കാഞ്ഞങ്ങാട്: പേഴ്സിൽ പത്തുറുപ്യന്റെ നാലു നോട്ടുണ്ട്. രാത്രി കണ്ണടച്ചുകെടന്നാലും ഒറങ്ങാൻ കഴീന്നില്ല. ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ അടുക്കള കാലിയാകും. എങ്ങിന്യാ കഴിച്ചുകൂട്ട്വാ... അമ്മയും ഞാനും ഭാര്യയും നാലും ഒന്നും പ്രായായ രണ്ട് കുഞ്ഞ്യോളും. കുഞ്ഞ്യോൾക്ക് വിശക്കൂലേ... ചിന്തിക്കുമ്പം പേടി കൂടുന്നു... ഇരുനൂറ്റമ്പത് ഉറുപ്യോളം ഉണ്ടായിരുന്നു. കുറച്ച് വീട്ടുസമാനങ്ങൾ വാങ്ങി. ഇനി ഈ നാപ്പതുറുപ്യോണ്ട് എന്ത് ചെയ്യാനാ... -ഓട്ടോറിക്ഷാ ഡ്രൈവർ കാഞ്ഞങ്ങാട് വാണിയമ്പാറയിലെ പ്രഭാശങ്കറിന്റെ ഇടറിയ സ്വരത്തിൽ ഭീതി നിഴലിക്കുന്നു. ഓട്ടോ എടുക്കാന്നുവെച്ചാൽ പോലീസ് സമ്മതിക്കുന്നില്ല. അവരെ പറഞ്ഞിട്ടും കാര്യല്ലല്ലോ. നമ്മുടെ നന്മയ്ക്കുവേണ്ട്യല്ലേ അവരുടേം പെടാപ്പാട്. എല്ലാം വിധി. ഒപ്പരം പണിയെടുക്കുന്നോരെ പലരുടേം കാര്യം ഇങ്ങനത്തന്നെയാണ് -ഈ ഓട്ടോ ഡ്രൈവറുടെ വാക്കുകൾതന്നെയാണ് പല കുടുംബത്തിൽനിന്നും കേൾക്കുന്നത്. വീട്ടിൽനിന്നു പുറത്തിറങ്ങാൻ കഴിയാതായിട്ട് ദിവസം നാലു പിന്നിടുമ്പോഴേക്കും മനസ്സുപിടയുന്ന കാഴ്ച. അന്നന്നു കിട്ടുന്ന കൂലികൊണ്ട് അത്താഴം മുടങ്ങാതെ ജീവിക്കുന്നവർ. ഇത്തിരിപ്പണം പോലും നാളത്തേക്ക് മാറ്റിവയ്ക്കാത്തവർ എല്ലാവരും പട്ടിണിയെക്കുറിച്ചു പറഞ്ഞുതുടങ്ങി. ഇതുപോലൊരു കാലം ഇതിനുമുമ്പുണ്ടായിട്ടില്ലെന്ന് പ്രായംചെന്നവർ പറയുന്നു. ഞായറാഴ്ച ജനതാ കർഫ്യൂ ആയതിനാൽ ശനിയാഴ്ച വൈകീട്ട് കുറച്ചെന്തൊക്കെയോ വാങ്ങി വന്നതാണ്. ഇങ്ങനെയാകുമെന്ന് കരുതീല. സാധനങ്ങൾ തീർന്നു. സ്വന്തമായി വാഹനമില്ലാത്ത ഞങ്ങളെപ്പോലുള്ളവർ എന്താ ചെയ്യാ... ഉൾനാടൻ ഗ്രാമത്തിലെ കൂലിപ്പണിക്കാരുൾപ്പെടെയുള്ളവരുടെ സങ്കടംപറച്ചിൽ ഇങ്ങനെയാണ്. ഞായറാഴ്ചത്തെ ജനതാകർഫ്യൂ ദിവസം ബന്ധുവീട്ടിലേക്ക് പോയവരുണ്ട്. അവർക്ക് മടങ്ങിയെത്താൻ കഴിയുന്നില്ല. മക്കളെ മാത്രം ബന്ധുക്കളുടെ അടുത്തേക്കും മറ്റും ഒരുദിവസത്തേക്ക് പറഞ്ഞയച്ചവരുണ്ട്. ആരോടും പരിഭവം പറയാൻ കഴിയുന്നില്ല. രോഗം പകരാതിരിക്കാൻ സർക്കാർ ചെയ്യുന്ന ജാഗ്രത. ഭരണകൂടത്തിനും ആരോഗ്യപ്രവർത്തകർക്കും പോലീസിനും നന്ദിപറയുന്നുണ്ട്. പക്ഷേ, ഈ സങ്കടങ്ങൾ അതിലൊന്നും അലിഞ്ഞില്ലാതാകുന്നില്ലല്ലോ. പച്ചക്കറികൾ വിളയുന്ന കാലമാണ്. പറിച്ചെടുത്താൽ പട്ടണത്തിലേക്ക് എങ്ങിന്യാ കൊണ്ടുവര്വാ. ഓട്ടോറിക്ഷക്കാർ വരുന്നില്ല. കാഞ്ഞങ്ങാടിന്റെ പടിഞ്ഞാറൻ ഗ്രാമങ്ങളിലെത്തിയാൽ ഇത്തരത്തിൽ നൊമ്പരപ്പെടുന്ന ഒരുപാട് സാധാരണക്കാരെ കാണാം. മത്സ്യത്തൊഴിലാളികളുടെ കുടുംബത്തിൽ വലിയ ദാരിദ്ര്യം അനുഭവപ്പെട്ടുതുടങ്ങി. തുടരെത്തുടരെ വരുന്ന ദുരിതങ്ങൾക്കു മുമ്പിൽ കുമ്പിട്ടിരുന്നുപോയവരാണ് ഇക്കൂട്ടർ. ഇപ്പോൾ കടവും കിട്ടുന്നില്ല. എല്ലാവരും ആശങ്കയിലാണ്. പിന്നെവിടന്ന് കടം കിട്ടാൻ. ദിവസം കഴിയുന്തോറും ബേജാറു കൂടോന്ന്... -മത്സ്യത്തൊഴിലാളികൾ പറയുന്നു. Content Highlight: Coronavirus Lock down
from mathrubhumi.latestnews.rssfeed https://ift.tt/2y1s80j
via IFTTT
0 അഭിപ്രായങ്ങള്‍