മൺസൂൺ ബമ്പർ: സത്യം തെളിഞ്ഞിട്ടും ഭാഗ്യം തെളിയാതെ അജിതൻ

കണ്ണൂർ: സംസ്ഥാനസർക്കാരിന്റെ മൺസൂൺ ബമ്പർ സമ്മാനം ലഭിച്ചിട്ടും പണം വാങ്ങാനാവാതെ പറശ്ശിനിക്കടവിലെ പി.എം. അജിതൻ. അജിതന്റെ ടിക്കറ്റ് തന്റേതാണെന്നവകാശപ്പെട്ട് കോഴിക്കോട് പുതിയങ്ങാടിക്കടുത്ത് പുത്തൂർ സ്വദേശി മുനിയൻ നൽകിയ കള്ളപ്പരാതിയുടെ പേരിലാണ് ബാങ്കിലെത്തിയ സമ്മാനത്തുക പിൻവലിക്കാനാവാതെവന്നത്. ഫൊറൻസിക് പരിശോധനയിൽ ടിക്കറ്റിന്റെ ഉടമ അജിതനാണെന്ന് വ്യക്തമായിട്ട് രണ്ടുമാസം കഴിഞ്ഞു. സമ്മാനത്തുക മാത്രമല്ല അതെത്തിയ അക്കൗണ്ടാകെ മരവിപ്പിച്ചതിനാൽ കടുത്ത പ്രയാസത്തിലാണെന്നുകാട്ടി അജിതൻ പോലീസിനെതിരേ ഹൈക്കോടതിയെ സമീപിച്ചു. അതേസമയം ടിക്കറ്റിന് അവകാശമുന്നയിച്ച് പരാതിനൽകിയ മുനിയൻ മുങ്ങിനടക്കുകയാണെന്ന് പോലീസ് പറയുന്നു. ജൂലായ് 18-ന് നറുക്കെടുത്ത മൺസൂൺ ബമ്പറിൽ ഒന്നാംസമ്മാനമായ അഞ്ചുകോടി രൂപ എം.ഇ. 174253 നമ്പർ ടിക്കറ്റിനാണ് ലഭിച്ചത്. ആ നമ്പർ ടിക്കറ്റ് തന്റെ പേരും വിലാസവും ഒപ്പുമിട്ട് അജിതൻ പുതിയതെരുവിലെ കനറാ ബാങ്ക് ശാഖയിൽ ഏൽപ്പിച്ചു. സമ്മാനത്തുകയായ 3.15 കോടി രൂപ ലോട്ടറിവകുപ്പ് അജിതന്റെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചു. എന്നാൽ സമ്മാനാർഹമായ ടിക്കറ്റിന് മറ്റൊരാൾ അവകാശവാദമുന്നയിച്ചതിനാൽ തത്‌കാലം പണം പിൻവലിക്കാൻ അനുവദിക്കരുതെന്നുകാണിച്ച് തളിപ്പറമ്പ് പോലീസ് ബാങ്ക് മാനേജർക്ക് കത്ത് നൽകി. ടിക്കറ്റ് തന്റേതാണെന്നവകാശപ്പെട്ട് മുനിയൻ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തത് ഒക്ടോബർ 24-നാണ്. പോലീസ് ലോട്ടറിവകുപ്പിൽനിന്ന് കോടതിമുഖേന ടിക്കറ്റ് വാങ്ങി ഫൊറൻസിക് പരിശോധനയ്ക്കയച്ചു. തന്റെ പേരും ഫോൺ നമ്പറും ടിക്കറ്റിന്റെ പുറത്തെഴുതിയിരുന്നെന്ന മുനിയന്റെ അവകാശവാദത്തെ തുടർന്നാണ് ടിക്കറ്റ് പരിശോധനയ്ക്കയച്ചത്. കണ്ണൂർ ഫൊറൻസിക് സയൻസ് ലാബിൽ നടത്തിയ പരിശോധനയുടെ റിപ്പോർട്ട് ഡിസംബർ 23-ന് പോലീസിന് നൽകി. അജിതന്റെ പേരും വിലാസവുമല്ലാതെ മറ്റൊന്നും ടിക്കറ്റിൽ എഴുതിയിട്ടില്ലെന്ന് പരിശോധനയിൽ വ്യക്തമായതായാണ് റിപ്പോർട്ട്. ഈ റിപ്പോർട്ട് കിട്ടി രണ്ടുമാസമായിട്ടും തന്റെ അക്കൗണ്ട് മരവിപ്പിച്ച നടപടി പിൻവലിക്കാൻ പോലീസ് തയ്യാറാകാത്തതിനാലാണ് അജിതൻ ഹൈക്കോടതിയെ സമീപിച്ചത്. മുനിയന്റേത് കള്ളപ്പരാതിമുനിയൻ നൽകിയത് കള്ളപ്പരാതിയാണെന്ന് വ്യക്തമായതായി പോലീസ് പറഞ്ഞു. പോലീസിനെ കബളിപ്പിച്ചതിന് മുനിയനെ കൂടുതൽ ചോദ്യംചെയ്ത്, തെറ്റായി അവകാശവാദമുന്നയിച്ചതിന്റെ പിന്നിലെ മറ്റ് കാര്യങ്ങൾ മനസ്സിലാക്കേണ്ടതുണ്ട്. പലതവണ വിളിപ്പിച്ചിട്ടും ഇയാൾ മുങ്ങിനടക്കുകയാണ്. അന്വേഷണം പൂർത്തിയായ ശേഷമേ തുടർനടപടിയെടുക്കാനാവുകയുള്ളൂവെന്നും പോലീസ് പറയുന്നു. ടാക്‌സി ഡ്രൈവറായ താൻ പറശ്ശിനിക്കടവിൽ ട്രിപ്പുമായി ചെന്നപ്പോൾ ജൂൺ 16-നാണ് ടിക്കറ്റെടുത്തതെന്നും ജൂൺ 29-ന് വീണ്ടും പറശ്ശിനിക്കടവിൽ വന്നപ്പോൾ ടിക്കറ്റടങ്ങിയ പഴ്‌സ് നഷ്ടപ്പെട്ടെന്നുമാണ് മുനിയൻ പരാതിയിൽ പറഞ്ഞത്. ടിക്കറ്റിന്റെ പിന്നിൽ പേരും നമ്പറും എഴുതിയിരുന്നെന്നും നമ്പർ വീട്ടിലെ കലണ്ടറിൽ എഴുതിവെച്ചിരുന്നെന്നും പരാതിയിലുണ്ട്.

from mathrubhumi.latestnews.rssfeed https://ift.tt/2VLG9Jp
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍