തൊടുപുഴ: പതിനെട്ട് ദിവസം മുമ്പ് കാണാതായ യുവാവിന്റെ മൃതദേഹം ചതുപ്പിൽ കണ്ടെത്തി. ഇദ്ദേഹത്തെ തലയ്ക്കടിച്ചുകൊന്ന് മൃതദേഹം ചതുപ്പിലിട്ട അയൽവാസി പിടിയിലായി. പതിപ്പള്ളി മേമുട്ടം ചക്കിവര ഭാഗത്ത് അറക്കപ്പടിക്കൽ ശശിധരന്റെ(42) മൃതദേഹമാണ് കണ്ടെത്തിയത്. സുഹൃത്തും അയൽവാസിയുമായ അനിൽ നിവാസിൽ അനിലിനെ (36)യാണ് കാഞ്ഞാർ പോലീസ് അറസ്റ്റ് ചെയ്തത്. അനിലിന്റെ വീട്ടിലിരുന്ന് മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇവരുടെ വീട്ടിൽനിന്നു ഒരുകിലോമീറ്റർ അകലെ ആയിരമടിയോളം താഴ്ചയുള്ള ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്ന അനിലിന്റെ ഭാര്യയ്ക്ക് കൊലപാതകത്തിൽ പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഭാര്യയുമായി അകന്നുകഴിയുന്ന ശശിധരൻ വീട്ടിൽ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ജനുവരി 15-ന് രാത്രി മുതലാണ് ഇദ്ദേഹത്തെ കാണാതാകുന്നത്. കൂലിപ്പണിക്കായി പലപ്പോഴും വീട്ടിൽനിന്ന് മാറി നിൽക്കുന്നതിനാൽ ബന്ധുക്കളും നാട്ടുകാരും ആദ്യം ഇത് കാര്യമാക്കിയില്ല. എന്നാൽ, ദിവസങ്ങൾ കഴിഞ്ഞിട്ടും ശശിധരൻ വീട്ടിലെത്തിയില്ല. മക്കൾ ഫോണിൽ വിളിച്ചിട്ടും എടുത്തില്ല. തുടർന്നാണ് ഇദ്ദേഹത്തിന്റെ അനുജൻ ബിജു കാഞ്ഞാർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുന്നത്. ജനുവരി 15-ന് രാത്രി 6.45-നാണ് കൊലപാതകം നടന്നത്. തർക്കത്തിനിടെ അനിൽ, തടിക്കഷണമുപയോഗിച്ച് ശശിധരന്റെ തലയ്ക്കടിക്കുകയായിരുന്നു. മരിച്ചെന്ന് മനസ്സിലായതോടെ മൃതദേഹം ചതുപ്പ് ഭാഗത്തേക്ക് ചുമന്നും വലിച്ചും കൊണ്ടുപോയി. തൊടുപുഴ ഡിവൈ.എസ്.പി. കെ.പി.ജോസ്, കാഞ്ഞാർ സി.ഐ. കെ.അനിൽ കുമാർ, എസ്.ഐ.മാരായ കെ.സിനോദ്, സജി പി.ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. പ്രതിയെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. മൂലമറ്റത്ത് ടാക്സി ഡ്രൈവറാണ് പ്രതി. Content Highlights:man arrested for murdering neighbour, hiding body in marsh, wetland, Thodupuzha
from mathrubhumi.latestnews.rssfeed https://ift.tt/2Oowlk5
via IFTTT
0 അഭിപ്രായങ്ങള്‍