ഇറാനിൽ കുടുങ്ങിയ മീൻപിടിത്ത തൊഴിലാളികൾക്കായി പ്രാർഥനയോടെ കുടുംബങ്ങൾ

കോവളം: ഇറാനിലെ അസലൂരിൽ കുടുങ്ങിയ മീൻപിടിത്ത തൊഴിലാളികളായ നാല് വിഴിഞ്ഞം സ്വദേശികളുടെ ദുരിതജീവിതമറിഞ്ഞതോടെ ആശങ്കയിൽ വിഴിഞ്ഞം ഇടവകയും. കോവിഡ്-19 ഭീഷണിയെത്തുടർന്ന് പുറത്തിറങ്ങാനാകാതെ ക്യാമ്പിലെ മുറിക്കുള്ളിൽ കഴിയുകയാണ് വിഴിഞ്ഞം തീരദേശത്തെ ഈ മീൻപിടിത്ത തൊഴിലാളികൾ. ആഹാരവും കുടിവെള്ളവും സാധനങ്ങൾ വാങ്ങാൻ രൂപയും ഇല്ലാത്തതിനെത്തുടർന്ന് മത്സ്യത്തൊഴിലാളികൾ തങ്ങളുടെ സങ്കടം വീട്ടുകാരെ അറിയിച്ചതോടെയാണ് പുറംലോകം സംഭവമറിഞ്ഞത്. കണ്ണെത്താദൂരത്തെ ക്യാമ്പിൽ കിടക്കുന്നവരുെട ദുരിതമോർത്ത് ഭാര്യമാരും മക്കളും ബന്ധുക്കളും കണ്ണീരൊഴുക്കുകയാണ്. ആശ്വാസവാക്കുകളുമായി ഈ കുടുംബങ്ങൾക്കൊപ്പം വിഴിഞ്ഞം ഇടവകയും. ഇറാനിൽ കുടുങ്ങിക്കിടക്കുന്ന 17 മീൻപിടിത്ത തൊഴിലാളികളിൽ നാലുപേർ വിഴിഞ്ഞം സ്വദേശികളാണ്. വിഴിഞ്ഞം കോട്ടപ്പുറം കടയ്ക്കുളം കോളനി സ്വദേശി സെൽവ മുത്തു(35), മുക്കോല കുഴിപ്പള്ളം സ്വദേശി തദയൂസ്(45), മുല്ലൂർ ശ്രീനാരായണ ബിൽഡിങ്ങിൽ വാടകയ്ക്ക് താമസിക്കുന്ന മെൽബായ്(48), ഇദ്ദേഹത്തിന്റെ മൂത്ത സഹോദരനും തമിഴ്നാട് ഇനയത്ത് താമസിക്കുന്ന സെൽവരാജ്(50) എന്നിവരാണ് നാട്ടിലേക്ക് എന്ന് വരാനാകുമെന്ന ഭീതിയിൽ അസലൂരിലെ ക്യാമ്പിൽ കഴിയുന്നത്. കഴിഞ്ഞ ഡിസംബർ 18-നും ജനുവരി 22-നുമാണ് ഇവർ മീൻപിടിത്ത വിസയിൽ ഇറാനിലെത്തിയത്. ഒരാഴ്ചയ്ക്ക് മുൻപ് ഇറാൻ കടലിൽനിന്ന് പിടിച്ച മീനുകളുമായി ഇവരടക്കമുള്ള 23 പേർ ആദ്യം ദുബായിലെത്തി. കൊറോണ വൈറസ് ബാധ ഭീഷണിയെത്തുടർന്ന് തുറമുഖമടച്ചതിനാൽ ഇവർ തിരികെ ഇറാനിലെത്തി. അവിടെയും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ബോട്ടുകൾ കടലിലുപേക്ഷിച്ച് മുറികളിൽ തങ്ങാൻ സ്പോൺസർമാർ അറിയിച്ചു. ഇതോടെ തൊഴിലാളികൾ ഇറാനിലെ അസലൂരിലെ ക്യാമ്പിലെ മുറികളിൽ അഭയംതേടിയത്. തങ്ങൾക്കൊപ്പം മരിയനാട് സ്വദേശിയായ മേരിദാസനുമുണ്ടെന്ന് തൊഴിലാളികൾ പറഞ്ഞു. ശനിയാഴ്ച രാത്രിയിൽ തന്നെവിളിച്ച് ഇറാനിൽ നിന്ന് വരാൻപറ്റുന്ന കാര്യം സംശയമാണെന്ന് സെൽവ മുത്തുവിന്റെ ഭാര്യ മഞ്ജു പറഞ്ഞു. സംഭവമറിഞ്ഞതോടെ മക്കളായ സനയാ സിൽവ, സനീഷ സിൽവ എന്നിവരെ ഒപ്പം ചേർത്തുനിർത്തി സങ്കടപ്പെടുകയാണ് ഈ കുടുംബം. കുഴിപ്പള്ളത്തെ ഇരട്ടമുറി വീട്ടിൽ താമസിക്കുന്ന തദയൂസിന്റെ കുടുംബവും കണ്ണീരിലാണ്. ഒരുലക്ഷം രൂപയോളം കടമെടുത്താണ് ഇറാനിലെത്തിയത്. എന്നാൽ, ശമ്പളം വാങ്ങി നാട്ടിൽ അയച്ചുവെങ്കിലും ഇനിയുള്ള ദിവസങ്ങൾ ബുദ്ധിമുട്ടിലാണെന്ന് ഞായറാഴ്ച വൈകീട്ട് വിളിച്ച് ഭാര്യ എലിസബത്ത് റാണിയോട് വിവരം പറഞ്ഞു. നല്ലൊരു വീടും കടമില്ലാതെ ജീവിക്കുന്നതിനും ദൈവം വഴിയൊരുക്കിയെങ്കിലും എല്ലാം പാളിപ്പോകുന്ന സ്ഥിതിയായെന്ന് കണ്ണീരോടെ എലിസബത്ത് പറഞ്ഞു. മകളുടെ വിവാഹ വാർഷികം ആഘോഷിച്ചശേഷമാണ് മുല്ലൂർ സ്വദേശി മെൽബായ് ഇറാനിലേക്ക് പോയത്. വാടകയ്ക്ക് താമസിക്കുന്ന ഇവർ മകളുടെ വിവാഹത്തിന്റെ കടം തീർക്കാനാണ് മീൻപിടിത്ത വിസയിൽ ഇറാനിലേക്ക് പോയത്. വൈറസ് ബാധയെത്തുടർന്ന് അവിടെ പുറത്തിറങ്ങുന്നതിന് നിയന്ത്രണമേർപ്പെടുത്തിയതോടെ ആശങ്കയിലാണ് തങ്ങളെന്ന് ഭാര്യ ജയന്തി പറഞ്ഞു. ഭർത്താവിന്റെ മൂത്ത സഹോദരനാണ് സെൽവരാജ്. അദ്ദേഹവും അവിടെ ഒപ്പമുണ്ട്. ജീവിതത്തിന് വെളിച്ചംപകരാനായി പോയെങ്കിലും കരിപുരണ്ട സ്ഥിതിയിലായതിൽ അതിയായ സങ്കടമുണ്ടെന്ന് ഇവർ പറഞ്ഞു. സർക്കാർ ആവശ്യമായ നടപടിയെടുക്കുമെന്ന പ്രതീക്ഷയിലാണ് ഈ കുടുംബങ്ങൾ. Content Highlight: coronavirus scare: Keralites fishermen trapped in Iran

from mathrubhumi.latestnews.rssfeed https://ift.tt/2uJUqeF
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍