നഗരം വീതം വച്ച് മണ്ണുമാഫിയ സംഘങ്ങൾ

തിരുവനന്തപുരം: മൂന്നു നാല് ദിവസം മുമ്പ് നഗരാതിർത്തിയിലെ ഒരു പോലീസ് സ്റ്റേഷനിലെ എസ്.ഐ. അനധികൃതമായി മണ്ണുകടത്തിയ ടിപ്പർ ലോറി പിടിച്ചുകൊണ്ടുവന്നു. പക്ഷേ, എസ്.ഐ.യെ മണ്ടനാക്കി റൈറ്ററും മറ്റ് ചില പോലീസുകാരും ഉദ്യോഗസ്ഥരും ചേർന്ന് നിയമനടപടി ഒഴിവാക്കി സി.ഐ.യുടെ സഹായത്തോടെ വാഹനം വിട്ടുനൽകി. ഭരണകക്ഷിയിലെ ചില നേതാക്കളുടെ ഇടപെടലും ചില ഉദ്യോഗസ്ഥർക്കു വേണ്ടത് കിട്ടുകയും ചെയ്തതോടെയാണ് വാഹനം വിട്ടുകിട്ടിയതെന്നാണ് ആരോപണംം. ഇറക്കിയ വണ്ടി ഉപയോഗിച്ച് വീണ്ടും നീർച്ചാൽ പ്രദേശം നികത്തുകയും ചെയ്തു. നഗരഹൃദയത്തിലെ ഒരു പ്രധാന സ്റ്റേഷനിലും രണ്ടുദിവസം മുമ്പ് എസ്.ഐ. പോയി രണ്ട് ടിപ്പറും ഒരു മണ്ണുമാന്തിയും പിടിച്ചു. തൊട്ടുപിന്നാലെ നഗരത്തിനുപുറത്തുള്ള ഒരു മേധാവി ഇടപെട്ട് നടപടികളെല്ലാം ഒഴിവാക്കി ഇവയും വിട്ടുകൊടുത്തു. സ്ഥലത്തെ അസിസ്റ്റന്റ് കമ്മിഷണർ വഴിയായിരുന്നു ഓപ്പറേഷൻ. അടുത്ത ബന്ധുവിനെ സംരക്ഷിക്കാനായിരുന്നു ഈ ഇടപെടലെന്നാണ് ആരോപണം. ഒരുമാസം മുമ്പ് പോലീസിന്റെ ഉന്നത ഓഫീസ് പ്രവർത്തിക്കുന്നതിനു സമീപം മണ്ണിടിച്ച് കടത്തുന്നതായി വിവരം ലഭിച്ചു. രഹസ്യാന്വേഷണ വിഭാഗം വഴി ഉന്നത ഉദ്യോഗസ്ഥർ അറിഞ്ഞ് ലഭിച്ച വിവരം ആയതിനാൽ ഒതുക്കിത്തീർക്കാൻ സ്റ്റേഷനിലുള്ളവർക്കായില്ല. സ്ഥലത്തെത്തിയ എസ്.ഐ. കണ്ടത് മൂന്ന് ടിപ്പർ ലോറികളും ഒരു മണ്ണുമാന്തിയും. പക്ഷേ, രണ്ട് ടിപ്പറുകൾ എസ്.ഐ.യും സംഘവും ഒഴിവാക്കി. മണ്ണുമാന്തിയും ഒരു ടിപ്പറും മാത്രം പിടിച്ചെടുത്ത് സ്റ്റേഷനിലെത്തിച്ചു. ഒന്നരമാസം മുമ്പ് വിജിലൻസ് പോലീസ് സ്റ്റേഷനുകളിൽ പരിശോധന നടത്തി മണ്ണുകടത്തിന് ഒത്താശ ചെയ്യുന്ന ചില ഉദ്യോഗസ്ഥർക്കെതിരേ സസ്പെൻഷനും സ്ഥലംമാറ്റവും അടക്കമുള്ള നടപടിയെടുത്തിട്ടും വലിയ മാറ്റമൊന്നുമുണ്ടായില്ല. ഉന്നത ഉദ്യോഗസ്ഥർവരെ മണ്ണുമാഫിയ സംഘത്തിന് ഒത്താശ ചെയ്യുന്നുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടുകളുണ്ടായിരുന്നതാണ്. എന്നാൽ, കാട്ടാക്കടയിലെ സംഭവത്തിനു ശേഷവും പോലീസിലെ ഉന്നതർതന്നെ ഇടപെട്ട് മണ്ണുമാഫിയയെ സംരക്ഷിക്കുന്ന സംഭവങ്ങളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. നഗരത്തെ വിവിധ കേന്ദ്രങ്ങളായി തിരിച്ചാണ് മണ്ണുമാഫിയ സംഘങ്ങളുടെ പ്രവർത്തനം. ഒരു ഗുണ്ടാനേതാവാണു നഗരത്തിലെ മണ്ണുകടത്തിനു പ്രധാന നേതൃത്വം. നഗരത്തിൽ മാത്രമല്ല ഉപഗ്രഹ നഗരമായി വികസിക്കുന്ന കഴക്കൂട്ടം, പോത്തൻകോട്, മംഗലപുരം തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ഈ സംഘത്തിനാണു നിയന്ത്രണം. നഗരത്തിലെ ഓരോ സ്ഥലത്തുനിന്നും മണ്ണെടുക്കാനുള്ള ചുമതല ഒരോരുത്തർക്ക് പ്രധാന സംഘം വീതിച്ചു നൽകിയിട്ടുണ്ട്. ഇതിനായി ഇവർ പ്രത്യേക ഗുണ്ടാസംഘങ്ങളെയും കൊണ്ടുനടക്കുന്നുണ്ട്. ജഗതി, മെഡിക്കൽ കോളേജ്, കവടിയാർ, വട്ടിയൂർക്കാവ്, കരമന, അമ്പലത്തറ, തിരുവല്ലം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘങ്ങളുണ്ട്. പഴയ ഗുണ്ടകളും ഇവരുടെ സഹായികളുമൊക്കെയായിരുന്നവരാണ് ഇവരുടെ നേതാക്കൾ. ഇടിച്ചുനിരത്തുന്ന മണ്ണുകൂടുതലും പോകുന്നത് കരമന, കാലടി, തളിയിൽ, പഴയ വട്ടിയൂർക്കാവ് പഞ്ചായത്ത് പരിധി, തുടങ്ങിയ സ്ഥലങ്ങളിലെ ചതുപ്പുകളും താഴ്ന്നപ്രദേശങ്ങളും നികത്തുന്നതിനാണ്. ഈ മേഖലയിൽ വരുന്ന സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർക്കെതിരേ മണ്ണുകടത്തുമായി ബന്ധപ്പെട്ട് പലതവണ നടപടിയെടുത്തിരുന്നു. നഗരത്തിനുള്ളിൽ പട്രോളിങ് വാഹനങ്ങൾ കൂടിയത് മണ്ണ് ഇടിച്ചുകടത്തുന്നതിനു വെല്ലുവിളി ഉയർത്തുന്നുണ്ട്. അതിനാൽ നാലുചുറ്റുമുള്ള ഗ്രാമപ്രദേശങ്ങളിൽനിന്നു മണ്ണ് കൊണ്ടുവരുന്നതാണ് ഇപ്പോഴത്തെ രീതി. കാട്ടാക്കട, നെയ്യാറ്റിൻകര, പോത്തൻകോട്, നെടുമങ്ങാട് പ്രദേശങ്ങളിൽനിന്ന് ഇടറോഡുകൾ വഴിയാണ് നഗരാതിർത്തി പ്രദേശങ്ങളിലേക്കു മണ്ണ് എത്തിക്കുന്നത്. നിയമങ്ങൾ കർശനം: പിഴകുറയ്ക്കാൻ തന്ത്രങ്ങൾ മണ്ണു പിടിച്ചെടുത്താൽ പാലിക്കേണ്ട നിയമങ്ങൾ പോലീസും ജിയോളജി വകുപ്പും കർശനമായി പാലിച്ചാൽ ഈ സംഘങ്ങളെ നിയന്ത്രിക്കാം. പക്ഷേ, പിടിച്ചെടുക്കുന്ന വാഹനങ്ങൾക്കു പരമാവധി പിഴ കുറച്ചുനൽകാനാണ് മിക്കപ്പോഴും പോലീസും ജിയോളജി വകുപ്പും ശ്രമിക്കുന്നത്. ഒരു വാഹനം പിടിച്ചെടുത്താൽ കോടതി, റവന്യൂ, ജിയോളജി എന്നീ വിഭാഗങ്ങൾക്ക് പിഴ ഈടാക്കാം. ഇപ്പോൾ വാഹനം പിടിച്ചെടുത്തതിനുള്ള കുറഞ്ഞ പിഴ ഈടാക്കി വിട്ടുകൊടുക്കുകയാണ് ചെയ്യുന്നത്. കുന്നിടിച്ചതും വയൽ നികത്തിയതുമൊന്നും രേഖകളിലുണ്ടാകില്ല. കാപ്പ നിയമം ചുമത്തി മണ്ണു കടത്തുന്നവർക്കെതിരേ കേസെടുക്കാമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. പോലീസ് ഈ നിയമം ചുമത്തിയാൽ അരലക്ഷം രൂപ വരെ റവന്യൂ വിഭാഗത്തിനു പിഴ ചുമത്താം. അതുപോലെ മണ്ണ് കൊണ്ടുപോകുന്ന വാഹനം പിടിച്ചെടുത്താൽ, മണ്ണ് ഇടിച്ചുനിരത്തിയ സ്ഥലം കണ്ടെത്തി എത്ര മണ്ണ് മാറ്റിയെന്നു കണ്ടെത്തി അതിനത്രയും പിഴ ഈടാക്കണം. ഇത്തരത്തിൽ ലക്ഷങ്ങൾ പിഴ ഈടാക്കാൻ ജിയോളജി വകുപ്പിനാവും. പക്ഷേ, വാഹനം പിടിച്ചത് ജിയോളജിയെ അറിയിക്കാൻ പോലീസിനും അറിഞ്ഞാൽ തുടർ നടപടിയെടുക്കാൻ ജിയോളജി ഉദ്യോഗസ്ഥർക്കും താത്പര്യമില്ല. പിടിച്ചെടുത്ത വാഹനം കോടതിയിൽ കൊടുക്കുമ്പോൾ അനധികൃതമായി കുന്ന് ഇടിച്ചുനിരത്തിയതും വയലുകളോ തണ്ണീർത്തടങ്ങളോ നികത്തിയതോ പോലീസ് രേഖപ്പെടുത്തില്ല. ചെറിയ പിഴ ഈടാക്കി കോടതി പെട്ടെന്ന് വാഹനം വിട്ടുകൊടുക്കുകയും ചെയ്യും. എന്നാൽ, വിശദവിവരങ്ങൾ രേഖപ്പെടുത്തിയാൽ വാഹനം പെട്ടെന്ന് വിട്ടുകിട്ടില്ല. വൻ പിഴയും അടയ്ക്കേണ്ടി വരും. പല കേസുകളിലും അത് സംഭവിക്കാറില്ല. (അവസാനിച്ചു) Content Highlights:soil mining mafia Thiruvananthapuram, JCB Murder

from mathrubhumi.latestnews.rssfeed https://ift.tt/2OeBUBt
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍