ആദായത്തിലൂടെ വില്‍പ്പന; വിറ്റഴിക്കലിലൂടെ ലക്ഷ്യം 2.1 ലക്ഷം കോടി

മുംബൈ: അടുത്ത സാമ്പത്തികവർഷം പൊതു ആസ്തികൾ വിൽക്കുന്നതിലൂടെയും പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരിവിൽക്കുന്നതിലൂടെയും സർക്കാർ ലക്ഷ്യമിടുന്നത് 2.1 ലക്ഷം കോടി രൂപ. പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽ.ഐ.സി.യുടെ ഐ.പി.ഒ., എയർ ഇന്ത്യ, ബി.പി.സി.എൽ. വിൽപ്പന എന്നിവ ഉൾപ്പെടെയാണിത്. പൊതുമേഖലാ ആസ്തികൾ വിൽക്കുന്നതിലൂടെ 1.20 ലക്ഷം കോടി രൂപയും ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടെയും ഓഹരികൾ വിറ്റഴിക്കുന്നതിലൂടെ 90,000 കോടി രൂപയുമാണ് സർക്കാർ ലക്ഷ്യമിടുന്നത്. എൽ.ഐ.സി.യുടെ ഐ.പി.ഒ. നടത്തുമെന്നതാണ് ഇതിൽ വലിയ പ്രഖ്യാപനം. പൊതുമേഖലാ സ്ഥാപനങ്ങൾ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നത് അവയ്ക്ക് സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്ന മുഖവുരയോടെയാണ് ധനമന്ത്രി നിർമലാ സീതാരാമൻ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 47.11 ശതമാനം ഓഹരികളാണ് ഇനി ഐ.ഡി.ബി.ഐ. ബാങ്കിൽ സർക്കാരിനുള്ളത്. വിപണിവിലയനുസരിച്ച് ഇതിന്റെ വിൽപ്പനയിലൂടെ സർക്കാരിന് 18,000 കോടി രൂപയെങ്കിലും ലഭിക്കുമെന്ന് കണക്കാക്കുന്നു. ഐ.ഡി.ബി.ഐ.യുടെ 51 ശതമാനം ഓഹരികൾ എൽ.ഐ.സി.യുടെ കൈവശമാണ്. എൽ.ഐ.സി. ഓഹരികൾ വിൽക്കുന്നത് തന്ത്രപരമായ നീക്കമാണെന്ന് വിലയിരുത്തപ്പെടുന്നു. പൊതുമേഖലാ വിമാനക്കമ്പനിയായ എയർ ഇന്ത്യയുടെ വിൽപ്പന ഈ വർഷം ലക്ഷ്യമിട്ടിരുന്നതാണെങ്കിലും പൂർത്തിയാക്കാനായിട്ടില്ല. ഇത് അടുത്ത സാമ്പത്തികവർഷം നടന്നേക്കും. കൂടാതെ പൊതുമേഖലാ എണ്ണക്കമ്പനിയായ ബി.പി.സി.എല്ലും പട്ടികയിലുണ്ട്. ഇതിന്റെ രണ്ടിന്റെയും വിൽപ്പനയിലൂടെ ഒരു ലക്ഷം കോടിക്കടുത്ത് വരുമാനം ലഭിക്കുമെന്ന് സർക്കാർ പ്രതീക്ഷിക്കുന്നുണ്ട്. 2020 സാമ്പത്തികവർഷത്തെ പൊതു ആസ്തി വിൽപ്പന ലക്ഷ്യം 65,000 കോടി രൂപയായി സർക്കാർ പുതുക്കി നിശ്ചയിച്ചിട്ടുണ്ട്. രണ്ടുമാസം മാത്രം ബാക്കിനിൽക്കെ 18,094.59 കോടി രൂപ മാത്രമാണ് സർക്കാരിന് സമാഹരിക്കാനായിട്ടുള്ളത്. ഈ സാഹചര്യത്തിൽ ലക്ഷ്യം 1.05 ലക്ഷം കോടിയിൽനിന്ന് പകുതിയായി കുറയ്ക്കുകയായിരുന്നു. ഓഹരി വിൽപ്പന: നടപ്പു സാമ്പത്തികവർഷം കമ്പനി-ലഭിച്ച തുക റെയിൽ വികാസ് നിഗം ലിമിറ്റഡ് - 475.89 കോടി ഐ.ആർ.സി.ടി.സി. - 637.97 കോടി റൈറ്റ്സ് ലിമിറ്റഡ് - 730 കോടി ആസ്തി വിൽപ്പന ലക്ഷ്യവും യാഥാർഥ്യവും വർഷം - ലക്ഷ്യം - ലഭിച്ചത് 2016 -'17 - 56,500 കോടി -46,247 കോടി 2017-'18 - 1,00,000 കോടി - 1,00,056 കോടി 2018 -'19 - 80,000 കോടി - 84,972 കോടി 2019 - '20 - 1.05 ലക്ഷം കോടി - ഇതുവരെ ലഭിച്ചത് 18,094.59 കോടി

from mathrubhumi.latestnews.rssfeed https://ift.tt/2OgnLDW
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍