കൊറോണ വൈറസ്: ചൈനയിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ഹോങ് കോങ്ങും ഫിലിപ്പീൻസും

ബെയ്ജിങ്: കൊറോണ വൈറസ് പടരുന്ന ചൈനയിൽനിന്നുള്ളവർക്ക് വിലക്കേർപ്പെടുത്തി ഹോങ് കോങ്ങും ഫിലിപ്പീൻസും. ഹോങ് കോങ് ചൈനയുമായി ബന്ധിപ്പിക്കുന്ന രണ്ട് റെയിൽവേ ലൈനുകൾ അടച്ചു. ഫെറി-ബസ് സർവീസുകളും റദ്ദാക്കി. വിമാനസർവീസുകൾ പകുതിയാക്കി. ചൈനീസ് പൗരന്മാർക്ക് വിസയനുവദിക്കില്ലെന്നും ചീഫ് എക്സിക്യുട്ടീവ് കാരി ലാം ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ചൈനീസ് പൗരന്മാർക്ക് വിസ ഓൺ അറൈവൽ സംവിധാനം റദ്ദാക്കുന്നതായി ഫിലിപ്പീൻസ് അറിയിച്ചു. ദക്ഷിണകൊറിയ, കാനഡ, ബ്രിട്ടൻ, യു.എസ്., ജപ്പാൻ, എന്നീ രാജ്യങ്ങൾ ചൈനയിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാനുള്ള നടപടികളാരംഭിച്ചു. വൈറസ് ആദ്യം കണ്ടെത്തിയ വുഹാനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെയും നയതന്ത്ര ഉദ്യോഗസ്ഥരെയും ഒഴിപ്പിക്കാൻ രാജ്യങ്ങൾ അവരവരുടെ ചാർട്ടേഡ് വിമാനങ്ങൾ ചൈനയിലേക്കയച്ചിട്ടുണ്ട്. വാണിജ്യാവശ്യങ്ങൾക്കായി ചൈനയിലേക്കുള്ള യാത്രയ്ക്ക് നിയന്ത്രണമേർപ്പെടുത്തണമെന്ന് യു.എസ്. ആരോഗ്യ അധികൃതർ പൗരന്മാർക്ക് നിർദേശം നൽകി. ഉപകരണങ്ങൾക്ക് ക്ഷാമം അതിനിടെ, വൈറസ് അതിവേഗം പടരുന്ന ചൈനയിൽ മെഡിക്കൽ ഉപകരണങ്ങൾക്കും ക്ഷാമം അനുഭവപ്പെടുന്നതായി റിപ്പോർട്ട്. ഇതുമൂലം രോഗം പടരുന്നത് കൃത്യമായി കണ്ടെത്താനാവുന്നില്ല. ആശുപത്രികളിൽ വേണ്ടത്ര മെഡിക്കൽക്കിറ്റ് ലഭ്യമല്ല. അതിനാൽ പുറത്തുവരുന്ന കണക്കുകളെക്കാൾ എത്രയോകൂടുതലാണ് തിരിച്ചറിയാതെയുള്ളതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. വൈറസ് പൊട്ടിപ്പുറപ്പെട്ട വുഹാനിൽമാത്രം അഞ്ചരക്കോടി ജനങ്ങളാണ് പുറത്തിറങ്ങാനാവാതെ ദിവസങ്ങളായി വീടുകളിൽ ഒതുങ്ങിക്കഴിയുന്നത്. ആയിരത്തിലധികംകേസുകളാണ് രാജ്യത്ത് ഓരോദിവസവും പുതുതായി റിപ്പോർട്ടുചെയ്യുന്നത്. ഇരുപതിലധികംപേർ മരിക്കുകയും ചെയ്യുന്നു. വൈറസ് ബാധ ഏൽക്കുന്നവരിൽ അധികവും യുവാക്കളാണെന്നും പ്രാദേശികമാധ്യമങ്ങൾ റിപ്പോർട്ടുചെയ്യുന്നു. വൈറസ് ബാധ തിരിച്ചറിയാനുള്ള മെഡിക്കൽ ഉപകരണങ്ങൾക്കുള്ള ആവശ്യം ദിനംപ്രതി വലിയതോതിലാണ് വർധിക്കുന്നതെന്നും അത്രയും ഉപകരണങ്ങൾ നിർമിക്കാനുള്ള ശേഷി തങ്ങൾക്കില്ലെന്നും ചൈനയിലെ മൂന്നുപ്രധാന കമ്പനികളെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. ഉപകരണങ്ങളുടെ അഭാവം അധികൃതരെ വലിയതോതിൽ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പെട്ടെന്നുള്ള വൈറസ് ബാധ ചൈനയുടെ ആരോഗ്യമേഖലയെ സാരമായാണ് ബാധിച്ചിട്ടുള്ളത്. പ്രധാന നഗരങ്ങളായ ബെയ്ജിങ്ങിലും ഷാങ്ഹായിയിലുമെല്ലാം ആശുപത്രികളിൽ രോഗികൾ നിറഞ്ഞിരിക്കയാണ്. ഡോക്ടറെ കാണാനുള്ള നിര ഓരോ ദിവസവും പുലർച്ചെവരെ നീളുകയാണ്. ജൈവായുധപരീക്ഷണമോ? അതിനിടെ ചൈനയുടെ ജൈവായുധ പരീക്ഷണത്തിനിടെ ചോർന്ന വൈറസാണ് പടരുന്നതെന്നും റിപ്പോർട്ട്. അത്തരമൊരു സാധ്യത തള്ളിക്കളയാനാവില്ലെന്ന് ജൈവായുധ യുദ്ധവിദഗ്ധനും ഇസ്രയേൽ സൈനിക ഇന്റലിജൻസ് മുൻ ഓഫീസറുമായ ഡാനി ഷോഹാമാണ് ചൂണ്ടിക്കാട്ടിയത്. 'വാഷിങ്ടൺ ടൈംസാ'ണ് ഷോഹാമിന്റെ പ്രതികരണം പുറത്തുവിട്ടത്. വുഹാനിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി അതിനൂതനമാണ്. കൊറോണപോലുള്ള മാരകമായ വൈറസുകളുമായി ഇടപെടാൻ പ്രാപ്തിയുള്ള രാജ്യത്തെ ഏക പ്രഖ്യാപിത ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ടും ലബോറട്ടറിയുമാണിത്. ജൈവായുധ ഗവേഷണങ്ങളുടെയും വികസനത്തിന്റെയും ഭാഗമായി പല പരീക്ഷണങ്ങളും ചൈന ഇവിടെ നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ചൈനയുടെ ജൈവായുധ പരീക്ഷണങ്ങളുടെ ഭാഗമാണോ പുതിയ വൈറസ് ബാധയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഗവേഷണത്തിനിടെ വൈറസ് പുറത്തേക്ക് പടർന്നതാകാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നും ഷോഹാം പറയുന്നു. എന്നാൽ, ഏറെ ചർച്ചയായ റിപ്പോർട്ടിനോട് ചൈന ഇതുവരെ പ്രതികരിച്ചിട്ടില്ല. കൊറോണ ആദ്യം സ്ഥിരീകരിച്ചയാൾക്ക് നേരത്തേപറഞ്ഞ മാർക്കറ്റിൽനിന്നല്ല ബാധയേറ്റതെന്നൊരു പഠനം ബ്രിട്ടീഷ് മെഡിക്കൽ ജേണലും നേരത്തേ പ്രസിദ്ധീകരിച്ചിരുന്നു. പിന്തുണയുമായി പ്രധാനമന്ത്രി ദിവസങ്ങളായി വൈറസ് ബാധ നിയന്ത്രിക്കാനാവാത്തതിൽ ചൈനയിൽ ജനരോഷവും ഉയരുന്നു. അധികൃതരുടെ അനാസ്ഥയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഇതേത്തുടർന്ന് വൈറസിന്റെ പ്രധാനകേന്ദ്രമായ വുഹാനിൽ ചൈനീസ് പ്രധാനമന്ത്രി ലി കെഖിയാങ് സന്ദർശനം നടത്തി. ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും കണ്ട് എല്ലാ പിന്തുണയും വാഗ്ദാനവും ചെയ്തു. എന്തുവിലകൊടുത്തും നമ്മൾ പ്രതിസന്ധി അതിജീവിക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി. എന്നാൽ, ജനങ്ങളുടെ രോഷം അണയ്ക്കാൻ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് വിലയിരുത്തൽ. Coontent Highlights:Corona virus China

from mathrubhumi.latestnews.rssfeed https://ift.tt/36wS27L
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍