കൊറോണഭീതിയിൽ മുഖാവരണവില കുതിക്കുന്നു

മുംബൈ: രാജ്യത്ത് കൂടുതൽ കൊറോണ വൈറസ് (കോവിഡ്-19) കേസുകൾ സ്ഥിരീകരിച്ചതോടെ മുഖാവരണവില കുതിച്ചുയർന്നു. 300 ശതമാനംവരെയാണ് വിലവർധന. മുമ്പ് എട്ടുമുതൽ പത്തുവരെ രൂപയ്ക്ക് ലഭിച്ചിരുന്ന മുഖാവരണത്തിനിപ്പോൾ 35മുതൽ 40വരെ രൂപയാണ് വില. ഫാർമസികളിൽ ക്ഷാമവും അനുഭവപ്പെടുന്നുണ്ട്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ എൻ-95 മുഖാവരണം ഉപയോഗിക്കണമെന്നാണ് ലോകാരോഗ്യസംഘടനയുടെ നിർദേശം. മറ്റുള്ളവർക്ക് സർജിക്കൽ മാസ്ക് മതിയാകും. ഇ-കൊമേഴ്സ് കമ്പനികളായ ആമസോണിലും ഫ്ളിപ്കാർട്ടിലും മുഖാവരണത്തിന്റെ വിലകൂട്ടിയിട്ടുണ്ട്. 100 ഡിസ്പോസബിൾ മാസ്കുകളോടുകൂടിയ പാക്കിന് ആമസോണിൽ രണ്ടായിരംരൂപയോളമാണ് വിലനൽകിയിരിക്കുന്നത്. ബ്രാൻഡുകൾക്കനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. ഡൽഹി, മുംബൈപോലുള്ള വലിയ നഗരങ്ങളിൽ മുഖാവരണലഭ്യത കുറഞ്ഞിട്ടുണ്ട്. എൻ-95 മാസ്കുകൾക്കും കൈകൾ ശുചിയാക്കുന്നതിനുപയോഗിക്കുന്ന സാനിറ്റൈസറുകൾക്കും ഇതിനൊപ്പം വിലയുയർന്നിട്ടുണ്ട്. എൻ-95 മുഖാവരണത്തിന് 75 രൂപയുണ്ടായിരുന്നത് 400 രൂപയ്ക്കടുത്തെത്തി. ഓൺലൈൻ വിപണിയിൽ ഇതിന് 600 രൂപവരെയാണ് വില. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ മുഖാവരണത്തിന് വിതരണക്കാർ വില ക്രമാതീതമായി ഉയർത്തുകയാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡൽഹിയിലും രാജസ്ഥാനിലും തെലങ്കാനയിലും കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ മുഖാവരണങ്ങളുടെയും സാനിറ്റൈസറിന്റെയും ഉപയോഗം രാജ്യത്ത് പതിന്മടങ്ങ് വർധിച്ചതായി മുഖാവരണങ്ങൾ നിർമിക്കുന്ന മാഗ്നം മെഡികെയർ ഡയറക്ടർ രാകേഷ് ഭഗത് അറിയിച്ചു. ചൈനയിൽനിന്നാണ് ഇന്ത്യയിൽ വിതരണത്തിലുള്ള മാസ്കുകളും ആഭ്യന്തര ഉത്പാദനത്തിനുള്ള അസംസ്കൃതവസ്തുക്കളും എത്തിയിരുന്നത്. ചൈനയിൽ കൊറോണ പടർന്നതോടെ ഇത്തരം വസ്തുക്കളുടെ വിതരണം നിലച്ചു. ഇത് ഇന്ത്യയിലെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഇതും വിലവർധനയ്ക്ക് കാരണമായിട്ടുണ്ട്. ശരീരത്തിൽനിന്ന് സുരക്ഷിത അകലത്തിൽ പിടിച്ച് ശരീരോഷ്മാവ് അളക്കാൻ കഴിയുന്ന ഇൻഫ്രാറെഡ് തെർമോമീറ്ററുകളുടെയും വിലയുയർന്നിട്ടുണ്ട്. 500മുതൽ 800വരെ രൂപ വിലയുണ്ടായിരുന്ന ഇവയ്ക്കിപ്പോൾ 2500മുതൽ 3000 രൂപവരെ ഈടാക്കുന്നതായാണ് റിപ്പോർട്ടുകൾ. മിക്ക ഷോപ്പുകളിലും ഇവ ലഭ്യമല്ല. Content Highlights:price gouging face masks amid coronavirus

from mathrubhumi.latestnews.rssfeed https://ift.tt/32WY3KP
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍