദ്ദേഹം വ്യക്തമാക്കി. സഖ്യസാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന് അക്കാര്യം പറയാനുള്ള ഘട്ടമെത്തിയിട്ടില്ലെന്ന് സിൻഹ പറഞ്ഞു. ബിഹാറിലെ പല നേതാക്കളും ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ പാർട്ടിയുടെ പേരെന്തെന്ന ചോദ്യത്തിന്, തീരുമാനം എടുത്തതിനു ശേഷം ഉടൻ പ്രഖ്യാപിക്കുമെന്നും സിൻഹ പറഞ്ഞു. content highlights: Yashwant sinha announces return to party politics
from mathrubhumi.latestnews.rssfeed https://ift.tt/2Zg2Khh
via IFTTT
0 അഭിപ്രായങ്ങള്‍