ബിഹാറിൽ പൗരത്വപ്പട്ടിക നടപ്പാക്കില്ല -നിതീഷ് കുമാർ

പട്ന: ബിഹാറിൽ ദേശീയ പൗരത്വപ്പട്ടിക (എൻ.ആർ.സി.) നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാർ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച നടത്തിയ പ്രഖ്യാപനത്തിലൂടെ പട്ടികയെ തള്ളിപ്പറഞ്ഞതോടെ എൻ.ഡി.എ. സഖ്യകക്ഷിയിൽനിന്ന് എൻ.ആർ.സി.ക്കെതിരേ രംഗത്തെത്തുന്ന ആദ്യ മുഖ്യമന്ത്രിയായി നിതീഷ്. ബിഹാറിൽ എൻ.ആർ.സി. നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന്, “പൗരത്വപ്പട്ടികയോ എന്തിന്? അത് നടപ്പാക്കാനേ പോകുന്നി”ല്ലെന്നായിരുന്നു ജെ.ഡി.യു. നേതാവായ നിതീഷിന്റെ പ്രതികരണം. എൻ.ഡി.എ.യിലെ മറ്റൊരു കക്ഷിയായ ലോക് ജൻശക്തി പാർട്ടിയും(എൽ.ജെ.പി.) പൗരത്വപ്പട്ടികയോടുള്ള വിയോജിപ്പറിയിച്ചിട്ടുണ്ട്. പൗരത്വനിയമത്തെ പൗരത്വപ്പട്ടികയുമായി ബന്ധിപ്പിച്ച് രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ നടക്കുകയാണെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിൽ കേന്ദ്ര സർക്കാർ പരാജയപ്പെട്ടെന്നുമാണ് എൽ.ജെ.പി. നേതാവ് ചിരാഗ് പാസ്വാൻ പ്രതികരിച്ചത്. പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ഒഡിഷ മുഖ്യമന്ത്രി നവീൻ പട്നായിക്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി എന്നിവരും കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും നേരത്തേ പൗരത്വപ്പട്ടികയെ തള്ളിക്കളഞ്ഞിരുന്നു. പൗരത്വ നിയമത്തെ ഭരണഘടനാ വിരുദ്ധമെന്ന് വിളിച്ച പശ്ചിമബംഗാൾ, പഞ്ചാബ്, കേരളം, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങൾ നിയമം നടപ്പാക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനങ്ങൾക്ക് നിയമം നടപ്പാക്കാതിരിക്കാനുള്ള അധികാരമില്ലെന്നും ഭരണഘടനയുടെ ഏഴാം അനുബന്ധത്തിലെ യൂണിയൻ ലിസ്റ്റിനുകീഴിൽ വരുന്നതാണ് പൗരത്വമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. Content Highlights:No citizenship list to be implemented in Bihar - Nitish Kumar

from mathrubhumi.latestnews.rssfeed https://ift.tt/2riyBRG
via IFTTT

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

0 അഭിപ്രായങ്ങള്‍