ബെംഗളൂരു: ബെലഗാവി അതിർത്തി തർക്ക വിഷയത്തിൽ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറയെ വിമർശിച്ചും നിലപാട് വ്യക്തമാക്കിയും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. മഹാരാഷ്ട്രയ്ക്ക് ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ താൽപര്യം മുൻനിർത്തിയാണ് ഉദ്ധവ് താക്കറെ വിഷയം കുത്തിപ്പൊക്കുന്നതെന്നും യെദിയൂരപ്പ ആരോപിച്ചു. മഹാരാഷ്ട്ര-കർണാടക അതിർത്തിയിലുള്ള ജില്ലയാണ് ബെലഗാവി. നിലവിൽ ഭാഷാ അടിസ്ഥാനത്തിൽ കർണാടകയുടെ ഭാഗമാണ് ഈ ജില്ല. എന്നാൽ ബോംബെ പ്രസിഡൻസിയുടെ ഭാഗമാണ് ബെലഗാവിയെന്നാണ് മഹാരാഷ്ട്രയുടെ അവകാശവാദം. ബെലഗാവിയെ ചൊല്ലിയുള്ള തർക്കങ്ങൾക്കു പിന്നാലെ മഹാരാഷ്ട്രയിലെ കോലാപുറിൽനിന്ന് കർണാടകയിലേക്കുള്ള ബസ് സർവീസ് കഴിഞ്ഞ ഞായറാഴ്ച മുതൽ നിർത്തിവെച്ചിരുന്നു. ബെലഗാവിയിൽനിന്ന് കോലാപുറിലേക്കും മഹാരാരാഷ്ട്രയിലെ മറ്റിടങ്ങളിലേക്കുമുള്ള ബസ് സർവീസുകൾ നോർത്ത് വെസ്റ്റ് കർണാകട റോഡ് ട്രാൻസ്പോർട്ട് കോർപറേഷനും താത്കാലികമായി ഞായറാഴ്ചയോടെ നിർത്തിയിരുന്നു. ഏതൊക്കെ സ്ഥലങ്ങൾ കർണാടകയ്ക്ക് ഏതൊക്കെ സ്ഥലങ്ങൾ മഹാരാഷ്ട്രയ്ക്ക് എന്നീ കാര്യങ്ങൾ മഹാജൻ റിപ്പോർട്ടിൽ(ബെലഗാവി അതിർത്തി തർക്കം പരിഹരിക്കാൻ 1966ൽ രൂപവത്കരിക്കപ്പെട്ട കമ്മീഷനാണ് മഹാജൻ കമ്മീഷൻ. ബെലഗാവിയിലെ വിവിധ ഗ്രാമങ്ങൾ പരസ്പരം കൈമാറാൻ ഇരുസംസ്ഥാനങ്ങളോടും ആവശ്യപ്പെട്ട കമ്മീഷൻ, ബെലഗാവി നഗരത്തിനു മേലുള്ള മഹാരാഷ്ട്രയുടെ അവകാശവാദത്തെ അംഗീകരിച്ചിരുന്നില്ല. അതേസമയം മഹാജൻ കമ്മറ്റി റിപ്പോർട്ട് അന്തിമമല്ലെന്നാണ് മഹാരാഷ്ട്രയുടെ നിലപാട്)തീരുമാനിക്കപ്പെട്ടിട്ടുണ്ട്. രാഷ്ട്രീയ താൽപര്യത്തിനു വേണ്ടി ആശയക്കുഴപ്പമുണ്ടാക്കാൻ ഉദ്ധവ് താക്കറെ ശ്രമിക്കുകയാണ്. അതിനെ ഞാൻ അപലപിക്കുന്നു. ഒരിഞ്ചു സ്ഥലം പോലും വിട്ടുകൊടുക്കുമോയെന്ന ചോദ്യമേ ഉയരുന്നില്ല-യെദിയൂരപ്പ മാധ്യമപ്രവർത്തകരോടു പറഞ്ഞു. ജനങ്ങളോട് സമാധാനവും സാഹോദര്യവും പുലർത്തണമെന്ന് അഭ്യർഥിക്കുകയാണ്. കർണാടകയുടെ ഒരിഞ്ച് സ്ഥലം പോലും വിട്ടുകൊടുക്കുമോയെന്ന ചോദ്യം ഉയരുന്നില്ല. ആരോ ഒരാൾ ഒരു പ്രസ്താവന നടത്തിയതു കൊണ്ട് ആശയക്കുഴപ്പം സൃഷ്ടിക്കേണ്ട ആവശ്യമില്ല. സമാധാനം നിലനിർത്തണമെന്ന് ജനങ്ങളോട് അഭ്യർഥിക്കുന്നു- യെദിയൂരപ്പ കൂട്ടിച്ചേർത്തു. കർണാടകയുമായുള്ള അതിർത്തിവിഷയം സംബന്ധിച്ച കേസിലെ സർക്കാരിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ മന്ത്രിമാരായ ഛഗൻ ഭുജ്ബാലിനെയും ഏക്നാഥ് ഷിൻഡെയെയും കോ ഓർഡിനേറ്റർമാരായി ഉദ്ധവ് താക്കറെ ചുമതലപ്പെടുത്തിയിരുന്നു. content highlights:yediyurappa on belagavi issue
from mathrubhumi.latestnews.rssfeed https://ift.tt/2SFtaYa
via IFTTT
0 അഭിപ്രായങ്ങള്‍