ന്യൂഡൽഹി: വിമർശങ്ങളെ ഗൗരവത്തോടെ കാണുന്ന കേന്ദ്ര സർക്കാരാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ളതെന്ന് ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച വിമർശം ഉന്നയിച്ച പ്രമുഖ വ്യവസായിക്ക് ആഭ്യന്തരമന്ത്രി അമിത് ഷാ നൽകിയ മറുപടി ഇക്കാര്യം വ്യക്തമാക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്റിൽ ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങളും വിമർശങ്ങളും ഗൗരവത്തോടെ കേൾക്കുകയും മറുപടി നൽകുകയുംചെയ്യാറുണ്ടെന്ന് അവർ ലോക്സഭയിൽ അവകാശപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷമുള്ള ഏറ്റവും മോശം ധനമന്ത്രിയെന്ന് തന്നെ വിമർശിക്കുന്നവർക്കെതിരെയും ധനമന്ത്രി ആഞ്ഞടിച്ചു. താൻ കാലാവധി പൂർത്തിയാക്കുന്നതുവരെ പോലും കാത്തിരിക്കാതെയാണ് ഇത്തരം വിമർശം ഉന്നയിക്കുന്നത്. കൂടുതൽ ആശയങ്ങൾ തരൂ എന്നാണ് വിമർശകരോട് പറയാനുള്ളത്. ഞങ്ങൾ അതെല്ലാം ഗൗരവമായി എടുക്കും. വിമർശങ്ങളെ ഗൗരവമായി കാണുന്ന ഒരു സർക്കാരുണ്ടെങ്കിൽ അത് മോദി സർക്കാർ മാത്രമാണ്. തന്നെ ദുർബലയെന്ന് (നിർബല) വിശേഷിപ്പിച്ച കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയേയും ധനമന്ത്രി വിമർശിച്ചു. തനിക്കെതിരെ വിമർശം ഉന്നയിക്കുന്നവർ ചോദ്യങ്ങൾ ചോദിച്ചശേഷം ഉത്തരം പറയുന്നതിനുമുമ്പ് സഭയിൽനിന്ന് മുങ്ങുകയാണ്. മോദി സർക്കാർ സ്യൂട്ടും ബൂട്ടും ധരിക്കുന്നവരുടെ സർക്കാരാണെന്ന വിമർശം അടിസ്ഥാന രഹിതമാണ്. ഉജ്ജ്വല യോജന, ആയുഷ്മാൻ യോജന, പി.എം കിസാൻ സമ്മാൻ നിധി എന്നിവയുടെ പ്രയോജനം ലഭിക്കുന്നവർ സ്യൂട്ടും ബൂട്ടും ധരിക്കുന്നവരല്ല. പ്രധാനമന്ത്രി മോദിയുടെ സ്വച്ഛ് ഭാരത് അഭിയാനിൽ ഉൾപ്പെടുത്തി 11 കോടി ശൗചാലയങ്ങൾ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ രാജ്യത്തുടനീളം നിർമ്മിച്ചു. പദ്ധതിയുടെ പ്രയോജനം ലഭിച്ചത് ഞങ്ങളുടെ സഹോദരീ ഭർത്താക്കന്മാർക്കല്ല. സഹോദരീ ഭർത്താക്കന്മാർക്ക് ഗുണമുണ്ടാക്കാൻവേണ്ടി പ്രവർത്തിക്കുന്ന പാർട്ടിയല്ല ബിജെപിയെന്നും കോൺഗ്രസിനെതിരെ പരോക്ഷ വിമർശമുന്നയിച്ചുകൊണ്ട് ധനമന്ത്രി പറഞ്ഞു. Content Highlights:Been told i am the worst Finance Minister; Modi government is open to criticism - Nirmala Sitaraman
from mathrubhumi.latestnews.rssfeed https://ift.tt/35QovG4
via IFTTT
0 അഭിപ്രായങ്ങള്‍