ഇ വാർത്ത | evartha
നഴ്സറി കുട്ടികളേ, നിങ്ങളെയും അങ്ങനെ വീട്ടിലിരുത്താൻ സർക്കാരിന് ഉദ്ദേശ്യമില്ല: കുട്ടികൾക്കായി `കിളിക്കൊഞ്ചൽ´ വരുന്നു
സംസ്ഥാന സർക്കാർ കൊച്ചു കുട്ടികളെ ലക്ഷ്യമിട്ട് വിനോദ വിജ്ഞാന പരിപാടിയുമായി എത്തുന്നു. മൂന്നു മുതൽ ആറു വയസുവരെ പ്രായത്തിലുള്ള കുട്ടികൾക്കായി “കിളിക്കൊഞ്ചൽ’ എന്ന വിനോദ വിജ്ഞാന പരിപാടി സംപ്രേക്ഷണം ചെയ്യുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
വിക്ടേഴ്സ് ചാനൽ വഴി ജൂലൈ ഒന്നുമുതൽ രാവിലെ എട്ടു മുതൽ 8.30 വരെയാണ് പരിപാടിയുടെ സംപ്രേക്ഷണം. സംസ്ഥാന വനിതാ ശിശു വികസന വകുപ്പ്, സി ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് “കിളിക്കൊഞ്ചൽ’ ആവിഷ്കരിച്ചിരിക്കുന്നത്. കുട്ടികളുടെ ഭാഷ വികാസം, ക്രിയാത്മകവും സൗന്ദര്യാത്മകവുമായ ആസ്വാദന ശേഷി, വൈജ്ഞാനിക വികാസം, ശാരീരിക ചാലക വികാസം, വ്യക്തിപരവും, സാമൂഹികവും വൈകാരികവുമായ വികാസം, ഇന്ദ്രീയ അവബോധത്തിന്റെയും ഇന്ദ്രീയ ജ്ഞാനത്തിന്റെയും വികാസം എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
കോവിഡ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി സംസ്ഥാനത്തു മൂന്നു മുതൽ ആറു വയസുവരെ പ്രായത്തിലുള്ള 13,68,553 കുട്ടികൾ വീടുകളിൽ മാത്രമായി ഒതുങ്ങി കൂടേണ്ട സ്ഥിതിയാണിപ്പോഴുള്ളത്. മൊബൈൽ ഫോണിന്റെയും കാർട്ടുണുകളുടെയും അമിത ഉപയോഗവും മറ്റ് കൂട്ടുകാരുമായി കളിച്ചുല്ലസിക്കാൻ സാധിക്കാതെ വരുന്നതും ഇവർക്ക് മാനസിക/ശാരീരിക പിരിമുറുക്കത്തിന് ഇടയാക്കുന്നു. ഈ സാഹചര്യം തരണം ചെയ്യുന്നതിനും ഇത് സഹായിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിന് സഹായകരമായ രീതിയിൽ തയാറാക്കിയ ഈ പരിപാടി കുഞ്ഞുങ്ങൾക്കൊപ്പമിരുന്നു കാണുന്നതിനും, പ്രയോജനപ്പെടുത്തുന്നതിനും മാതാപിതാക്കളുടെയും പൊതുജനങ്ങളുടെയും സവിശേഷ ശ്രദ്ധയുണ്ടാകണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/3icrbVD
via IFTTT
0 അഭിപ്രായങ്ങള്‍