ഇ വാർത്ത | evartha
ഉത്ര കൊല്ലപ്പെടുമെന്ന് സൂരജിൻ്റെ വീട്ടുകാർക്ക് കൃത്യമായി അറിയാമായിരുന്നു: കാരണം ചൂണ്ടിക്കാട്ടി ഉത്രയുടെ സഹോദരൻ
കൊല്ലം അഞ്ചലിൽ പാമ്പുകടിയേറ്റ് ഉത്ര കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് സൂരജിനും ബന്ധുക്കൾക്കുമെതിരെ ഉത്രയുടെ സഹോദരൻ വിഷു. സൂരജും ബന്ധുക്കളും തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നു വിഷു പറഞ്ഞു. ഉത്രയുടെ മരണത്തിൽ വിഷുവിനു പങ്കുണ്ടെന്ന് ആരോപിച്ചു സൂരജ് പരാതി നൽകിയിരുന്നതിനെ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊലപാതകത്തെ കുറിച്ച് സൂരജിന്റെ കുടുബാംഗങ്ങൾക്കും വ്യക്തമായി അറിയാമായിരുന്നെന്ന് വിഷു ആരോപിച്ചു.ഉത്ര നേരത്തെ പാമ്പിനെ കണ്ടിരുന്നെന്ന് പറഞ്ഞപ്പോഴും അവർ കാര്യമായി എടുത്തിരുന്നില്ല. അതു ചേരയോ മറ്റോ ആയിരിക്കും, കാര്യമാക്കേണ്ടെന്നാണു സൂരജിന്റെ വീട്ടുകാർ പറഞ്ഞത്. അവർക്കു കൃത്യമായി അറിയാമായിരുന്നു സൂരജ് ഇങ്ങനെ ചെയ്യാൻ പോവുകയാണെന്ന്. അതുകൊണ്ടാണ് അന്ന് അവരത് കാര്യമാക്കാതെ വിട്ടതെന്നും ഉത്രയുടെ സഹോദരൻ പറയുന്നു.
വിഷുവും ഉത്രയും തമ്മിൽ സ്വത്തുവിഷയത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും വിവാഹശേഷം വിഷു ഉത്രയോടു ഫോണിൽ പോലും സംസാരിക്കാറില്ലെന്നുമാണു സൂരജിന്റെ സഹോദരി സൂര്യയും മാതാപിതാക്കളും മാധ്യമങ്ങളോടു പറഞ്ഞത്. ഉത്ര മരിച്ച ദിവസം മുറിയുടെ ജനാല തുറന്നിട്ടതും പാമ്പിനെ പിടിച്ചപ്പോൾ കൊന്നതുമൊക്കെ വിഷുവാണെന്നും സൂര്യ ചാനൽ ചർച്ചയിൽ ചൂ്ടിക്കാട്ടിയിരുന്നു.
എന്നാൽ ഇതെല്ലാം കേസിൽനിന്നു രക്ഷപ്പെടാൻ വേണ്ടി അവർ പറയുന്ന കാര്യങ്ങൾ മാത്രമാണ്. കൂടുതലൊന്നും പറയാനില്ല. ഞാനാണ് ഉത്രയെ കൊന്നതെന്നു വരെ കേസു കൊടുത്തവരാണ്. അത് അവർ ചെയ്തതു മറയ്ക്കാനാണ്. ‘അവളെ അവൻ ആദ്യം പാമ്പ് കടുപ്പിച്ച അന്നു മുതൽ അവൾക്കൊപ്പം ഞാൻ ആശുപത്രിയിലുണ്ട്. അവളുമായി എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായിരുന്നെങ്കിൽ ഞാനങ്ങനെ നിൽക്കേണ്ട കാര്യമുണ്ടോ? ഈ പറയുന്ന ആരും അവളെ തിരിഞ്ഞുപോലും നോക്കാത്ത ആളുകളാണ്. ആദ്യ രണ്ടു ദിവസം മാത്രം അവർ വന്നു. പിന്നീട് അവൾ അനങ്ങാനാകാതെ കിടന്നിട്ടു പോലും തിരിഞ്ഞു നോക്കിയിട്ടില്ല. ഞാനും അമ്മയും അച്ഛനുമാണു നോക്കിയത്, സൂരജും ഒപ്പം ഉണ്ടായിരുന്നു.’– വിഷു പറയുന്നു.
ഉത്രയുടെയും സൂരജിൻ്റെയും വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായിരുന്നതായും വിഷു പറഞ്ഞു. ഉത്രയും സൂരജും തമ്മിൽ നേരത്തേ മുതൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പല തവണ പ്രശ്നങ്ങൾ ഉണ്ടാവുകയും പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാൽ പ്രശ്നങ്ങൾ തുടർന്നപ്പോൾ ജനുവരിയിൽ ഉത്രയെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാൻ ചെന്നു. അപ്പോൾ ഇനി പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലെന്നു പറഞ്ഞു സൂരജ് തിരിച്ചയക്കുകയായിരുന്നുവെന്നും വിഷു പറഞ്ഞു.
സൂരജ് മാതാപിതാക്കളെയും സഹോദരനെയും അനുനയിപ്പിച്ചാണ് ഉത്രയെ വീണ്ടും വീട്ടിൽ നിർത്തുന്നത്. ഇനി പ്രശ്നങ്ങൾ ഉണ്ടാകില്ലെന്ന് പറഞ്ഞപ്പോൾ അത് ഇങ്ങനെയാകുമെന്ന് കരുതിയില്ലെന്നും അവളുടെ കുടുംബജിവിതം തകരരുതെന്നു മാത്രമാണ് ആഗ്രഹിച്ചതെന്നും വിഷു പറഞ്ഞു.
‘ഞങ്ങൾ അവളെ വിളിച്ചുകൊണ്ടു പോരുമെന്ന് മനസ്സിലാക്കിയതു മുതൽ അവൻ പ്ലാൻ മാറ്റി. വഴക്കോ കാര്യങ്ങളോ ഒന്നും ഉണ്ടാക്കാൻ നിൽക്കാതെ ഇല്ലാതാക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇപ്പോഴാണു മനസ്സിലായത്. ഇങ്ങനെ എന്തെങ്കിലും അവന്റെ ഉള്ളിൽ ഉണ്ടായിരുന്നെന്ന് അറിഞ്ഞിരുന്നെങ്കിൽ അന്നേ എന്തെങ്കിലും ചെയ്തേനെ. ഇതുവരെ വിവാഹമോചനത്തിനു ശ്രമിച്ചിട്ടില്ലെന്നും വിഷു പറഞ്ഞു.
Copyright © 2020 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2M5RFJC
via IFTTT
0 അഭിപ്രായങ്ങള്‍