കുട്ടികളുടെ അശ്ലീലവീഡിയോ വാട്‌സ്‌ആപ്പ് വഴി പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ

എടപ്പാൾ: കുട്ടികളുടെ അശ്ലീലചിത്രവും വീഡിയോകളും വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ഗ്രൂപ്പ് അഡ്മിനെയും സഹായിയെയും പോലീസ് അറസ്റ്റുചെയ്തു. വട്ടംകുളം കുറ്റിപ്പാല സ്വദേശി അശ്വന്ത് (21), ആലങ്കോട് സ്വദേശി രാഗേഷ് (40) എന്നിവരെയാണ് പോലീസ് പിടികൂടിയത്. സംഘാംഗമായ പൊന്നാനി സ്വദേശി അഫ്സൽ വിദേശത്താണ്. കുട്ടികൾക്കെതിരേയുള്ള അതിക്രമങ്ങളും ചൂഷണങ്ങളും നിരീക്ഷിക്കുന്ന അന്താരാഷ്ട്ര സംഘടനയായ യൂനിസെഫാണ് കേരളത്തിൽ ഇത്തരമൊരു ഗ്രൂപ്പ് പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. യൂനിസെഫ് ഇന്റർപോൾ മുഖേന എ.ഡി.ജി.പി. (ക്രൈം) മനോജ് അബ്രഹാമിന് നൽകിയ സൂചനയെത്തുടർന്ന് കോഴിക്കോട് സൈബർഡോമും ചങ്ങരംകുളം പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. ചെറിയകുട്ടികളുടെ അശ്ലീലചിത്രങ്ങളും വീഡിയോകളും ഒരു പ്രത്യേക വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി അതുവഴി കൈമാറുകയും പ്രചരിപ്പിക്കുകയുമാണ് സംഘം ചെയ്തിരുന്നത്. കേരളത്തിലാകെ 256 പേർ ഗ്രൂപ്പിൽ അംഗങ്ങളായുണ്ട്. മലപ്പുറം ജില്ലയിൽ 15 പേരും. അശ്വന്ത് ആണ് ഗ്രൂപ്പ് നിർമിച്ചിട്ടുള്ളത്. ശേഷിക്കുന്നവരെല്ലാം പിന്നീട് വന്നുചേർന്നവരാണ്. സൈബർഡോം ഒരു മാസത്തോളമായി നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് രണ്ടുപേരെ തിരിച്ചറിഞ്ഞതും ചങ്ങരംകുളം പോലീസിന്റെ നേതൃത്വത്തിൽ ഇവരെ കസ്റ്റഡിയിലെടുത്തതും. കുട്ടികളുടെ അശ്ലീലചിത്രങ്ങൾ കാണുന്നതും കൈമാറുന്നതും പ്രചരിപ്പിക്കുന്നതുമെല്ലാം ഗുരുതര കുറ്റമായതിനാൽ ഗ്രൂപ്പിലെ അംഗങ്ങളെല്ലാം കേസിൽ പ്രതികളാകും. ശേഷിക്കുന്നവർക്കു വേണ്ടിയുള്ള അന്വേഷണം നടന്നുവരികയാണ്. ജില്ലയിലെ മറ്റംഗങ്ങളുള്ള ഭാഗങ്ങളിലും പോലീസ് തിരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.

from mathrubhumi.latestnews.rssfeed https://ift.tt/3dnr9Yk
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍