കൊച്ചി: മഴ ശക്തി പ്രാപിച്ചു തുടങ്ങിയതോടെ പെരിയാർ തീരത്ത് ആശങ്കയേറി. രണ്ട് പ്രളയാനുഭവങ്ങൾ ഉള്ളതിനാൽ ഭീതിയോടെയാണ് തീരവാസികൾ മഴയെ കാണുന്നത്. കഴിഞ്ഞ രണ്ട് പ്രളയത്തിനു ശേഷം പുഴയിൽ അടിഞ്ഞിരിക്കുന്ന എക്കലും മണലും നീക്കം ചെയ്യാൻ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ നിന്ന് അതിനുള്ള ആവശ്യം ഉയർന്നെങ്കിലും അധികൃതർ വേനൽക്കാലത്ത് ഒന്നും ചെയ്യാതെ നോക്കിയിരുന്നു. എറണാകുളം, ഇടുക്കി, തൃശ്ശൂർ ജില്ലാ ഭരണകൂടങ്ങൾ ഒന്നിച്ചുനിന്നുകൊണ്ട് വേണമായിരുന്നു ഈ പ്രവർത്തനങ്ങൾ ഏറ്റെടുക്കേണ്ടിയിരുന്നത്. ഇക്കുറിയും പ്രളയ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുകൾ വന്ന സാഹചര്യത്തിൽ പെരിയാർ തീരത്ത് പലയിടത്തും ജനങ്ങൾ ദൂരെ വാടക വീടുകൾ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയം വരും എന്ന വിശ്വാസത്തിൽ സാധനങ്ങളെല്ലാം സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നവരുമുണ്ട്. വീട്ടുസാധനങ്ങൾ മുകൾ നിലയിലേക്ക് മാറ്റിവെക്കാനും ജനങ്ങൾ ശ്രദ്ധിക്കുന്നുണ്ട്. കോവിഡിന്റെ പശ്ചാത്തലത്തിൽ പ്രളയം വന്നാൽ ക്യാമ്പുകളിലെ താമസം ബുദ്ധിമുട്ടാവുമെന്ന് കണ്ടാണ് ആളുകൾ വാടക വീടുകൾ തേടുന്നത്. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് ക്യാമ്പ് സൗകര്യങ്ങൾ മുൻകൂട്ടിക്കാണണമെന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം പോയിട്ടുണ്ടെങ്കിലും അതിനു പറ്റിയ സ്ഥലങ്ങൾ ഒട്ടുമിക്ക പഞ്ചായത്തുകളിലും ഇല്ല. ജനപ്രതിനിധികൾ ആശങ്കയോടെ ഇക്കാര്യം മുകളിലേക്ക് അറിയിച്ചിട്ടുണ്ടെങ്കിലും മറുപടിയൊന്നും കിട്ടിയിട്ടില്ല. പരമാവധി സ്വന്തം നിലയിൽ സംവിധാനം ഒരുക്കിക്കൊള്ളാനാണ് ജനപ്രതിനിധികളും നാട്ടുകാരോട് പറയുന്നത്. പെരിയാറിൽനിന്ന് ചെളി നീക്കുന്നതിനുള്ള ചർച്ചകൾ മഴ എത്താറായപ്പോഴാണ് സജീവമായത്. ജനപ്രതിനിധികളുടെ ആവശ്യത്തെ തുടർന്ന് ദുരന്ത നിവാരണ അതോറിറ്റി മെല്ലെ കാര്യങ്ങളിലേക്ക് കടക്കുന്നതേയുള്ളു. പുഴകളിൽനിന്ന് ചെളിയും മാലിന്യവും നീക്കാൻ കഴിഞ്ഞ ഡിസംബറിൽ തന്നെ സർക്കാർ ജില്ലാ കളക്ടർമാർക്ക് വ്യക്തമായ നിർദേശം നൽകിയിരുന്നതാണ്. പാരിസ്ഥിതികാനുമതിക്കൊന്നും കാത്തുനിൽക്കാതെ തന്നെ ജില്ലാ കളക്ടർമാർക്ക് ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയുമെന്നാണ് ഉത്തരവിൽ വ്യക്തമാക്കിയിരുന്നത്. എന്നാൽ ഗൗരവത്തോടെയുള്ള ഇടപെടൽ ഉണ്ടായില്ല. ഫെബ്രുവരി 25-നും മാർച്ച് 23-നും ഏപ്രിൽ 30- നുമെല്ലാം വിവിധ തരത്തിലുള്ള ഉത്തരവുകൾ പുറപ്പെടുവിച്ചതല്ലാതെ അതിന് യാതൊരു തുടർ പ്രവർത്തനങ്ങളും ഉണ്ടായില്ല. ദുരന്ത നിവാരണ നിയമം ഉപയോഗിച്ചുകൊണ്ട് തദ്ദേശ സ്ഥാപനങ്ങളെ കൊണ്ട് പുഴ വീണ്ടെടുപ്പിക്കുന്നതിനുള്ള നടപടികൾ ഉണ്ടായില്ല. എറണാകുളം ജില്ലയിൽ പിറവത്തു മാത്രമാണ് പുഴയിൽനിന്ന് മണൽത്തിട്ട നീക്കാനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്. പലയിടത്തും പുഴയിൽ ചെളിയാണ് അടിഞ്ഞതെന്നതിനാൽ, അത് നീക്കാൻ ദുരന്തനിവാരണ അതോറിറ്റി സഹായിക്കണമെന്നാണ് തദ്ദേശ സ്ഥാപനങ്ങൾ ആവശ്യപ്പെടുന്നത്. ജനപ്രതിനിധികൾ ഇടപെട്ടതിനെത്തുടർന്ന് ഇപ്പോഴാണ് പുഴ ശുചീകരണത്തിനുള്ള ഫയൽ നീക്കങ്ങൾ തുടങ്ങിയത്. ഈ മഴക്കാലത്ത് ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാവുമെന്ന് അവരും പ്രതീക്ഷിക്കുന്നില്ല. Content Highlights:Monsoon: Periyar Flood Scare; Residents looking for rental homes
from mathrubhumi.latestnews.rssfeed https://ift.tt/3dnbWqc
via IFTTT
0 അഭിപ്രായങ്ങള്‍