ഇറ്റലിയിലെയും സ്‌പെയിനിലെയും വൈറസ് വ്യാപനത്തിന് കാരണം ആ ചാമ്പ്യന്‍സ് ലീഗ് മത്സരമോ?

കൊറോണവൈറസിൽ ചൈന ഞെട്ടിത്തരിച്ചുനിൽക്കുന്ന സമയം. ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വൈറസ് പടരുന്നു. ഇറ്റലിയിലും വൈറസ് എത്തി. ചൈനയുടെ പാഠം ഉൾക്കൊണ്ട് കർശനമായ നടപടികൾ വേണമെന്ന് രാജ്യങ്ങൾ നിശ്ചയിക്കുന്നു. കായികമത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ നടത്താൻ പലരും തീരുമാനിക്കുന്നു. എന്നാൽ, അതിന് വിരുദ്ധമായ ഒന്ന് ഇറ്റലിയിൽ സംഭവിച്ചു. 2020 ഫെബ്രുവരി 19, സാൻസിറോ സ്റ്റേഡിയം, ഇറ്റലി *ഇറ്റാലിയൻ ക്ലബ്ബ് അറ്റ്ലാന്റയും സ്പാനിഷ് ക്ലബ്ബ് വലൻസിയയും യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഏറ്റുമുട്ടുന്നു. സ്റ്റേഡിയത്തിൽ കളി കാണാനെത്തിയത് 44000-ത്തോളം പേർ. *അതുവരെ ഇറ്റലിയിൽ കൊറോണ മരണം പൂജ്യം. മത്സരം കഴിഞ്ഞ് മൂന്നാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ 3000 കടന്നു. *വൈറസ് വ്യാപനത്തെ ത്തുടർന്ന് ഇറ്റലി ജനുവരി 31-നു ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. ചൈനയിലേക്കുള്ള എല്ലാ വിമാനങ്ങളും റദ്ദാക്കിയിരുന്നു. *അതുവരെ സ്പെയിനിൽ മരണം ഒന്ന്. മൂന്നാഴ്ച പിന്നിടുമ്പോൾ സ്പെയിനിലെ മരണം ആയിരത്തോടടുത്തു. *ഇതുവരെ ഇറ്റലിയിൽ മരിച്ചത് 7503 പേർ. സ്പെയിനിൽ മരിച്ചത് 3647 പേർ. ഇറ്റലിയിലെയും സ്പെയിനിലെയും വൈറസ് വ്യാപനത്തിൽ അറ്റ്ലാന്റ - വലൻസിയ മത്സരത്തിന്റെ പങ്കെന്താണ്. ആ മത്സരം ഒരു ജൈവബോംബ് ആയിരുന്നു എന്നാണ് ബെർഗാമോ പ്രവിശ്യയിലെ മേയർ ജിയോർജിയോ ഗോറി കഴിഞ്ഞദിവസം പറഞ്ഞത്. അതോടെയാണ് രണ്ട് രാജ്യങ്ങളിലും വലിയതോതിൽ രോഗം വ്യാപിച്ചത്, ഇന്ന് പിടിച്ചാൽകിട്ടാത്ത അവസ്ഥയിൽ എത്തിയത്. ഒരു പക്ഷേ, ആ മത്സരം നടന്നില്ലായിരുന്നെങ്കിലും വൈറസ് ഇത്രയും വ്യാപിക്കുമായിരുന്നു. എങ്കിലും, ലോകം പകച്ചുനിൽക്കുന്ന ഒരു സന്ദർഭത്തിൽ ആ സാഹസത്തിന് മുതിരണമായിരുന്നോ എന്നാണ് ചോദ്യം. ബെർഗാമോ വടക്കൻ ഇറ്റലിയിൽ മിലാനിൽനിന്ന് 40 കിലോമീറ്റർ അകലെയാണ് ബെർഗാമോ. ഇവിടമാണ് അറ്റ്ലാന്റയുടെ ആസ്ഥാനം. ജനസംഖ്യ ഒന്നേകാൽ ലക്ഷത്തോളം. ഇവിടെനിന്നാണ് അറ്റ്ലാന്റ ആരാധകർ സാൻസിറോയിലേക്കും തിരിച്ചും ആഘോഷപൂർവം യാത്രചെയ്തത്. ആവേശകരമായ മത്സരത്തിലായിരുന്നു അറ്റ്ലാന്റയുടെ വിജയം. അതുകൊണ്ട് ആഘോഷം അതിരുവിട്ടു. അറ്റ്ലാന്റ- സാൻസിറോ ദൂരം 59 കിലോമീറ്റർ. ഇന്ന് ഇറ്റലിയിൽ വൈറസ് ഏറ്റവും നാശം വിതച്ചത് ബെർഗാമോയിലാണ്. അവിടെ കാര്യങ്ങൾ കൈവിട്ടുപോയിരിക്കുന്നു. ഇത്രയും വിചാരിച്ചില്ല മത്സരം നടക്കുമ്പോൾ സ്ഥിതി ഇത്രയും ഗുരുതരമല്ലായിരുന്നു എന്ന വാദമാണ് ചിലർ മുന്നോട്ടുവെക്കുന്നത്. അതുവരെ ഇറ്റലിയിൽ വൈറസ് മരണങ്ങൾ ഒന്നുമില്ലായിരുന്നു. എന്നാൽ, ഈ വാദം ശരിയെന്ന് പറയാനാവില്ല. മത്സരത്തിന് 20 ദിവസം മുമ്പേ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. രാജ്യം അപകടത്തിലായതു കൊണ്ടാണല്ലോ അങ്ങനെ വേണ്ടിവന്നത്. അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം നടത്തിയിരുന്നെങ്കിൽ സ്ഥിതി ഇത്ര ഗുരുതരമാകുമായിരുന്നില്ല. ബലിയാടായി ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ കായികവിനോദമാണ് ഫുട്ബോൾ. കണക്കില്ലാത്ത പണമാണ് അവിടെ മാറിമറിയുന്നത്. ഒരു വൻ മത്സരം മാറ്റിവെച്ചാൽ നഷ്ടമാകുന്നത് കോടികൾ. അതുകൊണ്ട് മത്സരം സംരക്ഷിക്കാൻ സംഘാടകരിൽനിന്ന് പരമാവധി ശ്രമമുണ്ടാവും. വൈറസ് കാലത്ത് അത് സംഭവിച്ചു. ഫുട്ബോൾ താരങ്ങളെ ഗിനിപ്പന്നികളെപ്പോലെയാണ് കാണുന്നതെന്ന് ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ വെയ്ൻ റൂണി ആഞ്ഞടിക്കുകയും ചെയ്തു. ഒരു നിവൃത്തിയും ഇല്ലെന്ന് വന്നതോടെയാണ് മത്സരങ്ങൾ മാറ്റിവെക്കപ്പെട്ടത്. പക്ഷേ, അതിനിടെ, സംഭവിക്കേണ്ടത് സംഭവിച്ചിരുന്നു. ഇറ്റലി യഥാർഥത്തിൽ ആ മത്സരം നടക്കേണ്ടിയിരുന്നത് ബെർഗാമോയിൽ അറ്റ്ലാന്റയുടെ സ്റ്റേഡിയത്തിലാണ്. അവിടെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാലാണ് മിലാനിലെ സാൻസിറോയിലേക്ക് മത്സരം മാറ്റിയത്. സാൻസിറോ മിലാൻ ടീമുകളുടെ ആസ്ഥാനമാണ്. ബെർഗാമോ പ്രദേശത്ത് അപ്പോൾ വൈറസ് മാരകമായി പടർന്നിരുന്നു. അറ്റ്ലാന്റയുടെ നാൽപ്പതിനായിരത്തോളം ആരാധകർ മിലാനിലേക്കും തിരിച്ചും യാത്ര ചെയ്തു. അവർ സ്റ്റേഡിയത്തിലും പുറത്തും അത്രയും ഇടപഴകി. അവരിൽ ഏതാണ്ടെല്ലാവരും രോഗബാധിതരായി. അറ്റ്ലാന്റ താരങ്ങൾക്കും രോഗം കിട്ടി. സ്പെയിൻ വലൻസിയ ടീം സ്പെയിനിൽ മടങ്ങിയെത്തി. ചാമ്പ്യൻസ് ലീഗ് മത്സരം അവർ പരാജയപ്പെട്ടിരുന്നു. പക്ഷേ, യഥാർഥത്തിൽ തോൽപ്പിച്ചത് വൈറസാണ്. താരങ്ങൾക്ക് ഒന്നൊന്നായി രോഗം പിടിപെട്ടു. കളിക്കാരും പരിശീലകരും ഉൾപ്പെടെ, സംഘത്തിലെ 35 ശതമാനം പേർക്കും രോഗബാധ. ഒരു വൻടീം ഒന്നടങ്കം ഐസൊലേഷനിലേക്ക്. അവരുടെ അവസ്ഥ എന്തെന്ന് ആർക്കറിയാം. Content Highlights: Atalanta Valencia Champions League clash accelerated coronavirus spread report

from mathrubhumi.latestnews.rssfeed https://ift.tt/2xxpSxx
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍