നമ്മുടെ ദേവനന്ദ ദൈവത്തിനടുത്തേക്ക് പോയി: ഒന്നാം ക്ലാസിൽ ദേവനന്ദയില്ലാത്ത ആദ്യദിനം കണ്ണുനിറഞ്ഞ് കൂട്ടുകാരും പ്രീതടീച്ചറും

ഇ വാർത്ത | evartha
നമ്മുടെ ദേവനന്ദ ദൈവത്തിനടുത്തേക്ക് പോയി: ഒന്നാം ക്ലാസിൽ ദേവനന്ദയില്ലാത്ത ആദ്യദിനം കണ്ണുനിറഞ്ഞ് കൂട്ടുകാരും പ്രീതടീച്ചറും

കൊല്ലത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ദേവനന്ദയില്ലാത്ത ആദ്യ ദിനമായിരുന്നു വാക്കനാട് സരസ്വതി വിദ്യാനികേതനിൽ കഴിഞ്ഞ ദിവസം. സരസ്വതീ വന്ദനത്തിന് എല്ലാവരും ഒത്തുകൂടുമ്പോൾ ഒന്നാംക്ളാസുകാരുടെ മുൻനിരയിൽ ദേവനന്ദയ്ക്കായിരുന്നു സ്ഥാനം. പക്ഷേ ഇന്നലെ അവളുണ്ടായിരുന്നില്ല. 

‘ഇനി നമുക്കവളെ കാണാനാകില്ല, നമ്മുടെ ദേവനന്ദ ദൈവത്തിനടുത്തേക്ക് പോയി’, കുഞ്ഞുങ്ങളുടെ സങ്കടം മാറ്റാൻ ആശ്വാസവാക്കുകൾ പറഞ്ഞ അദ്ധ്യാപകരുടെയും ശബ്‌ദമിടറുകയായിരുന്നു. തങ്ങളുടെ പ്രിയ കൂട്ടുകാരിക്കായി സ്കൂളിൻ്റെ മുറ്റത്ത് ഒരു തുളസിത്തൈ നട്ടിട്ടാണ് അവർ ക്ലാസ് മുറിയിലേക്ക് പോയത്. കഴിഞ്ഞ ചൊവ്വാഴ്‌ച വരെ ഒന്നാം ക്ലാസിൽ അവർ 16 പേരായിരുന്നു. ഇന്ന് ദേവനന്ദ എന്ന് പേരിട്ട ഒന്നാം ക്ലാസ് മുറിയിലേക്ക് മനസ് നിറയെ അവളുടെ ഓർമ്മകളുമായി 15 കൂട്ടുകാർ മാത്രം. 

കണ്ണുനീരുമായി അവർ തങ്ങളുടെ കൊച്ചു കസേരകളിലിരുന്നപ്പോൾ ഒരുവാക്കുപോലും ഉരിയാടാൻ അധ്യാപകർക്കുമായില്ല. ഇടത് ഭാഗത്തെ മുൻ നിരയിൽ ജാനകിയും ആദിനാഥും സഞ്ജയും ഇരുന്നപ്പോൾ രണ്ടാമത്തെ കസേര ഒഴിഞ്ഞുകിടക്കുകയായിരുന്നു- ദേവനന്ദയുടെ. 

ദേവനന്ദയുടെ അസാന്നിദ്ധ്യം വേദനയായി തുടങ്ങുന്നുവെന്ന് കണ്ടതോടെ ക്ലാസ് ടീച്ചറായ പ്രീത ക്ലാസ് ആരംഭിച്ചു.ക്ലാസ് ടീച്ചർ കണക്ക് പഠിപ്പിച്ച് തുടങ്ങിയതോടെ അവർ പഠത്തിൻ്റെ ലോകത്തെത്തി. വീട്ടിൽ നിന്ന് ദേവനന്ദ വരച്ചുകൊണ്ട് വന്ന് ക്ലാസിലൊട്ടിച്ച ഒന്ന് മുതൽ പത്തുവരെ നമ്പർ എഴുതിയ ചാർട്ടും സ്കൂളിലെ ക്ലാസ് മുറിയിൽ വേദനയുടെ അടയാളമായി കിടന്നിരുന്നു. ഏറ്റവും സങ്കടം പ്രീതടിച്ചറിനായിരുന്നു. ഉച്ചയൂണിനോട് പലപ്പോഴും പിണക്കം കാട്ടിയിരുന്ന ദേവനന്ദയ്‌ക്ക് അമ്മയെ പോലെ ചോറ് ഉരുളകളാക്കി വാരി നൽകിയിരുന്നത് പ്രീത ടീച്ചറാണ്. 

പലപ്പോഴും ടീച്ചറെ അവൾ വിളിച്ചിരുന്നത് ചേച്ചിയെന്നായിരുന്നു. പ്രിയപ്പെട്ടവൾക്കായി ഇനി ചോറുരുളകൾ നൽകേണ്ടെന്ന സത്യം പലപ്പോഴും പ്രീതടീച്ചറുടെ കണ്ണുനനയിച്ചു. കണ്ണ് നിറഞ്ഞപ്പോഴെക്കെ കുഞ്ഞുങ്ങൾ കാണാതിരിക്കാൻ അവർ ക്ലാസിന് പുറത്തിറങ്ങിക്കൊണ്ടിരുന്നു. 

ദേവനന്ദയുടെ ഓർമ്മകൾ പ്രഥമാദ്ധ്യാപിക ഗീതടീച്ചറും പങ്കുവച്ചു.  ”ഇനിയൊരു കെട്ടിടം ഞങ്ങൾ പണിയുമ്പോൾ അവളുടെ പേരിടും. അത്ര പ്രിയപ്പെട്ട കുഞ്ഞാണവൾ, മറക്കാൻ കഴിയില്ല ഈ സരസ്വതി വിദ്യാലയത്തിന് അവളോടുള്ള വാത്സല്യം.- ടീച്ചർ പറഞ്ഞു.

Copyright © 2020 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2Ia90z4
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍