യു.എ.ഇ.യിൽ കുടുങ്ങിയവർക്ക് മടങ്ങാൻ ഏപ്രിൽ ആറുമുതൽ എമിറേറ്റ്‌സ് സർവീസ്

ദുബായ്: സന്ദർശകവിസയിൽ എത്തി യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്നവർക്ക് സ്വന്തം നാടുകളിലേക്ക് തിരിച്ചുപോകാൻ ദുബായിയുടെ എമിറേറ്റ്‌സ് എയർലൈൻസ് പ്രത്യേക വിമാന സർവീസ് ആരംഭിക്കുന്നു. ഏപ്രിൽ ആറിന് സർവീസുകൾ ആരംഭിക്കും. കൊറോണ വൈറസ് വ്യാപനം കാരണം അന്താരാഷ്ട്ര വിമാന സർവീസുകൾ നിലച്ചതോടെ യു.എ.ഇ.യിൽ ഒറ്റപ്പെട്ടുപോയവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക സർവീസുകൾ.ഇന്ത്യയിൽ നെടുമ്പാശ്ശേരിയും തിരുവനന്തപുരവും ഉൾപ്പെടെ ഏഴ് നഗരങ്ങളിലേക്കായിരിക്കും സർവീസുകൾ. ദുബായ് എയർപോർട്‌സ് ചെയർമാൻ കൂടിയായ എമിറേറ്റ്‌സ് എയർലൈൻസ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സായിദ് അൽ മക്തൂമാണ് ട്വിറ്ററിലൂടെ എമിറേറ്റ്‌സ് നൽകുന്ന പ്രത്യേകസൗകര്യം പ്രഖ്യാപിച്ചത്. സാധാരണ രീതിയിലുള്ള വിമാന സർവീസുകളല്ലായിതെന്നും യു.എ.ഇ.യിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മാത്രമായുള്ളതാണ് ഇതെന്നും എമിറേറ്റ്‌സ് അധികൃതർ അറിയിച്ചു. നെടുമ്പാശ്ശേരിയിലേക്കും തിരുവനന്തപുരത്തേക്കും നിത്യവും രണ്ട് സർവീസുകളുണ്ടാവും. ദുബായിൽനിന്ന് പുലർച്ചെ 3.20-ന് പുറപ്പെടുന്ന വിമാനം രാവിലെ ഒമ്പതിന് നെടുമ്പാശ്ശേരിയിലെത്തും. രാവിലെ പത്തരയ്ക്ക് പുറപ്പെട്ട് ഉച്ചയ്ക്ക് 12.55-ന് രണ്ടാം സർവീസും നെടുമ്പാശ്ശേരിയിലെത്തും. വൈകീട്ട് 5.15-ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടുന്ന വിമാനം രാത്രി പതിനൊന്നിന് അവിടെയെത്തും. രാത്രി 12.30-ന് മറ്റൊരു വിമാനവും തിരുവനന്തപുരത്തേക്ക് പറക്കും. പുലർച്ചെ മൂന്നിന് അവിടെയെത്തും. ഈ വിമാനങ്ങളിൽ തിരിച്ചുവരുമ്പോൾ യു.എ.ഇ-യിലേക്കുള്ള ചരക്കുകളും കയറ്റും. ഡൽഹി , മുംബൈ, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു എന്നീ നഗരങ്ങളിലേക്കും സർവീസുണ്ട്. ലണ്ടൻ, കറാച്ചി, ലഹോർ, ഇസ്‌ലാമാബാദ്, ധാക്ക, കൊളംബോ, കയ്‌റോ എന്നിവിടങ്ങളിലേക്കും ഇത്തരത്തിൽ എമിറേറ്റ്‌സ് സർവീസുണ്ടാകും. അതത് രാജ്യങ്ങളിലെ നിബന്ധനകൾക്ക് വിധേയമായിട്ടാവും ഈ സർവീസുകൾ.

from mathrubhumi.latestnews.rssfeed https://ift.tt/3dObSQN
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍