കണ്ണൂർ: കർണാടക മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നേരേ കണ്ണൂർ പഴയങ്ങാടിയിൽ എസ്എഫ്ഐ കെഎസ്യു യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. യെദ്യൂരപ്പയുടെ വാഹനം തടഞ്ഞ് നിർത്തി പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. കണ്ണൂർ വിമാനത്താവളത്തിൽനിന്ന് മാടായി ക്ഷേത്രത്തിലേക്കുള്ള യാത്രമധ്യേയാണ് യെദ്യൂരപ്പയ്ക്ക് നേരേ പ്രതിഷേധമുണ്ടായത്. ആദ്യം വാഹനവ്യൂഹത്തിന് മുന്നിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചാടിവീണു. തുടർന്ന് വാഹനവ്യൂഹം മറ്റൊരു ദിശയിലേക്ക് നീങ്ങി. ഇതിനിടെ എസ്എഫ്ഐ പ്രവർത്തകരും കർണാടക മുഖ്യമന്ത്രിയുടെ വാഹനത്തിന്റെ അടുത്തെത്തി കരിങ്കൊടി കാണിച്ചു. മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന വാഹനത്തിൽ കൊടി കെട്ടിയ വടി കൊണ്ട് ശക്തമായി അടിക്കുകയും ചെയ്തു. ഏറെ പണിപ്പെട്ടാണ് പോലീസ് സംഘം പ്രതിഷേധക്കാരെ റോഡിൽനിന്ന് നീക്കിയത്. സംഭവത്തെ തുടർന്ന് കർണാടക മുഖ്യമന്ത്രി പത്തുമിനിറ്റോളം റോഡിൽ കുടുങ്ങികിടന്നു. പിന്നീട് കണ്ണൂർ നഗരത്തിലും യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിന് നേരേ കരിങ്കൊടി പ്രതിഷേധമുണ്ടായി. കണ്ണൂരിൽ കർണ്ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ വാഹനവ്യൂഹത്തിനു നേരെ കരിങ്കൊടി കാണിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ. ഫോട്ടോ: സി.സുനിൽകുമാർ കഴിഞ്ഞദിവസവും ചൊവ്വാഴ്ച രാവിലെയും തിരുവനന്തപുരത്തും കർണാടക മുഖ്യമന്ത്രിക്ക് നേരേ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. ഈ സാഹചര്യത്തിൽ കണ്ണൂരിൽ പോലീസ് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നാണ് ബിജെപി നേതാക്കളുടെ ആക്ഷേപം. യെദ്യൂരപ്പയുടെ വാഹനവ്യൂഹം കടന്നുപോകുന്ന സമയത്ത് വളരെ കുറച്ച് പോലീസുകാർ മാത്രമേ പഴയങ്ങാടിയിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം, തനിക്ക് നേരേയുണ്ടായ കരിങ്കൊടി പ്രതിഷേധം കേരളത്തിന് അപമാനകരമാണെന്ന് ബി.എസ്. യെദ്യൂരപ്പ പ്രതികരിച്ചു. ആസൂത്രിതമായ പ്രതിഷേധങ്ങളാണ് കേരളത്തിലുണ്ടായതെന്നും വ്യക്തിപരമായ ആവശ്യങ്ങൾക്കെത്തിയപ്പോൾ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്നും അദ്ദേഹം പറഞ്ഞു. കർണാടക മുഖ്യമന്ത്രിക്ക് നേരേ നടന്ന ആക്രമണം ആസൂത്രിതമാണെന്ന് ബിജെപി നേതാവ് പി.കെ. കൃഷ്ണദാസും പറഞ്ഞു. എസ്എഫ്ഐ കെഎസ്യു പ്രവർത്തകർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയാണ് നടപ്പാക്കിയതെന്നും അദ്ദേഹം ആരോപിച്ചു. Content Highlights:black flag protest against karnataka chief minister bs yedyurappa in kannur by sfi congress workers
from mathrubhumi.latestnews.rssfeed https://ift.tt/35X4RIY
via IFTTT
0 അഭിപ്രായങ്ങള്‍