നിരീക്ഷണത്തിലും ‘ഫിസിയോ തെറാപ്പി’യുമായി ഇവിടെയൊരാൾ

ആലപ്പുഴ: ''മോനെന്താ ഇപ്പോ വരാത്തത്. എന്റെ വ്യായാമമൊക്കെ മൊടങ്ങൂല്ലേ. നാളെ വരുവോ?'' -പക്ഷാഘാതം പിടിപെട്ട 58 കാരിയുടെ വിളിയാണ്. ഫിസിയോ തെറാപ്പിസ്റ്റായ ആലപ്പുഴക്കാരൻ കൊറോണ നിരീക്ഷണത്തിന്റെ കെട്ടുപൊട്ടിച്ച് ഈ വിളി വന്നപ്പോൾതന്നെ അവരുടെ അരികിലെത്തി. നേരിട്ടല്ല, വീഡിയോ കോളിൽ. ഇപ്പോൾ ആലപ്പുഴയിലെ എൺപതോളം രോഗികളുടെ വീടുകളിൽ ഈ ഫിസിയോ തെറാപ്പിസ്റ്റ് വീഡിയോകോളിലൂടെ എത്തുന്നുണ്ട്. അപകടത്തിൽ കാലൊടിഞ്ഞവർ, പക്ഷാഘാതംവന്ന് ചലനശേഷി നഷ്ടമായവർ, കിടപ്പുരോഗികൾ... തുടങ്ങി എല്ലാവരുടെയും അരികിലേക്ക് പഴയപോലെ എത്താൻ കഴിയുന്നുണ്ടെന്നതാണ് ആശ്വാസം. ഓരോ രോഗികൾക്കും ഓരോതരം വ്യായാമങ്ങളാണ്. അതവരുടെ വീട്ടിലെത്തി ചെയ്യിപ്പിച്ച് അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരികയാണ് എൻ.എച്ച്.എം. പാലിയേറ്റീവ് കെയർ ഫിസിയോതെറാപ്പിസ്റ്റായിരുന്ന ആലപ്പുഴ സ്വദേശിയുടെ ജോലി. രണ്ടുമൂന്നുദിവസം ഫിസിയോ തെറാപ്പിസ്റ്റിനെ കാണാതായതോടെ പലരും ഫോണിൽ വിളിച്ചു. ഇതോടെയാണ് അവരിലേക്ക് വീഡിയോകോൾ വഴി എത്താൻ തീരുമാനിച്ചത്. നിരീക്ഷണത്തിലാക്കിയത് ഖത്തറുകാരന്റെ വരവ് ഫിസിയോതെറാപ്പിസ്റ്റിനെ കൊറോണ നിരീക്ഷണത്തിലാക്കിയത് ഖത്തറിൽനിന്നെത്തിയ യുവാവിന്റെ വരവാണ്. ഖത്തറിൽനിന്ന് ഗോവയിലെത്തി. അവിടെനിന്ന് തീവണ്ടിയിൽ ആലപ്പുഴയിലെത്തിയ യുവാവ് നേരെ വന്നത് ജനറൽ ആശുപത്രിയിലേക്ക്. അപ്പോൾ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്നത് ഫിസിയോ തൊറാപ്പിസ്റ്റായിരുന്നു. ഗ്ലൗസും മാസ്കുമൊക്കെ ധരിച്ചാണ് യുവാവ് വന്നിരുന്നത്. എന്നാൽ, കഴിഞ്ഞ ചൊവ്വാഴ്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ യുവാവുമായി നേരിട്ട് ഇടപഴകിയ 19 പേരെ ആരോഗ്യവകുപ്പ് നിരീക്ഷണത്തിലാക്കാൻ നിർദേശിച്ചു. ഫിസിയോതെറാപ്പിസ്റ്റും വീട്ടിൽ നിരീക്ഷണത്തിലായത്. 14 ദിവസം കഴിയുമ്പോഴേ ഇനി പുറത്തിറങ്ങാനാവൂ. Content Highlights:Physiotherapy through Video call

from mathrubhumi.latestnews.rssfeed https://ift.tt/2UH74Eg
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍